സൈനികരുടെ വസ്ത്രം സ്ട്രീറ്റ് സ്റ്റൈലായപ്പോൾ; കാർഗോ പാന്റ്സിന്റെ കഥ

താരങ്ങളുടെ എയർപോർട്ട് ലുക്കായും കേരളത്തിലെ ടൗണുകളിൽ യുവതീ-യുവാക്കൾ അണിഞ്ഞും കാർഗോ പാന്റുകൾ കുറേകാലമായി താരമാണ്

dot image

നിറയെ പോക്കറ്റുകളുള്ള അയഞ്ഞ 'കംഫർട്ടബിൾ' വസ്ത്രമാണ് കാർഗോ പാന്റുകൾ. യഥാർത്ഥത്തിൽ സൈനിക ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്തതാണ് ഇവ. പിന്നീട് കാഷ്വൽ വെയറായപ്പോൾ 'ഫാഷൻ കോഷ്യന്റിന്' യാതൊരു കുറവും വരുത്താത്ത ഈ കേമനെ പ്രായഭേദമന്യേ ആളുകൾ സ്വീകരിക്കുകയായിരുന്നു. താരങ്ങളുടെ എയർപോർട്ട് ലുക്കായും കേരളത്തിലെ ടൗണുകളിൽ യുവതീ-യുവാക്കൾ അണിഞ്ഞും കാർഗോ പാന്റുകൾ കുറേകാലമായി താരമാണ്.

കാർഗോ പാന്റുകളെ നിർവചിക്കുന്ന സവിശേഷത സാധാരണയിലും അധികമായി കാലുകളുടെ വശങ്ങളിൽ കാണുന്ന അധിക പോക്കറ്റുകളാണ്. എന്തിനായിരിക്കും ഇതിൽ ഇത്രമാത്രം പോക്കറ്റുകൾ എന്ന് ചിന്തിച്ചിട്ടുണ്ടോ? സൈന്യത്തിന്റെ ദൈനംദിന ആവശ്യങ്ങൾക്ക് അനിയോജ്യമായ രീതിയിലുള്ള വസ്ത്രം എന്ന നിലയ്ക്കാണ് ഇവ രൂപകൽപന ചെയ്തത്. സൈനികരുടെ ആവശ്യ സാധനങ്ങൾ സൂക്ഷിക്കുകയായിരുന്നു പോക്കറ്റുകളുടെ ലക്ഷ്യം.

കാർഗോ സ്റ്റൈലിങ്

വാഡ്രോബിലെ 'വെർസറ്റൈൽ' പീസാണ് കാർഗോസ്. ബേസിക് ടീ-ഷർട്ടോ ഒരു ടാങ്ക് ടോപ്പോ ധരിച്ച് ഒരു സ്പോർട്ടി ഷൂകൂടി ചേർത്താൽ ആദ്യ ലുക്ക് റെഡി. ആ സ്പോർട്ടി ലുക്കിനെ ഒരല്പം കൂടി ഉയർത്താൻ ബേസ്ബോൾ കാപ്പ് നല്ലതാണ്. സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോകുമ്പോൾ ഇങ്ങനെയൊന്ന് പരീക്ഷിച്ച് നോക്കൂ.. 'എഫേർട്ട്ലെസ്ലി സ്റ്റൈലിഷ്' എന്നാകും അവരുടെ കമന്റ്.

ഓവർസൈസ്ഡ് സ്വെറ്റ്ഷർട്ടിനൊപ്പമോ ഒരു ഹൂഡിക്കൊപ്പമോ ധരിച്ചു നോക്കൂ, അസ്സലൊരു സ്ട്രീറ്റ്-വെയറായി. ബൂട്ട്സോ സ്നീക്കേഴ്സോ ധരിച്ച് ലുക്ക് പൂർണ്ണമാക്കാം. ലോങ് കാർഡിഗനൊപ്പവും നന്നാവുമെങ്കിലും കേരളത്തിലെ കാലാവസ്ഥയ്ക്ക് അനിയോജ്യമാവില്ല. അതേസമയം യാത്രകളിൽ ഇത് പരീക്ഷിക്കാം. കാർഗോ പാന്റും ടോപ്പും ഒരേ നിറത്തിൽ ധരിച്ച് മോണോക്രോമും പരീക്ഷിക്കാവുന്നതാണ്.

dot image
To advertise here,contact us
dot image