
കൃത്യമായി ഉറങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്തൊക്കെ പ്രശ്‌നങ്ങളാണല്ലേ…ക്ഷീണം, തലവേദന, പലവിധ അസ്വസ്ഥതകള്‍ അല്ലേ. പക്ഷേ ഇന്ന് കുട്ടികളുള്‍പ്പടെ പലരും ശരിയായി ഉറങ്ങുന്നില്ല എന്നതാണ് വാസ്തവം. രാത്രിയില്‍ മൊബൈലില്‍ സമയം ചിലവഴിച്ചും ജോലിത്തിരക്കുകള്‍ മൂലവും ഒക്കെ ഉറക്കത്തില്‍ കോംപ്രമൈസ് ചെയ്യുന്നവരായി മാറിക്കഴിഞ്ഞു പലരും. പക്ഷേ നമുക്ക് എല്ലാവര്‍ക്കും അറിയാം ഉറക്കക്കുറവ് ഹൃദയത്തിന് എത്രത്തോളം ദോഷകരമാണെന്ന്. എന്നാലും ബാക്കി എല്ലാത്തിനും പ്രാധാന്യം കൊടുത്ത് ഒടുവില്‍ മാത്രമേ ഉറക്കത്തിന് വേണ്ടി സമയം മാറ്റിവയ്ക്കൂ എന്ന് എന്തോ നിര്‍ബന്ധമുള്ളത് പോലെയാണ് പലരുടെയും ജീവിതചര്യകള്‍.
ഉറക്കക്കുറവ് ഹൃദയത്തിന് എത്രത്തോളം ദോഷകരമാണെന്നും എങ്ങനെയാണ് ദോഷകരമാകുന്നതെന്നും ഒരു പഠനത്തിലൂടെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞന്മാര്‍. സ്വീഡനിലെ ഉപ്‌സാല സര്‍വ്വകലാശാലയില്‍ നടത്തിയ പുതിയ പഠനത്തില്‍ മൂന്ന് രാത്രികളില്‍ ശരിയായി ഉറങ്ങാത്തത് രക്തത്തില്‍ പലമാറ്റങ്ങള്‍ ഉണ്ടാകുന്നതായി ഗവേഷകര്‍ കണ്ടെത്തി. ഈ മാറ്റങ്ങള്‍ ഹൃദ്‌രോഗ സാധ്യത വര്‍ധിപ്പിക്കുന്നു.
ഈ പഠനം അനുസരിച്ച് രക്തത്തിലെ inflammatory protein കളെ ഗവേഷകര്‍ കണ്ടെത്തി. സമ്മര്‍ദ്ദത്തിലായിരിക്കുമ്പോഴോ രോഗങ്ങള്‍ക്കെതിരെ പോരാടുമ്പോഴോ ശരീരം ഉത്പാദിപ്പിക്കുന്ന തന്‍മാത്രകളാണ് ഇവ. ഈ പ്രോട്ടീനുകള്‍ വളരെക്കാലം ഉയര്‍ന്ന നിലയില്‍ നില്‍ക്കുമ്പോള്‍ അവ രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ഹൃദയസ്തംഭനം, കൊറോണറി ഹാര്‍ട്ട് ഡിസീസ്, ക്രമരഹിതമായ ഹൃദയമിടിപ്പ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.
മികച്ച ആരോഗ്യമുള്ള 16 യുവാക്കളെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. മൂന്ന് രാത്രികളില്‍ 8.5 മണിക്കൂര്‍ നീണ്ട
സാധാരണ ഉറക്കം, തുടര്‍ന്ന് വന്ന മൂന്ന് രാത്രികളില്‍ 4.25 മണിക്കൂറിലേക്ക് ഉറക്ക നിയന്ത്രണം നടത്തി - ഇങ്ങനെയായിരുന്നു യുവാക്കള്‍ക്ക് ഉറങ്ങാനായി സമയം നിശ്ചയിച്ചത്. ഓരോ ഘട്ടത്തിലും കഠിനമായ സൈക്കിള്‍ വ്യായാമവും ഇവര്‍ പൂര്‍ത്തിയാക്കി. വ്യായാമത്തിന് മുന്‍പും ശേഷവും അവരുടെ രക്തം പരിശോധിച്ചു. രക്ത സാമ്പിളുകളിലെ 90 ശതമാനം
വരുന്ന വ്യത്യസ്ത പ്രോട്ടീനുകള്‍ അളന്നു. ഈ പ്രോട്ടീനുകളിലുണ്ടായ മാറ്റങ്ങളില്‍ നിന്നും ഉറക്കക്കുറവ് ഹൃദ്‌രോഗത്തിന് കാരണമാകുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു.
Content Highlights :Scientists have discovered through a study how sleep deprivation is harmful to the heart and how it causes harm