ഹനുമാൻ കുരങ്ങ് Vs സിംഹവാലൻ; പറഞ്ഞുകേൾക്കുന്ന പോലെയല്ല, കുരങ്ങുകളെക്കുറിച്ചുള്ള സത്യാവസ്ഥയിതാണ്

വെറും നൂറ് ഗ്രാം മാത്രം തൂക്കം വരുന്ന പിഗ്മി മാർമോസെറ്റ് മുതൽ 160 കിലോഗ്രാം തൂക്കം വരുന്ന ഗോറില്ലകൾ വരെ നീളുന്നതണ് കുരങ്ങുകളുടെ പട്ടിക.

dot image

ഈ ഹനുമാൻ കുരങ്ങും സിംഹവാലൻ കുരങ്ങും ഒന്നാണോ? നിരവധി പേരുടെ സംശയമാണ്…..

ഹനുമാൻ കുരങ്ങുകളെ സിംഹവാലൻ കുരങ്ങായി തെറ്റിദ്ധരിക്കുന്നവരുണ്ട്. സൈലൻ്റ് വാലിയുൾപ്പെടെ പശ്ചിമഘട്ടത്തിന്റെ തെക്കൻമേഖലയിൽ മാത്രം കാണുന്ന കുരങ്ങ് വർഗ്ഗമാണ് സിംഹവാലൻ കുരങ്ങ്. കറുപ്പും കടുംതവിട്ടുനിറവുമുള്ള രോമങ്ങളാണ് സിംഹവാലൻ്റേത്. മുഖത്തിന് ചുറ്റുമുള്ള സടയ്ക്കാകട്ടെ വെള്ള നിറവും. സിഹംത്തിൻ്റേത് പോലുള്ള നീളൻ വാലുള്ളതിനാലാണ് സിംഹവാലനെന്ന പേര് വരാൻ കാരണം.
വംശനാശ ഭീഷണി നേരിടുന്ന വിഭാഗമാണ് സിംഹവാലൻ്റേത്. ഏതാണ്ട് 3000ത്തോളം സിംഹവാലൻ കുരങ്ങുകൾ മാത്രമേ ഇന്ന് ലോകത്ത് അവശേഷിക്കുന്നുള്ളു.

ഹനുമാൻ കുരങ്ങ് അഥവാ ഗ്രേ ലംഗൂരിന് സെമ്നോപിതേക്കസ് എന്നാണ് ശാസ്ത്രീയ നാമം. ദേഹമാകെ വെള്ള രോമങ്ങൾ, മുഖവും കൈകളും കാലുകളും കറുപ്പ് നിറം. ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളാണ് ഇവയുടെ ആവാസ കേന്ദ്രം.
പശ്ചിമഘട്ടത്തിലെ ഗോവ, കർണാടക, കേരളാ വനമേഖലകളിൽ കാണപ്പെടുന്ന ബ്ലാക്ക് ഫൂട്ടഡ് ഗ്രേ ലംഗൂർ, നേപ്പാൾ ഗ്രേ ലംഗൂർ, കാശ്മീർ ഗ്രേ ലംഗൂർ, സൌത്തേൺ പ്ലെയിൻസ് ഗ്രേ ലംഗൂർ എന്നിങ്ങനെ ഹനുമാൻ കുരങ്ങുകൾ തന്നെ 7 ഉപ സ്പീഷ്യസുകളുണ്ട്. ശരാശരി 11 മുതൽ 18 കിലോ വരെയാണ് ഭാരം. നാലര മീറ്ററിലധികം ദൂരത്തേക്ക് ഒറ്റക്കുതിപ്പിൽ ചാടാനാകും.

കുരങ്ങുകൾ ഒന്നും രണ്ടുമല്ല, 330ലധികം തരമുണ്ട് ലോകത്ത്. ഇതിലൊരു വിഭാഗമാണ് നമ്മുടെ പശ്ചിമഘട്ട വനങ്ങളിൽ കാണുന്ന കരിങ്കുരങ്ങുകൾ. ഇവ കരിമന്തിയെന്നുമറിയപ്പെടുന്നു. കറുത്ത രോമങ്ങൾ ഇവയെ മറ്റു കുരങ്ങുകളില്‍നിന്നു വ്യത്യസ്തമാക്കുന്നു. തോള്‍ഭാഗത്തും തലയിലും മഞ്ഞകലർന്ന നരച്ച നിറമാര്‍ന്ന രോമങ്ങളാണ് കരിങ്കുരങ്ങുകൾക്ക്. സിംഹവാലനെപ്പോലെ ഇവരും വംശനാശ ഭീഷണി നേരിടുന്നുണ്ട്.

വെറും നൂറ് ഗ്രാം മാത്രം തൂക്കം വരുന്ന പിഗ്മി മാർമോസെറ്റ് മുതൽ 160 കിലോഗ്രാം തൂക്കം വരുന്ന ഗോറില്ലകൾ വരെ നീളുന്നതണ് കുരങ്ങുകളുടെ പട്ടിക. മഡഗാസ്കർ ദ്വീപുകളിൽ മാത്രം കാണുന്ന കുഞ്ഞൻമാരായ ബാംബൂ ലെമൂർ, അറ്റ്ലസ് പർവ്വതനിരകളിൽ വിഹരിക്കുന്ന ബാർബറി മക്കാക്കു, ബ്രസീൽ വെനസ്വല, ഗ്വയാന ഉൾപ്പെടുന്ന ആമസോൺ വനാന്തരരങ്ങളിൽ കാണപ്പെടുന്ന ബിയേർഡ് സാകി, ബൊളീവിയ, ബ്രസീൽ, പെറു രാജ്യങ്ങളിലായി കാണപ്പെടുന്ന ബ്ലാക്ക് കാപ്പഡ് സ്ക്വിരൽ മങ്കി, ഇന്തോനേഷ്യ, മലേഷ്യ രാജ്യങ്ങളിലെ മഴക്കാടുകളിൽ കാണുന്ന ഒറങ്ഗുട്ടാൻ, ആഫ്രിക്കൻ ഉഷ്ണമേഖലാ മഴക്കാടുകളിൽ കാണുന്ന ചിമ്പാൻസികൾ എന്നിങ്ങനെ നീണ്ടു നീണ്ടു പോകുകയാണ് ആ വാനര പട്ടിക.

dot image
To advertise here,contact us
dot image