'യുഎല്‍സിസിയെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമോ'; ചോദ്യവുമായി പി കെ ഫിറോസ്
എന്നാല്‍ പാലത്തിന്റെ ബീം ചെരിയാന്‍ കാരണം ഹൈഡ്രോളിക് ജാക്കില്‍ ഒന്നിന്റെ തകരാറാണെന്നായിരുന്നു യുഎല്‍സിസി വിശദീകരണം
17 May 2022 6:54 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാവുമോയെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. ടെന്‍ഡറില്ലാതെയാണ് പല കരാറുകളും ഊരാളുങ്കല്‍ നല്‍കുന്നത്. ഇതിനെല്ലാം കൂട്ടുനില്‍ക്കുന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും പി കെ ഫിറോസ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ റിയാസിനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കണമെന്നും പി കെ ഫിറോസ് പരിഹസിച്ചു.
സിപിഐഎമ്മിന് ഫണ്ടുണ്ടാക്കുന്ന ഒരു ഏജന്‍സിയായ ഊരാളുങ്കല്‍ മാറിയെന്നും പി കെ ഫിറോസ് ആരോപിച്ചു. കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് നിര്‍മ്മിച്ച കൂളിമാട് കടവ് പാലത്തിന്റെ മൂന്ന് ബീമുകള്‍ നിര്‍മ്മാത്തിനിടെ തകര്‍ന്നു വീണ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിമര്‍ശനം. പാലത്തിന്റെ നിര്‍മ്മാണത്തില്‍ നടന്ന അഴിമതിയെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തുമോയെന്നും മന്ത്രിയെ അറസ്റ്റ് ചെയ്യുമോയെന്നും പി കെ ഫിറേസ് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.
എന്നാല്‍ പാലത്തിന്റെ ബീം ചെരിയാന്‍ കാരണം ഹൈഡ്രോളിക് ജാക്കില്‍ ഒന്നിന്റെ തകരാറാണെന്നായിരുന്നു യുഎല്‍സിസി വിശദീകരണം. നിര്‍മാണത്തില്‍ തകരാറുകളോ അശ്രദ്ധയോ സംഭവിച്ചിട്ടില്ല. ഉപയോഗിച്ച ഒരു യന്ത്രത്തിനുണ്ടായ തകരാറാണു പ്രശ്നമായത്. മുന്‍കൂട്ടി വാര്‍ത്ത ബീമുകള്‍ തൂണുകളില്‍ ഉറപ്പിക്കുന്നത് ബെയറിങ്ങിനു മുകളിലാണ്. അതിനായി ബീം ഉയര്‍ത്തി നിര്‍ത്തും. എന്നിട്ട് അതിനടിയില്‍ ബെയറിങ് പാഡ് വച്ച് കാസ്റ്റിങ്ങും സ്ട്രെസ്സിങ്ങും ചെയ്യും. അതിനുശേഷം ബീം മെല്ലെ താഴ്ത്തി അതിനു മുകളില്‍ ഉറപ്പിക്കുന്നതാണു രീതി. ജാക്കികള്‍ ഉപയോഗിച്ചാണ് ഒരു ബീം ഉയര്‍ത്തി നിര്‍ത്തുന്നത്. ഇവ ഉപയോഗിച്ചാണ് ബീം താഴ്ത്തി തിരികെ ഉറപ്പിക്കുന്നതും. ഇതനുസരിച്ച് ഉയര്‍ത്തിനിര്‍ത്തിയിരുന്ന ഒരു ബീം ഉറപ്പിക്കാനായി താഴ്ത്തുന്നതിനിടെ അതിനെ താങ്ങിനിര്‍ത്തിയിരുന്ന ജാക്കികളില് ഒന്ന് പ്രവര്‍ത്തിച്ചില്ല. മാനുഷികമോ നിര്മാണപരമോ ആയ എന്തെങ്കിലും പിഴവ് ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. പാലം നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും യുഎല്‍സിസി അറിയിച്ചു.
- TAGS:
- ULCCS
- PK Firos
- Muhammed Riyas