Top

'കെ റെയിലിന്റെ സാമ്പത്തിക പ്രായോഗികത വിലയിരുത്തും'; ഭൂമി നല്‍കുന്നവര്‍ക്ക് മാന്യമായ നഷ്ടപരിഹാരം നല്‍കുമെന്ന് യെച്ചൂരി

'ആരു ജയിച്ചാലും ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുന്ന അവസ്ഥ'

3 March 2022 9:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെ റെയിലിന്റെ സാമ്പത്തിക പ്രായോഗികത വിലയിരുത്തും; ഭൂമി നല്‍കുന്നവര്‍ക്ക് മാന്യമായ നഷ്ടപരിഹാരം നല്‍കുമെന്ന് യെച്ചൂരി
X

കൊച്ചി: കെ റെയില്‍ പദ്ധതിയുമായി കേരളത്തിലെ ഇടത് സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കെ റെയിലിനെക്കുറിച്ച് മുന്‍പേ തന്നെ സിപിഐഎം വ്യക്തമാക്കിയിട്ടുള്ളതാണ്. പാരിസ്ഥിതികമായുള്ള ആഘാതത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐഎം സംസ്ഥാന സമ്മേളന നഗരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഈ പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കലിന് വിധേയരാകുന്നവര്‍ക്ക് നിലവിലെ വിപണിമൂല്യത്തേക്കാള്‍ ഉയര്‍ന്ന വില നല്‍കണം. പദ്ധതി സാമ്പത്തികമായി നേട്ടമുണ്ടാക്കുമോ പ്രായോഗികമാണോ എന്നതെല്ലാം വ്യക്തമായി നിര്‍ണയിക്കപ്പെട്ടു. ഈ മൂന്ന് കാര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് പദ്ധതി മുന്നോട്ട് പോകുന്നത്. ഇന്ത്യന്‍ റെയില്‍വേ സ്വകാര്യവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ റെയില്‍വേയുമായി കൂടുതല്‍ സഹകരിക്കണമെന്നും ആശ്രയിക്കണമെന്നും പറയുന്നത് യുക്തിസഹമല്ല'. റെയില്‍വേ ഒരു സര്‍ക്കാര്‍ സംവിധാനം അല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

'ആരു ജയിച്ചാലും ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുന്ന അവസ്ഥ'

തെരഞ്ഞെടുപ്പില്‍ ആര് ജയിച്ചാലും ബിജെപി സര്‍ക്കാരുണ്ടാക്കുന്ന അവസ്ഥയുണ്ടെന്ന് യെച്ചൂരി. 'അതില്‍ മാറ്റം വരണം. ബിജെപി ഇപ്പോള്‍ കിതയ്ക്കുകയാണ്. മതേതര മനസ്സുള്ളവര്‍ ബിജെപിക്കെതിരെ ഒന്നിക്കണം. മൃദു ഹിന്ദുത്വം കൊണ്ട് തീവ്ര ഹിന്ദുത്വത്തെ തകര്‍ക്കാനാകില്ല. ആര്‍എസ്എസിനെ ചെറുക്കാന്‍ മതേതര മുന്നേറ്റങ്ങള്‍ക്കേ കഴിയൂ. രാജ്യത്താകമാനം യുവാക്കള്‍ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു'.

'ചെറുപ്പക്കാര്‍ പാര്‍ട്ടിയിലേക്ക് വരുന്നുണ്ട്. ബംഗാളില്‍ വിദ്യാര്‍ത്ഥി സംഘടനാ മുന്നേറ്റം നടക്കുന്നുണ്ട്. കേന്ദ്ര കമ്മിറ്റിയില്‍ 75ലധികം പ്രായമുള്ളവരുണ്ടാകില്ല. സംസ്ഥാന കമ്മിറ്റികള്‍ അത് നടപ്പിലാക്കിത്തുടങ്ങി. ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ ഇടം നല്‍കാന്‍ വേണ്ടിയാണിത്'. എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടി നയരേഖയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

'യുക്രൈന്‍ റഷ്യയില്‍ നടത്തുന്ന അധിനിവേശത്തെക്കുറിച്ചും യെച്ചൂരി പ്രതികരിച്ചു. യുക്രൈന്‍ നാറ്റോയില്‍ അംഗമാകരുത്. ലോകസമാധാനം പുനഃസ്ഥാപിക്കപ്പെടണം. യുക്രൈന്‍ നാറ്റോയുമായുള്ള ബന്ധം അവസാനിപ്പിച്ച് നിഷ്പക്ഷത പുലര്‍ത്തണം. നയതന്ത്ര തലത്തില്‍ പ്രശ്നം പരിഹരിക്കണം. യുക്രൈന്‍ സ്വതന്ത്ര രാജ്യമായി തുടരണം. ആഗോള ആധിപത്യം നിലനിര്‍ത്തുകയാണ് അമേരിക്കയുടെ ലക്ഷ്യം. കേന്ദ്ര സര്‍ക്കാര്‍ കാര്യക്ഷമമായി യുക്രൈന്‍ വിഷയത്തില്‍ ഇടപെട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. രക്ഷാദൗത്യം വൈകി. യുക്രൈനില്‍ കുടുങ്ങിയ ആളുകളെ എത്രയും പെട്ടെന്ന് സുരക്ഷിതമായി തിരികെ എത്തിക്കണം. റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കണം. റഷ്യ വെടിനിര്‍ത്തലിന് തയ്യാറാകണം. ആഗോള ആധിപത്യം നിലനിര്‍ത്തുകയാണ് അമേരിക്കയുടെ ലക്ഷ്യം.', യെച്ചൂരി പറഞ്ഞു.

STORY HIGHLIGHTS: Yechury said decent compensation would be given to those who give land for KRAIL project

Next Story