ഡയര്‍വൂള്‍ഫ് മാത്രമല്ല വംശനാശം സംഭവിച്ച മോവ പക്ഷിയും പുനര്‍ജനിക്കുന്നു;പ്രതീക്ഷയില്‍ ശാസ്ത്രലോകം

വലിപ്പത്തിൽ ഭീകരനാണെങ്കിലും മനുഷ്യന് യാതൊരു ഭീഷണിയും ഉയർത്താത്ത പക്ഷിയാണ് മോവ

ഡയര്‍വൂള്‍ഫ് മാത്രമല്ല വംശനാശം സംഭവിച്ച മോവ പക്ഷിയും പുനര്‍ജനിക്കുന്നു;പ്രതീക്ഷയില്‍ ശാസ്ത്രലോകം
dot image

12,500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വംശനാശം സംഭവിച്ച ഡയര്‍വൂള്‍ഫ് എന്ന തൂവെള്ള രോമക്കുപ്പായമണിഞ്ഞ ചെന്നായകളെ ജീന്‍ എഡിറ്റിങ്ങിലൂടെ പുനരുജ്ജീവിപ്പിച്ചതായി അവകാശപ്പെട്ട് ടെക്‌സാസ് ആസ്ഥാനമായ കൊളോസല്‍ ബയോസയന്‍സസിലെ ശാസ്ത്രജ്ഞര്‍ രംഗത്തെത്തിയിരുന്നു. ജനിതക എന്‍ജിനീയറിങ്ങിലൂടെ ഡയര്‍ വൂള്‍ഫുകള്‍ പുനര്‍ജനിച്ചെന്ന വാര്‍ത്ത മിന്നല്‍വേഗത്തിലാണ് പ്രചരിച്ചത്. ആറുമാസം പ്രായമുള്ള ഇവയുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍വൈറലാവുകയും ചെയ്തു. ഇപ്പോഴിതാ മോവ എന്ന പക്ഷിയെ തിരികെ കൊണ്ടുവരാനുള്ള പദ്ധതിയിലാണ് ശാസ്ത്രജ്ഞര്‍. കൊളോസൽ ബയോസയൻസസ് തന്നെയാണ് മോവയുടെ പുനരുജ്ജീവനത്തിനും മുൻകൈയെടുക്കുന്നത്.

നിലവിൽ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്ന മോവ പക്ഷികൾ 600 വർഷങ്ങൾക്ക് മുൻപ് വംശനാശം സംഭവിച്ചവയാണ്. ഒരു കാലത്ത്, ഇന്നത്തെ ന്യൂസീലൻഡിൽ സ്വൈര്യവിഹാരം നടത്തിയിരുന്ന പറക്കാൻ കഴിയാത്ത പക്ഷികളാണ് മോവ. 12 അടിയോളം ഉയരമുള്ള ഈ പക്ഷികൾ മനുഷ്യരുടെ വേട്ടയാടലിനെ തുടർന്നാണ് ഭൂമിയിൽ നിന്ന് അപ്രത്യക്ഷരായത് എന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. കണക്കുകൾ പ്രകാരം 12 അടിയോളം ഉയരമുള്ള ഈ പക്ഷികൾക്ക് 250 കിലോഗ്രാം തൂക്കവുമുണ്ടായിരിക്കും.

വലിപ്പത്തിൽ ഭീകരനാണെങ്കിലും മനുഷ്യന് യാതൊരു ഭീഷണിയും ഉയർത്താത്ത പക്ഷിയാണ് മോവ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണത്തിൽ മോവ സസ്യഭുക്കായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവ മരങ്ങളിൽ നിന്നും കുറ്റിച്ചെടികളിൽ നിന്നുമുള്ള ഇലകളും പഴങ്ങളുമാണ് പ്രധാനമായും ഭക്ഷിച്ചിരുന്നത്. മോവയെ തിരികെ കൊണ്ടുവരുന്നതിലൂടെ പരിസ്ഥിതിക്ക് ഗുണകരമായ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. മോവകൾ മേഞ്ഞ് നടക്കുന്ന സ്ഥലങ്ങളിൽ സസ്യജാലങ്ങൾക്ക് വളരാനുള്ള സാധ്യതകൾ കൂടുതലായിരുന്നു. കൂടാതെ, മോവകൾ ഭക്ഷിച്ചിരുന്ന പഴങ്ങളിലെയും മറ്റും വിത്തുകളും അവ പലയിടങ്ങളിലേക്ക് എത്തിച്ചിരുന്നു.

ഹാസ്റ്റ്‌സ് കഴുകന്റെ വംശനാശവുമായും മോവകൾക്ക് ബന്ധമുണ്ട്. മോവകളെ ഏറ്റവുമധികം വേട്ടയാടിയിരുന്ന ശത്രുക്കളായിരുന്നു ഹാസ്റ്റസ്, എന്നാൽ മോവ ഇല്ലാതായതോടെ ഇവയുടെ അതിജീവനവും പ്രതിസന്ധിയിലായി. പിന്നീട് ഹാസ്റ്റസ് കഴുകൻമാർക്ക് വംശനാശം സംഭവിച്ചു. മോവയുടെ പുനഃസൃഷ്ടിയിലൂടെ ഹാസ്റ്റസിനെ തിരികെ കൊണ്ടുവരാൻ കഴിയില്ലെങ്കിലും ന്യൂസിലൻഡിലെ നശിച്ചു കൊണ്ടിരിക്കുന്ന ചില വനങ്ങളെ തിരികെ കൊണ്ടുവരാൻ മോവയ്ക്ക് കഴിയുമെന്നാണ് കരുതുന്നത്.

Content Highlight; Scientists Plan to Bring Back Extinct Moa Bird

dot image
To advertise here,contact us
dot image