ചെറുപ്പമാകാൻ നോക്കി മരണം ഇരന്നുവാങ്ങരുത്; സൗന്ദര്യ വർധക വസ്തുക്കൾ എങ്ങനെ ഉപയോഗിക്കണം?

ആന്റി-ഏജിംഗ് മരുന്നുകൾക്ക് നിരവധി പാർശ്വഫലങ്ങളാണുള്ളത്.

dot image

നടിയും മോഡലുമായ ഷെഫാലി ജരിവാലയുടെ അപ്രതീക്ഷിത വിയോഗം ഏറെ ഞെട്ടലോടെയാണ് ലോകം കേട്ടത്. മരണത്തിന്‍റെ പ്രധാനകാരണം യുവത്വം നിലനിർത്താനുള്ള ചികിത്സയുടെ ഭാഗമായി ഉപയോഗിച്ച മരുന്നിന്‍റെ പാര്‍ശ്വഫലമെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക മെഡിക്കൽ റിപ്പോർട്ടുകൾ വരാനുണ്ടെങ്കിലും ആന്റി-ഏജിംഗ് മരുന്നുകളുടെ പാർശ്വഫലങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ നിറയുകയാണ്.

ആന്റി-ഏജിംഗ് മരുന്നുകൾക്ക് നിരവധി പാർശ്വഫലങ്ങളാണുള്ളത്. ഹൃദയാഘാതമടക്കം ഗുരുതരമായ അപകടങ്ങള്‍ക്ക് ഇത് കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.

ചുളിവുകൾ, മുടി നര, തുടങ്ങി വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ ബോട്ടുലിനം ടോക്സിൻ പോലുള്ള ആന്റി-ഏജിംഗ് കുത്തിവയ്പ്പുകളും ഡെർമൽ ഫില്ലറുകളുമാണ് ഉപയോഗിക്കുന്നത്. ശസ്ത്രക്രിയ ആവശ്യമില്ലാത്ത സുരക്ഷിതവും ഫലപ്രദവുമായ മാർഗമെന്നാണ് ഇവ പരക്കെ പറയപ്പെടാറുള്ളത്.

എന്നാൽ ഇവ ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് മെഡിക്കൽ ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു. വാർദ്ധക്യം തടയുന്നതിന് ഉപയോഗിക്കുന്ന പെപ്റ്റൈഡ് കുത്തിവയ്പ്പുകൾ ഹൃദയപ്രശ്നങ്ങൾക്കും ബിപി കൂട്ടുന്നതിനും കാരണമാകുന്നതായി 2021-ൽ ജേണൽ ഓഫ് ക്ലിനിക്കൽ എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നുണ്ട്.

അതേ സമയം ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും സൗന്ദര്യവർദ്ധക ചികിത്സയ്ക്ക് ഇതുവരെ കൃത്യമായ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. അപകടമുണ്ടാകുന്ന പല കേസുകളിലും ചികിത്സാ പിഴവുകളാണ് കാരണമെന്ന് വ്യക്തമാവുന്നുണ്ട്.

ശരിയായ മെഡിക്കൽ പരിശീലനം ലഭിക്കാത്തവർ ചെയ്യുന്ന ട്രീറ്റ്മെന്റിൽ ഡോസേജിന്റെ അമിത വർദ്ധനവ് ഉണ്ടാകുന്നു. ബോഡി ബിൽഡിങ് രംഗത്ത് ഉണ്ടാകുന്ന പെട്ടെന്നുള്ള മരണങ്ങളും ഇതിലേക്ക് വിരല്‍ ചൂണ്ടുന്നു. സ്വയം ചികിത്സകള്‍ വരുത്തിവെക്കുന്ന വിനകളുമുണ്ട് ഈ രംഗത്ത്.

അതേ സമയം ശരിയായി ചെയ്താലും ഈ കുത്തിവയ്പ്പുകൾ താൽക്കാലിക ഫലങ്ങൾ മാത്രമേ നൽകുന്നുള്ളൂ എന്നാണ് പഠനങ്ങള്‍ പറയുന്നത്. കാലക്രമേണ, ശരീരം മുമ്പത്തെപ്പോലെ കുത്തിവയ്പ്പുകളോട് പ്രതികരിക്കാതായേക്കാം.

അതുകൊണ്ട് തന്നെ സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിക്കുമ്പോഴും ആന്റി-ഏജിംഗ് കുത്തിവയ്പ്പുകൾ എടുക്കുമ്പോഴും ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്. പരിശീലനം ലഭിച്ചവര്‍ , ഈ രംഗത്ത് വൈദഗ്ധ്യം ഉള്ളവര്‍ എന്നിവരില്‍ നിന്ന് മാത്രം ചികിത്സ തേടുക. മറ്റ് രോഗങ്ങൾ ഉണ്ടാകുമ്പോഴോ മരുന്നുകൾ ഉപയോഗിക്കുമ്പോഴോ ഇതുമായി ബന്ധപ്പെട്ട കുത്തി വെയ്പ്പുകൾ എടുക്കാതിരിക്കുക. സൗന്ദര്യ വർധക വസ്തുക്കളുടെ പാര്‍ശ്വഫലങ്ങളെ കരുതിയിരിക്കുക.

Content Highlights: How should you use beauty products and anti-aging medications?

dot image
To advertise here,contact us
dot image