
ലോകമെമ്പാടുമുള്ള സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും അവകാശത്തിനും ശബ്ദിക്കുന്ന മലാല യൂസഫ് സായിക്ക് വെടിയേറ്റിട്ട് കഴിഞ്ഞ ദിവസമാണ് 13 വർഷം തികഞ്ഞത്. 2012 ഒക്ടോബര്‍ 9നായിരുന്നു വിദ്യാര്‍ത്ഥികളുമായി മടങ്ങിയ പാകിസ്താനിലെ സ്‌കൂള്‍ ബസ് വളഞ്ഞ താലിബാൻ സംഘം മലാലയ്ക്ക് നേരെ വെടിയുതിർത്തത്. അന്ന് താലിബാൻ ഉതിർത്ത വെടിയുണ്ടകള്‍ക്ക് പോലും മലാലയുടെ നിശ്ചയദാര്‍ഢ്യത്തെ തോല്‍പ്പിക്കാനായിരുന്നില്ല. വെടിയേറ്റ വീണ മലാല ചികിത്സയ്ക്ക് ശേഷം വീണ്ടും പഠനം തുടര്‍ന്നു. പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും വിദ്യാഭ്യാസത്തിനും അവകാശങ്ങള്‍ക്കും വേണ്ടി മലാല നിലകൊണ്ടു.
എന്നാല്‍ തന്റെ ജീവിത നാള്‍വഴികളില്‍ എന്നോ കടന്ന് പോയ ആ കറുത്ത ദിനങ്ങള്‍ മലാലയ്ക്ക് മറക്കാന്‍ കഴിയുന്നതായിരുന്നില്ല. 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ നേരിട്ട ആ കഠിനമായി ദിനങ്ങളുടെ ഓര്‍മ്മ തിരിച്ചുവന്നതും അതിനെ മറികടക്കാന്‍ പാടുപ്പെട്ട ദിനങ്ങളെ പറ്റിയും മലാല വെളിപ്പെടുത്തിയിരിക്കുകയാണ്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ സുഹൃത്തുകളുമൊത്ത് ബോങ് വലിച്ച സമയത്താണ് താന്‍ ഒരിക്കല്‍ മറന്നെന്ന് കരുതിയ ആ ഓര്‍മകള്‍ തിരികയെത്തിയതെന്നാണ് മലാല വെളിപ്പെടുത്തിയത്. തന്റെ വരാനിരിക്കുന്ന ഓര്‍മ്മക്കുറിപ്പായ ഫൈന്‍ഡിംഗ് മൈ വേ പുറത്തിറങ്ങുന്നതിന് മുമ്പായി ദി ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു മലാലയുടെ വെളിപ്പെടുത്തല്‍.
തന്റെ മനസില്‍ ആഴത്തില്‍ കുഴിച്ചിട്ട ഓര്‍മ്മകള്‍ ഒരു ദിവസം സുഹൃത്തുകളുമായി ചേര്‍ന്ന് ബോങ് വലിച്ചപ്പോള്‍ പുറത്ത് വരുകയായിരുന്നവെന്ന് മലാല പറഞ്ഞു. ആ രാത്രി ആ ആക്രമണ ദിനത്തെ ഓര്‍മ്മപ്പെടുത്തി. ഇതുവരെ തനിക്ക് അനുഭവപ്പെടാത്ത രീതിയില്‍ ആ സംഭവം മുന്നില്‍ നടക്കുന്ന പോലെ തോന്നിയെന്നും താന്‍ മരണാന്തര ജീവിതമാണ് നയിക്കുന്നതെന്നും തോന്നിപോയെന്ന് മലാല പറഞ്ഞു.
പുകവലിക്ക് ശേഷം തൻ്റെ മുറിയിലേക്ക് നടക്കുന്നതിനിടയില്‍ ഈ ഓര്‍മ്മകള്‍ ഇരച്ചെത്തിയതിന് പിന്നാലെ ബോധരഹിതയായി വീണതും മലാല ഓര്‍ത്തെടുത്തു. തോക്കിന്റെ ഒച്ചയും ജനക്കൂട്ടവും രക്തവുമെല്ലാം ഒരിക്കല്‍ കൂടി തന്റെ കണ്‍മുന്നില്‍ കൂടി മിന്നിമാഞ്ഞെന്നും മലാല പറഞ്ഞു. പിന്നാലെ പരിഭ്രാന്തിയും ഉറക്കമില്ലായ്മ ഉത്കണ്ഠ എന്നിവയിലേക്ക് വഴി വെച്ചു. തെറാപ്പിസ്റ്റിനെ കണ്ടപ്പോഴാണ് പരിഹരിക്കപ്പെടാത്ത മുന്‍കാലത്തെ ട്രോമയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയതെന്ന് മലാല വെളിപ്പെടുത്തി. അക്കാദമിക് സമ്മര്‍ദ്ദവും താലിബാനില്‍ നിന്നുണ്ടായ ദുരിതവുമാണ് ട്രോമയുടെ മൂലകാരണം. ക്രമേണ തെറാപ്പിസ്റ്റിന്റെ സഹായത്തോടെ അവസ്ഥ കൈകാര്യം ചെയ്യാനായെന്നും മലാല വെളിപ്പെടുത്തി.
Content Highlights: Malala Yousafzai recalls the Old Memories