
ആരോഗ്യകരമായ ജീവിതം നയിക്കുക എന്നത് എല്ലാ മനുഷ്യരും ആഗ്രഹിക്കുന്ന കാര്യമാണ്. സമൂഹത്തിലെ പല ആളുകളും നിലവിൽ എന്തെങ്കിലും അസുഖങ്ങൾ മൂലം ദുരിതം അനുഭവിക്കുന്നവരാണ്. ജീവിതശൈലി രോഗങ്ങളാണ് പലരെയും അലട്ടുന്ന പ്രധാന പ്രശ്നം. പ്രമേഹം മനുഷ്യന് വലിയ വില്ലനാണ്. രക്തത്തിലെ പഞ്ചസാരയിലെ അളവിന്റെ വർധനവ് പക്ഷാഘാതത്തിനും, ഹൃദയം, വൃക്ക, കരൾ രോഗങ്ങൾക്കും കാരണമാകുന്നു. പ്രമേഹത്തിന്റെ പിടിയിൽപ്പെട്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ. എങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ചില മാർഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ഭക്ഷണ ശേഷം 10 മുതൽ 15 മിനിട്ട് വരെ നടക്കുക. ഭക്ഷണത്തിന് ശേഷമുള്ള നടത്തം പേശികളിലെ കോശങ്ങളെ ഊർജത്തിനായി ഗ്ലൂക്കോസ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നു. ഈ പ്രേരണ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ബാഡ്മിന്റൺ, പാഡൽ പോലുള്ള കളികളിൽ ഏർപ്പെടുന്നതും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
ധാരാളം വെള്ളം കുടിക്കുക. നിർജ്ജലീകരണം സംഭവിക്കുന്നത് ഗ്ലൂക്കോസിന്റെ സാന്ദ്രത വർധിപ്പിക്കുന്നു. സാധാരണയിലും ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്നു. വെള്ളം കൂടുതൽ കുടിക്കുമ്പോൾ പഞ്ചസാരയെ മൂത്രത്തിലൂടെ പുറന്തള്ളാൻ സാധിക്കുന്നു, കൂടാതെ ഇത് വൃക്കകളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു.
മാനസിക സമ്മർദ്ദം കൂടുന്നത് ശരീരത്തിൽ കോർട്ടിസോളിന്റെ അളവ് വർധിക്കാൻ കാരണമാകുന്നു. കോർട്ടിസോളിന്റെ അളവ് വർധിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാൻ കാരണമാകുന്നു. സമ്മർദം കുറയ്ക്കുന്നതിനും, ശരീരത്തെ ശാന്തമാക്കുന്നതിനും ദീർഘശ്വാസങ്ങളെടുക്കുകയും, മെഡിറ്റേഷൻ ചെയ്യുകയും ചെയ്യുന്നത് ഗുണം ചെയ്യും.
മുകളിൽ പറയുന്ന കാര്യങ്ങൾ ചെയ്യുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒരു പരിധി വരെ കുറയ്ക്കാമെന്നത് ശരിയാണ്. എന്നാൽ പൂർണമായ ശമനത്തിന് സമീകൃതാഹാരം, വ്യായാമം, പരിശോധനകൾ, ചികിത്സ എന്നിവ അത്യാവശ്യമാണ്. ചികിത്സ കൂടാതെ മേൽപ്പറഞ്ഞ കാര്യങ്ങൾ ഉപയോഗിച്ച് പ്രമേഹം പൂർണമായും ഒഴിവാക്കാമെന്ന് കരുതരുത്. എന്നാൽ ചികിത്സയോടൊപ്പം ഇത്തരം കാര്യങ്ങളും ശ്രദ്ധിക്കുന്നത് അസുഖത്തെ നിയന്ത്രിക്കാൻ കൂടുതൽ സഹായകമാകുന്നു.
Content Highlight; Effective Ways to Lower Blood Sugar Levels Naturally