
വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ഏകദിന നായകൻ രോഹിത് ശർമയുടെ പേരിലുള്ള സ്റ്റാൻഡ് അനാച്ഛാദനം ചെയ്തിരിക്കുകയാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ. രോഹിത് ശർമയുടെ ഭാര്യയുൾപ്പെടെ കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങ് ഉദ്ഘാടനം ചെയ്തത് രോഹിത് ശർമയുടെ മാതാപിതാക്കളാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിധ്യത്തിൽ ശരദ് പവാറും അജിത് വഡേക്കറുമായിരുന്നു സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തത്.
THE ROHIT SHARMA STAND. ❤️
— Mufaddal Vohra (@mufaddal_vohra) May 16, 2025
- Rohit's parents inaugurating the stand. A beautiful moment! (Vinesh Prabhu).pic.twitter.com/j40jzFEWjO
അതേസമയം സ്റ്റാൻഡ് അനാച്ഛാദനം ചെയ്തതിന് ശേഷം രോഹിത് ശർമ നടത്തിയ വൈകാരികമായ പ്രസംഗമാണ് ആരാധകരുടെ ഹൃദയം സ്പർശിച്ചത്. വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യയ്ക്കുവേണ്ടി ഒരു ഏകദിനത്തിൽ കളിക്കാനുള്ള ആഗ്രഹവും രോഹിത് ശർമ പ്രകടിപ്പിച്ചു. ഇന്ത്യൻ ഏകദിന നായകൻ തന്റെ കരിയറിനെ കുറിച്ച് ഓർമ്മിപ്പിക്കുകയും പ്രത്യേകിച്ച് താൻ ഇപ്പോഴും കളിക്കുമ്പോൾ ഇത്തരമൊരു ബഹുമതി ലഭിച്ചത് ഒരു അതിശയകരമായ നേട്ടമാണെന്ന് പറയുകയും ചെയ്തു.
'ഒരിക്കലും സ്വപ്നം കാണാത്ത ഒന്നാണ് ഇന്ന് സംഭവിച്ചിരിക്കുന്നത്. ചെറുപ്പത്തിൽ മുംബൈക്ക് വേണ്ടിയും ഇന്ത്യയ്ക്ക് വേണ്ടിയും കളിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ ഇത്തരത്തിലുള്ള ഒരു അംഗീകാരം തേടി എത്തും എന്ന് അന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഏതൊരു താരവും ആഗ്രഹിക്കുന്നത് പോലെ ടീമിന് തൻറെ ഏറ്റവും മികച്ചത് നൽകുക എന്നത് തന്നെയായിരുന്നു എന്റെയും പ്രധാന ലക്ഷ്യം. രാജ്യത്തിന് വേണ്ടി കളിക്കുക അതിനൊപ്പം നമ്മൾ പല നേട്ടങ്ങളും കൈവരിക്കുകയും പല നാഴികക്കലുകൾ പിന്നിടുകയും ചെയ്‌തു. പക്ഷേ ഇതുപോലൊരു ആദരം വളരെയധികം സ്പെഷ്യലാണ്. വാങ്കഡെ ഒരു ഐക്കോണിക് സ്റ്റേഡിയമാണ്, എനിക്ക് ഇവിടെ അനവധി ഓർമകളുണ്ട്,” രോഹിത് തന്റെ പ്രസംഗത്തിൽ പറഞ്ഞു.
“ക്രിക്കറ്റിലെ മഹാന്മാരുടേയും ലോകത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടേയും പേരുകൾക്കൊപ്പം എന്റെ പേരും കാണുമ്പോൾ മനസിലെ സന്തോഷം പറഞ്ഞറിയിക്കാൻ പോലും എനിക്ക് വാക്കുകളില്ല. ഇത് സാധ്യമാക്കിയ എംസിഎയിലെ എല്ലാ അംഗങ്ങളോടും എപെക്‌സ് കൗൺസിൽ അംഗങ്ങളോടും അതീവ കൃതജ്ഞതയും നന്ദിയും ഞാൻ അറിയിക്കുന്നു. ഞാൻ ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഇത്തരത്തിലുള്ള ആദരം ലഭിക്കുന്നത്. അതാണ് ഇതിനെ കൂടുതൽ പ്രത്യേകമാക്കുന്നതും. നിലവിൽ ഞാൻ രണ്ടു ഫോർമാറ്റുകളിൽ നിന്ന് വിരമിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോഴും ഒരു ഫോർമാറ്റിൽ കളിച്ചുകൊണ്ടിരിക്കുന്നു. മെയ് 21ന് ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസിനായി ഇവിടെ കളിക്കുമ്പോൾ അതൊരു അതുല്യ അനുഭവമാകും"
“ഈ സ്റ്റേഡിയത്തിൽ ഇന്ത്യയ്ക്ക് കളിക്കുമ്പോൾ അത് എനിക്ക് കൂടുതൽ പ്രത്യേകമായിരിക്കും. എന്റെ അമ്മയുടെയും അച്ഛന്റെയും സഹോദരന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും എന്റെ ഭാര്യയുടെയും സാന്നിധ്യത്തിൽ എനിക്ക് ഈ ആദരം ലഭിക്കുന്നത് വളരെ വലിയ കാര്യമാണ്. എന്റെ ജീവിതത്തിലെ എല്ലാ ആളുകൾക്കും, അവർ നൽകിയ ത്യാഗങ്ങൾക്കുമായി ഞാൻ അതീവ നന്ദിയുള്ളവനാണ്. തീർച്ചയായും എന്റെ ടീമായ മുംബൈ ഇന്ത്യൻസും ഇവിടെ ഉണ്ട്. അവർ എന്റെ പ്രസംഗം തീരാനായി കാത്തിരിക്കുകയാണ്, പരിശീലനം ആരംഭിക്കാൻ വേണ്ടി" രോഹിത് കൂട്ടിചേർത്തു.
Content Highlights: Rohit Sharma's Message As Wankhede Stadium Stand Named After Him Unveiled