

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ദക്ഷിണാഫ്രിക്ക ഇന്ത്യയെ ഇന്ത്യൻ മണ്ണിൽ ഒരു ടെസ്റ്റ് മത്സരത്തിൽ പരാജയപ്പെടുത്തിയിരിക്കുകയാണ്. ഈഡൻ ഗാർഡനിൽ നടന്ന മത്സരത്തിൽ 30 റൺസിനായിരുന്നു വിജയം. ഈ വിജയത്തിൽ ഏറെ കയ്യടി നേടുന്നത് ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റൻ ടെംമ്പ ബാവുമാക്കാണ്.
ബാവുമയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ ദക്ഷിണാഫ്രിക്ക ഇതുവരെ ടെസ്റ്റിൽ തോൽവി അറിഞ്ഞിട്ടില്ല. പതിനൊന്ന് മത്സരങ്ങൾ കളിച്ചപ്പോൾ പത്ത് മത്സരങ്ങൾ ജയിച്ചപ്പോൾ ഒരു മത്സരം സമനിലയായി.
ബാവുമയുടെ കീഴിൽ തന്നെയാണ് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ദക്ഷിണാഫ്രിക്ക ഒരു ഐ സി സി കിരീടം നേടിയത്. കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസീസിനെ തോൽപ്പിച്ച് ബാവുമയുടെ കീഴിലുള്ള സംഘം കിരീടം നേടിയിരുന്നു.
ഇന്ത്യക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരമായ ഈഡനിലും ബാവുമയുടെ മികവ് കണ്ടു. രണ്ടാം ഇന്നിങ്സിൽ ഇരു ടീമിൽ നിന്നുമായി 50 ന് മുകളിൽ സ്കോർ ചെയ്തത് ബാവുമ മാത്രമായിരുന്നു.
136 പന്തുകൾ നേരിട്ട് നാല് ഫോറുകൾ അടക്കം 55 റൺസാണ് താരം നേടിയത്. ബാറ്റിങ്ങ് അത്രയും ദുഷ്കരമായ പിച്ചിൽ ക്യാപ്റ്റൻ നേടിയ ഇന്നിങ്‌സ് തന്നെയാണ് ഇന്ത്യക്കെതിരെ ചരിത്ര വിജയത്തിലേക്ക് ദക്ഷിണാഫ്രിക്കയെ നയിച്ചത്.
Content Highlights: temba bavuma in south africa win vs india