ഓറഞ്ച് നിറത്തിലുള്ള തല, ഉടല്‍ കറുപ്പ് നിറത്തില്‍; ഫ്‌ളോറിഡയില്‍ ഉടനീളം പ്രത്യക്ഷപ്പെടുന്ന വിചിത്ര പല്ലികള്‍

അസാധാരണമാം വിധമാണ് ഇവയുടെ എണ്ണത്തില്‍ വർധനവുണ്ടായിരിക്കുന്നത്.

dot image

റഞ്ച് നിറത്തില്‍ തലയും കറുത്ത നിറത്തിലുള്ള ഉടലും ഓറഞ്ചും കറുപ്പും നിറത്തിലുള്ള വാലുമായി പല്ലി വിഭാഗത്തില്‍പ്പെട്ട ഒരു ജീവി ഫ്‌ളോറിഡയില്‍ വ്യാപകമാകുകയാണ്. 'പീറ്റേര്‍സ് റോക്ക് അഗാമ' എന്നാണ് ഈ പല്ലി വിഭാഗത്തിന്റെ പേര്. അസാധാരണമാം വിധമാണ് ഇവയുടെ എണ്ണത്തില്‍ വർധനവുണ്ടായിരിക്കുന്നത്.

ഈ വസന്തകാലത്തോടെയാണ് പീറ്റേര്‍സ് റോക്ക് അഗാമകളെ ഫ്‌ളോറിഡയില്‍ വ്യാപകമായി കാണാന്‍ തുടങ്ങിയത്. വരും മാസങ്ങളില്‍ ഇവയുടെ എണ്ണം കൂടിയേക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഇവയുടെ എണ്ണത്തിലുണ്ടാകുന്ന ക്രമാതീതമായ വര്‍ധനവ് ആശങ്കയുണ്ടാക്കുന്നത് തന്നെയാണ്. പ്രാദേശികമായ പ്രാണിവിഭാഗങ്ങള്‍ക്കും ചെറു ഉരഗവര്‍ഗങ്ങളെയും ഭക്ഷിച്ചാണ് അഗാമ ജീവിക്കുന്നത്. വലിയ തോതില്‍ തന്നെ ഇവ ഇരായക്കപ്പെടും. അതുകൊണ്ട് തന്നെയാണ് അഗാമകളുടെ വര്‍ധനവ് പ്രദേശത്ത് ഭീഷണി സൃഷ്ടിക്കുന്നത്.

പ്രദേശത്തെ മിക്ക പല്ലി വര്‍ഗങ്ങളെയും അപേക്ഷിച്ച് പീറ്റേര്‍സ് റോക്ക് അഗാമകള്‍ക്ക് വലുപ്പം കൂടുതലാണ്. അല്‍പ്പം പരുക്കന്‍ രൂപത്തിലുള്ള ഇവയ്ക്ക് മുള്ളുള്ള ചെതുമ്പലുമുണ്ട്. പ്രദേശത്തെ പല്ലി വര്‍ഗങ്ങളുടേത് ചെറുതും പരന്നതുമായ ചെതുമ്പലുകളാണ്. മാത്രമല്ല ഇവ വളരെ മൃദുവായതുമാണ്. ഇവ രാത്രിയിലാണ് പ്രധാനമായും സജീവമാകുന്നതെങ്കില്‍ അഗാമകള്‍ പകല്‍ സമയത്തുള്‍പ്പടെ സജീവമാകുന്നതായാണ് കാണുന്നതെന്ന് ഗവേഷകനായ ഡോ. സ്റ്റീവ് ജോണ്‍സണ്‍ പറഞ്ഞു.

ആണ്‍ അഗാമകള്‍ക്ക് ഒരു അടി വരെ നീളമുണ്ടാകും. എന്നാല്‍ ഇതിന്റെ പകുതിയില്‍ താഴെ മാത്രമേ പെണ്‍ അഗാമകള്‍ക്ക് വലിപ്പമുണ്ടാകൂ. പ്രജനനകാലത്ത് ആണ്‍ അഗാമകള്‍ ഓറഞ്ച് അല്ലെങ്കില്‍ ചുവപ്പ് നിറത്തിലുള്ള തലയും, കറുപ്പ് അല്ലെങ്കില്‍ ഇന്‍ഡിഗോ ശരീരവും, ബഹുവര്‍ണ്ണ വാലുമായി കാണപ്പെടുന്നു. ഇവയുടെ എണ്ണം കൂടുന്നത് പ്രദേശത്തെ ചീവീടുകള്‍, പുല്‍ച്ചാടികള്‍ ഉള്‍പ്പടെയുള്ള ചെറുപ്രാണികള്‍ അടക്കമുള്ളവയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുന്നുണ്ട്. അഗാമകളുടെ എണ്ണം കൂടുമ്പോള്‍ പ്രാദേശിക ജീവജാലങ്ങളുടെ എണ്ണം കുറയുന്നു. അതുകൊണ്ട് തന്നെ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്ക പലരും പങ്കുവെക്കുന്നുണ്ട്.

സബ്-സഹാറന്‍ ആഫ്രിക്കയാണ് പീറ്റേര്‍സ് റോക്ക് അഗാമകളുടെ ജന്മദേശം. 1976-ല്‍ സണ്‍ഷൈന്‍ സ്‌റ്റേറ്റിലാണ് ഇവയുടെ സാന്നിധ്യം ആദ്യമായി രേഖപ്പെടുത്തിയത്. നിലവില്‍ ഫ്‌ളോറിഡയിലെ 67 കൗണ്ടികളില്‍ പകുതിയിലധികത്തിലും ഇവയെ കണ്ടെത്തിയിട്ടുണ്ടെന്ന് ദ പാം ബീച്ച് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്‌ളോറിഡയില്‍ നിന്ന് ഇവയെ എന്നന്നേക്കുമായി ഉന്മൂലനം ചെയ്യുന്നത് പ്രായോഗിഗമല്ലെന്ന് ഗവേഷകര്‍ പറയുന്നു. ഇവയെ കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മത്സ്യ-വന്യജീവി സംരക്ഷണ കമ്മീഷന്‍ പ്രദേശവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മനുഷ്യര്‍ക്കോ വളര്‍ത്തുമൃഗങ്ങള്‍ക്കോ ഇവ നേരിട്ട് ഭീഷണിയല്ലെന്നാണ് ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റി ഗവേഷകര്‍ പറയുന്നത്. എന്നാല്‍ ഇവ കടിച്ചാല്‍ വേദനയുണ്ടാകാന്‍ സാധ്യതയുണ്ട്. പീറ്റേര്‍സ് റോക്ക് അഗാമകളെ കുറിച്ച് വളരെ കുറച്ച് പഠനങ്ങള്‍ മാത്രമാണ് നടന്നിരിക്കുന്നതെന്നും. ഇവ ഫ്‌ളോറിഡയുടെ പരിസ്ഥിതിക്ക് കാര്യമായ പ്രതികൂല സാഹചര്യമുണ്ടാക്കാന്‍ സാധ്യതയില്ലെന്നും ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റി റിപ്പോര്‍ട്ടിലുണ്ട്.

Content Highlights: Strange-looking orange lizards are popping up across Florida

dot image
To advertise here,contact us
dot image