
ദുൽഖർ സൽമാന്റെ പുതിയ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. പുതുതായി പോസ്റ്റ് ചെയ്ത ഫോട്ടോയിൽ 10 വയസ് കുറഞ്ഞത് പോലെ തോന്നിക്കുന്നു എന്ന തരത്തിലുള്ള കമന്റുകളാണ് കൂടുതലും. ദുൽഖറിന്റെ പോസ്റ്റ് വൈറലായതോടെ ഇത്രയും പ്രായക്കുറവ് തോന്നിക്കുന്ന രീതിയിലേക്ക് മാറാൻ എന്താണ് ചെയ്തത് എന്ന് അന്വേഷിക്കുകയാണ് ആരാധകർ. അതിന് ഉത്തരമൊന്നും ദുല്ഖര് നല്കിയിട്ടില്ലെങ്കിലും
സമീകൃത ആഹാരവും, വ്യായാമവുമായിരിക്കാം കാരണമെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
'പ്രായം വെറും നമ്പറല്ലെ, ഞാനൊക്കെ ഇപ്പോഴും മധുര പതിനേഴാ' പ്രായത്തെക്കുറിച്ച് സംസാരിക്കുമ്പോൾ മലയാളികൾ എപ്പോഴും എടുത്തിടുന്ന വാചകമാണ് ഇത്. ചെറുപ്പത്തിന്റെ ഊർജവും ചുറുചുറുക്കുമൊക്കെ എല്ലാവരും ഇഷ്ടപ്പെടുന്ന കാര്യമാണ്. ചില സെലിബ്രിറ്റികൾക്കൊക്കെ എത്ര പ്രായമായലും ഒരു പരിധി വരെ ചെറുപ്പക്കാരെ പോലെ തന്നെ കാണപ്പെടുന്നില്ലേ. അവരെ കാണുമ്പോൾ നമുക്കും ശരീരം ഒന്ന് ചെറുപ്പമാക്കാൻ തോന്നും അല്ലെ. എങ്കിൽ ചെറുപ്പം നിലനിർത്തുന്നതിന് കഴിക്കാവുന്ന ചില ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
മനസിന് ഇപ്പോഴും ചെറുപ്പമാണ് പക്ഷെ ശരീരം സമ്മതിക്കാത്തതാണോ നിങ്ങളുടെ പ്രശ്നം, അതിന് പരിഹാരമുണ്ട്. കൃത്യമായ വ്യായാമവും, സമീകൃത ആഹാരശീലവും തുടരുന്നതിലൂടെ ശരീരത്തിന് പ്രായമാകുന്നത് ഒരുപരിധി വരെ തടയാൻ കഴിയും. ഭക്ഷണം വാർധക്യത്തിന്റെ ലക്ഷണങ്ങളെ തടയുന്നതെങ്ങനെ എന്നതിൽ നിരവധി ഗവേഷണങ്ങൾ ഉണ്ടായിട്ടുണ്ട്. ശരീരത്തിനും, മനസിനും ജൈവശാസ്ത്രപരമായി സംഭവിക്കുന്ന ഒരു പ്രധാന മാറ്റമാണ് വാർധക്യം. ചർമത്തിലുണ്ടാകുന്ന ചുളുക്കുകൾ മുതൽ മുടിയിലെ നര വരെ ഇതിൽ ഉൾപ്പെടുന്നു.
എപ്പിജെനിറ്റിക് ഏജിങ്
വാർധക്യ കാലത്ത് ഡിഎൻഎയുടെ അടിസ്ഥാന ശ്രേണിയിൽ മാറ്റം വരുത്താതെ ജീൻ എക്സ്പ്രഷനിലെ മാറ്റമാണ് എപ്പിജെനിറ്റിക് ഏജിങ് എന്ന് അറിയപ്പെടുന്നത്. ഇത് പ്രായമാകുമ്പോൾ നമ്മുടെ ജീനുകളിൽ പല മാറ്റങ്ങളും കൊണ്ട് വരുന്നു, ഓരോ വ്യക്തിക്കും വ്യത്യസ്ത രീതിയിലായിരിക്കും ജീൻ എക്സ്പ്രഷൻ. ഇത് വാർധക്യത്തിൽ മനുഷ്യർക്ക് കൂടുതൽ രോഗങ്ങളുണ്ടാകാൻ കാരണമാകുന്നു.
മീഥൈൽ അഡാപ്റ്റോജനുകൾ എന്നറിയപ്പെടുന്ന സംയുക്തം അടങ്ങിയ ചില സസ്യാഹാരങ്ങൾ പ്രായം കുറയാൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. 50നും 72 വയസിനും ഇടയിലുള്ള ആരോഗ്യമുള്ള പുരുഷന്മാരിൽ നടത്തിയ പഠനത്തിൽ ചല ഭക്ഷണങ്ങൾ പ്രായം കുറയ്ക്കാൻ സഹായിക്കുമെന്ന് കണ്ടെത്തി. സസ്യാഹാരത്തിലെ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ മാത്രം ഉൾപ്പെടുത്തിയായിരുന്നു എട്ട് ആഴ്ച്ച നീണ്ട് നിന്ന പരീക്ഷണം നടത്തിയത്. പരീക്ഷണത്തിന് വിധേയരായ ആളുകൾക്ക് വ്യായാമം, ഉറക്കം, സമ്മർദം എന്നിവയെ ആരോഗ്യകരമായി ക്രമീകരിക്കാനും നിർദേശമുണ്ടായിരുന്നു.
ഗ്രീൻ ടി, ഓലേങ് ടീ, മഞ്ഞൾ, റോസ്മേരി, വെളുത്തുള്ളി തുടങ്ങിയവയിൽ ധാരാളം മീഥൈൽ അഡാപ്റ്റോജൻ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പരീക്ഷണത്തിൽ ആളുകൾക്ക് ഇത്തരം ഭക്ഷണങ്ങൾ കൂടുതലായി നൽകിയിരുന്നു. ഈ പരീക്ഷണം വിജയമായിരുന്നു എന്നും പ്രായം കുറയ്ക്കുന്നതിനായി മീഥൈൽ അഡാപ്റ്റോജൻ ധാരാളം അടങ്ങുന്ന ഭക്ഷണം മെനുവിൽ ഉൾപ്പെടുത്താനും വിദഗ്ധർ അഭിപ്രായപ്പെട്ടു.
Content Highlight; Foods That Slow Down the Ageing Process