
ഒന്നിനും ഒരുന്മേഷം തോന്നുന്നില്ലല്ലോ എന്ന ചിന്തയിലാണ് ശാലിനി(സാങ്കല്പിക കഥാപാത്രം) മിക്ക ദിവസങ്ങളിലും ഉണരുന്നതു തന്നെ. എല്ലാ ദിവസവും ഒരേപോലെ വിരസമായി അനുഭവപ്പെടുന്നു. ജോലിയും വീടുമായി തിരക്കുകൾക്കിടയിൽ ജീവിതം ഒതുങ്ങിപ്പോകുന്നുവെന്ന് പലവട്ടം തോന്നിയിട്ടുണ്ടെങ്കിലും പ്രതിവിധി തേടിയിട്ടില്ല എന്നതാണ് സത്യം. ജീവിതം ഒരേ താളത്തിൽ പോവുകയാണെന്ന് ചിന്തിക്കുകയും യൗവനം പിന്നിട്ടാൽ ഇങ്ങനെയൊക്കെയാകുമെന്ന് സമാധാനിക്കുകയുമായിരുന്നു പതിവ്. എന്നാൽ സമാന സാഹചര്യങ്ങളിൽ നിന്ന് വരുന്ന തസ്നിയെ(സാങ്കല്പിക കഥാപാത്രം) പരിചയപ്പെട്ടപ്പോഴാണ് തന്നിൽ എന്തോ പ്രശ്നമുണ്ടെന്ന് ശാലിനിയ്ക്ക് തോന്നിയത്. സമപ്രായക്കാരിയായ തസ്നി എന്നും ഉന്മേഷവതിയാണ്. എല്ലാവരോടും നന്നായി ഇടപഴുകുന്നു, സ്വയം സന്തോഷിക്കാൻ കാരണങ്ങൾ കണ്ടെത്തുന്നു.
എന്താണ് കാര്യമെന്ന് അന്വേഷിക്കുകയും അതിനനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്തതോടെ ശാലിനിയുടെ ജീവിതത്തിലും സന്തോഷം വന്നെത്തി. തസ്നിയുടെ ജീവിതത്തിൽ നിന്ന് ശാലിനി മനസിലാക്കിയ കാര്യങ്ങൾ നമുക്കും ഫലപ്രദമാണ്.
റിട്ടയർമെന്റിന് ശേഷം പോലും എല്ലായിപ്പോഴും തിരക്കിലായിരിക്കുന്ന ആളുകളെ കണ്ടിട്ടില്ലേ. ആറ് വയസുള്ള കുട്ടിയ്ക്കും 60 വയസുള്ളയാൾക്കും ഒരേപോലെ ജീവിതത്തിൽ തിരക്കനുഭവപ്പെടാം എന്ന് പറഞ്ഞാൽ വിചിത്രമായി തോന്നിയേക്കാം. ശാരീരികമെന്നതിലും ഉപരിയായി മാനസികമായി തിരക്കിലകപ്പെടുകയാണ് പലരും. തിരക്കിൽപ്പെടുന്നതു മൂലമുള്ള മാനസികമായ ഈ തളർച്ച, ഒരു ജോലിയും ചെയ്യാനാകാതെ ശാരീരികമായും തളർത്തിയേക്കാം.
24 മണിക്കൂറും ജോലി ചെയ്യുന്നയാൾക്കും 'ഈസി ആൻഡ് കൂൾ' ആയിരിക്കാമെന്ന് പറഞ്ഞാലോ... ഒന്നിനു പിന്നാലെ ഒന്നായി ഉത്തരവാദിത്തങ്ങൾ ജീവിതത്തിലേയ്ക്കു കടന്നുവരുമ്പോൾ ആ തിരക്കുകളെ ആസ്വദിക്കാൻ പഠിക്കുകയാണ് വേണ്ടത്. ഓരോരുത്തരുടേയും മനോഭാവമാണ് അവരവരുടെ ജീവിതത്തെ രൂപപ്പെടുത്തിയെടുക്കുന്നത്.
ശരിയായ പ്ലാനിംഗ് ഇല്ലാത്തത് ഒരു പ്രധാന കാരണമാണ്. ഭൂരിഭാഗം പേരും തിരക്കുകളിൽ അകപ്പെടുന്നത് ഇക്കാരണം കൊണ്ടാണ്. മുൻഗണന അനുസരിച്ച് ജോലികൾ ചിട്ടപ്പെടുത്തി ചെയ്യുക. ഉയർന്ന ഊർജമുള്ള പുലർകാലത്ത് ചെയ്യേണ്ട ജോലിയും വൈകീട്ട് ചെയ്യേണ്ട ജോലിയും കൂത്യമായി പ്ലാൻ ചെയ്യണം. ശാരീരിക ആയാസം ആവശ്യമുള്ള ജോലികൾ വൈകുന്നേരം ചെയ്യാൻ മാറ്റിവെച്ചാൽ എന്താകും അവസ്ഥ? എല്ലാ കാര്യവും സമയബന്ധിതമായി മികച്ച രീതിയിൽ ചെയ്തു തീർക്കാൻ ഈ പ്ലാനിംഗ് വഴി കഴിയും.
ആദ്യം ഏറ്റവും അത്യാവശ്യമുള്ള ജോലികൾ പൂർത്തീകരിക്കുന്നതിന് മുൻഗണന നൽകാം. തുടർന്ന് മറ്റ് ജോലികൾ പടിപടിയായി ചെയ്ത് തീർക്കാം. ഉദാഹരണത്തിന്, സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ വാങ്ങേണ്ട സാധനങ്ങൾക്ക് പകരം മറ്റ് കാര്യങ്ങൾ അന്വേഷിക്കുന്ന ശീലം പലർക്കുമുണ്ട്. ഈ സാഹചര്യത്തിൽ തിടുക്കത്തിൽ ഷോപ്പിംഗ് നടത്തുമ്പോൾ സ്വമേധയാ തിരക്കും സമ്മർദ്ദവും ഉണ്ടാകും. വാങ്ങാനുദ്ദേശിക്കുന്ന വസ്തു വാങ്ങുകയും ഇല്ല. പ്ലാനിംഗോടെ കാര്യങ്ങൾ ചെയ്യേണ്ടതിന്റെ പ്രാധാന്യം ഇവിടെയാണ്.
ജോലിയെ ജോലിയായി കാണാതിരിക്കുകയാണ് അതിന്റെ വിജയം. ചെയ്യുന്നതിനെയെല്ലാം ഭാരമായി കണ്ടാൽ ഓരോ ജോലിയും ഭാരമായി അനുഭവപ്പെടുകതന്നെ ചെയ്യും. ഓരോന്നും ചെയ്യേണ്ട രീതിയിൽ ചെയ്യുകയാണ് പ്രധാനം. ചിലതിൽ ചെയ്യേണ്ട ക്രമം പ്രധാനമായി വരും. രാവിലെ ഉണർന്നയുടൻ ഭക്ഷണമുണ്ടാക്കുകയാണ് ചെയ്യുന്നതെങ്കിൽ, തലേദിവസം അതിന് വേണ്ട തയാറെടുപ്പുകൾ നടത്താമല്ലോ. എന്തുണ്ടാക്കണമെന്ന് തലേന്നേ തീരുമാനിക്കാം. കുടുംബത്തിലെ എല്ലാവരുമൊന്നിച്ച് ജോലി വിഭജിച്ച് ചെയ്യാം.
ജീവിതം തുടക്കം മുതൽ അവസാനം വരെ ഒരുപോലെയല്ല. ഓരോ കാലഘട്ടത്തിനും അതിൻറേതായ സൗന്ദര്യം ഉണ്ട്. പ്രായം പിന്നിടുന്തോറും ഒതുങ്ങി ജീവിക്കുകയാണ് ഇനി വേണ്ടത് എന്ന ചിന്തയെ ദൂരെയാക്കണം. ഓരോ നിമിഷത്തെയും ആസ്വദിക്കുകയാണ് വേണ്ടത്. അവനവനെ കൂടുതൽ സ്നേഹിക്കാനും മറ്റുള്ളവർക്ക് നൽകുന്ന അതേ കരുതൽ സ്വയമേ നൽകാനും മറക്കാതിരിക്കുക. ഒരു കാര്യവും ചെയ്യാൻ സമയം വൈകിയിട്ടില്ല എന്ന് തിരിച്ചറിയണം. മുൻപ് ആഗ്രഹിച്ച നൃത്ത പഠനമോ, പടം വരയോ എന്തും ഇനിയുമാവാം. പുതിയ തുടക്കത്തിന് മനസുണ്ടായാൽ മതി.
ഈസിയായി ഇരിക്കാൻ സ്വന്തമായ സ്പേസ് കണ്ടെത്തുക. ഏത് തിരക്കിനിടയിലും അവനവനായി അല്പസമയം മാറ്റി വയ്ക്കാനുണ്ടാകണം. ഈ സമയങ്ങളിൽ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാം. ഒറ്റയ്ക്കൊരു നടത്തമോ പാട്ട് കേൾക്കുന്നതോ വിശാലമായ ഒരു കുളിയോ ഇഷ്ടമുള്ള ഭക്ഷണമുണ്ടാക്കുകയോ വായിക്കുകയോ എന്തുമാകാം. ഫോൺ, കമ്പ്യൂട്ടർ ഉൾപ്പെടെയുള്ളവയെ ഈ നേരങ്ങളിൽ മാറ്റി നിർത്തുകയാണ് ഉചിതം. പ്രകൃതിയിൽ അല്പ സമയം ചെലവഴിക്കുന്നതും ഉദ്യാന പാലനവുമൊക്കെ മനസിനും ശരീരത്തിനും ഒരുപോലെ ആശ്വാസദായകമാണ്.
നമുക്ക് ചുറ്റിലും ലോകം വേഗതയിൽ നീങ്ങുമ്പോൾ, തിരക്കുകളെ അല്പം മാറ്റിവയ്ക്കാനും ജീവിതം ആസ്വദിക്കാനും ഓർമ്മപ്പെടുത്തുന്നതാണ് 'വേൾഡ് സാന്ററിംഗ് ഡേ'. എല്ലാ വർഷവും ജൂൺ 19നാണ് ഈ ദിനം ആചരിച്ച് വരുന്നത്. ഒരേയൊരു ജീവിതത്തെ ജീവിച്ചു തീർക്കാതെ ആസ്വദിച്ച് ജീവിക്കാം.