'ഗിരീഷ് പുത്തഞ്ചേരിയുടെ പേര് വെട്ടാൻ ധൈര്യം തോന്നിയത് ആർക്കാണെന്നറിയില്ല',രാവണപ്രഭുവിനെതിരെ മനു മഞ്ജിത്ത്

'മരിച്ചു പോയെന്നേ ഉള്ളൂ. മറഞ്ഞു പോയിട്ടില്ല' ഗിരീഷ് പുത്തഞ്ചേരിയുടെ പേര് രാവണപ്രഭുവിൽ നിന്ന് ഒഴിവാക്കിയതിൽ വിമർശനം

'ഗിരീഷ് പുത്തഞ്ചേരിയുടെ പേര് വെട്ടാൻ ധൈര്യം തോന്നിയത് ആർക്കാണെന്നറിയില്ല',രാവണപ്രഭുവിനെതിരെ മനു മഞ്ജിത്ത്
dot image

മംഗലശ്ശേരി നീലകണ്ഠനായും, മകൻ കാർത്തികേയനായും മോഹൻലാൽ നിറഞ്ഞാടിയ ചിത്രമാണ് രാവണപ്രഭു. കഴിഞ്ഞ ദിവസം സിനിമ ആരാധകർക്ക് ആഘോഷിക്കാനായി വീണ്ടും തിയേറ്ററിൽ എത്തിയിരുന്നു. ആരാധകരുടെ ഭാഗത്ത് നിന്നും സിനിമയ്ക്ക് നിറഞ്ഞ സ്വീകരണമാണ് ലഭിക്കുന്നത്. സിനിമയിലെ ഗാനങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ പോസ്റ്ററിൽ നിന്നും ഗിരീഷ് പുത്തഞ്ചേരിയുടെ പേര് ഒഴിവാക്കിയതിൽ വിമർശനവുമായി എത്തിയിരിക്കുകയാണ് ഗാന രചയിതാവ് മനു മഞ്ജിത്ത്‌. മരിച്ചു പോയെന്നേ ഉള്ളൂ. മറഞ്ഞു പോയിട്ടില്ലെന്ന് മനു മഞ്ജിത്ത്‌ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.

'പുതിയ 4K പതിപ്പിൻ്റെ പോസ്റ്ററിലേക്ക് പഴയ പേരുകൾ പകർത്തി എഴുതുമ്പോൾ അതിൽ "ഗിരീഷ് പുത്തഞ്ചേരി" എന്നൊരു പേര് വെട്ടിക്കളയാനുള്ള 'ധൈര്യം' തോന്നിയത് ആർക്കാണെന്നറിയില്ല. ഇപ്പോഴും തിയേറ്ററിൽ കേൾക്കുന്ന ആ കടലിരമ്പം ഉറഞ്ഞാടുമ്പോൾ ഉരുവിടുന്നത് "കരിമേഘക്കെട്ടഴിഞ്ഞൊരാകാശക്കാവിലിന്ന്….", "മഴക്കാറ് മായം കാട്ടും രാവാണേ" എന്നും… ഉള്ളു വിങ്ങുന്നത് "തുടിയായ് ഞാനുണരുമ്പോൾ ഇടനെഞ്ചിൽ നീയെന്നും ഒരു രുദ്രതാളമായ് ചേർന്നിരുന്നു.." എന്നും… "വാർമൃദംഗാദി വാദ്യവൃന്ദങ്ങൾ വാനിലുയരു"മ്പോൾ അതിനൊത്ത് പ്രണയിച്ചുമാണ്. അതൊക്കെ സമ്മാനിച്ച പ്രതിഭാസം മരിച്ചു പോയെന്നേ ഉള്ളൂ. മറഞ്ഞു പോയിട്ടില്ല. ചില ഓർമ്മക്കുറവുകൾക്ക് പേര് 'മറവി' എന്നല്ല. 'നന്ദികേട്' എന്നാണ്….!!!!,' മനു മഞ്ജിത്ത്‌ കുറിച്ചു.

പോസ്റ്റ് ശ്രദ്ദ നേടിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. സിനിമയിലെ ഗാനങ്ങൾ ആരാധകർ ആഘോഷിക്കുമ്പോൾ അത് സമ്മാനിച്ച വ്യക്തിയെ മറന്നത് ഒട്ടും ശരിയായില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്. സിനിമയുടെ അണിയറപ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഈ വിഷയത്തിൽ ഇതുവരെ പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല.

അതേസമയം, രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും, മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം 4Kഅറ്റ്മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്. ആദ്യ ദിവസം തിയേറ്ററിൽ നിന്ന് 70 ലക്ഷമാണ് ചിത്രം നേടിയതെന്നാണ് റിപ്പോർട്ടുകൾ. വരും ദിവസങ്ങളിൽ സിനിമയുടെ കളക്ഷൻ ഉയരാനാണ് സാധ്യത. ഗംഭീര ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്.

Content Highlights: Criticism over Gireesh Puthenchery's name being omitted from Ravana Prabhu

dot image
To advertise here,contact us
dot image