
പാലക്കാട്:പിരായിരിയിൽ റോഡ് ഉദ്ഘാടനത്തിനെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. 'ഗോ ബാക്ക്' വിളികളുമായി രാഹുലിന്റെ വാഹനം തടഞ്ഞ ഡിവൈഎഫ്‌ഐ പ്രവർത്തകരെ നേരിടാൻ യുഡിഎഫ് നേതാക്കളും എത്തി. പ്രതിഷേധം വകവെക്കാതെ വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ രാഹുൽ പ്രദേശത്തെ വീടുകളിൽ കയറി ആളുകളുമായി സംസാരിക്കുകയും പിന്നീട് റോഡ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
രാഹുലിനെ അനുകൂലിച്ച് മുദ്രാവാക്യം വിളികളുമായി യുഡിഎഫ് പ്രവർത്തകർ പ്രതിരോധം തീർത്തു. പ്രവർത്തകർ പൊന്നാട അണിയിച്ചാണ് രാഹുലിനെ സ്വീകരിച്ചത്.
എന്നാൽ കൂക്കി വിളികളും മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്ഐ പ്രവർത്തകർ രാഹുലിനെ പിന്തുടർന്നു. രാഹുലിനെ തടയാൻ ബിജെപി പ്രവർത്തകരും പ്രദേശത്ത് എത്തി. പിരായിരിയിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമിച്ച റോഡിന്റെ ഉദ്ഘാടനായിരുന്നു രാഹുൽ എത്തിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.
പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന രാഹുലിനെ തടയുമെന്ന് നേരത്തെ തന്നെ ഡിവൈഎഫ്ഐയും ബിജെപിയും അറിയിച്ചിരുന്നു.
Content Highlights: DYFI holds black flag protest against MLA Rahul Mamkootathil at palakkad