Top

'പശുവിന് മാത്രം ഇളവെന്തിന്?'; നിഖില വിമലിനെ പിന്തുണച്ച് എം മുകുന്ദന്‍; 'പശുവിനെ കൊന്നാല്‍ കലാപമുണ്ടാകുന്ന നാടായി'

16 May 2022 1:17 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പശുവിന് മാത്രം ഇളവെന്തിന്?; നിഖില വിമലിനെ പിന്തുണച്ച് എം മുകുന്ദന്‍; പശുവിനെ കൊന്നാല്‍ കലാപമുണ്ടാകുന്ന നാടായി
X

കോഴിക്കോട്: പശുവിനെ കൊന്നാല്‍ കലാപമുണ്ടാകുന്ന നാട്ടിലാണ് നാം ജീവിക്കുന്നതെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. ഭക്ഷിക്കുന്നതിന് മൃഗങ്ങളെ കൊല്ലുന്നതില്‍ പശുവിന് മാത്രം ഇളവ് നല്‍കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഭക്ഷിക്കുന്നതിനായി എല്ലാ മൃഗങ്ങളെയും വെട്ടുമ്പോള്‍ പശുവിന് ഇളവ് നല്‍കേണ്ടെന്ന സിനിമാ താരം നിഖില വിമലിന്റെ അഭിപ്രായത്തെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പശു ഒരു മൃഗമാണെന്നാണ് നാം പഠിച്ചിരുന്നത്. എന്നാല്‍ ഇന്ന് പശു ഭയപ്പെടുത്തുന്ന മൃഗമായി മാറിയ ഒരു കാലത്താണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ കുടിയൊഴിപ്പിക്കല്‍ നടപടിയെക്കുറിച്ചും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ഡല്‍ഹിയില്‍ ബുള്‍ഡോസര്‍ രാഷ്ട്രീയമാണ്. അവിടങ്ങളിലെല്ലാം ഇരയാവുന്നത് സാധാരണക്കാരാണെന്നും അദ്ദേഹം പറഞ്ഞു. കാരപറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കെഎസ്ടിഎ സംസ്ഥാന അധ്യാപക കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങളില്‍ സപ്ലിമെന്റും പ്രകാശനം ചെയ്തു.

ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മൈല്‍ സ്റ്റോണ്‍ എന്ന യുട്യൂബ് ചനലിന് നല്‍കിയ അഭമുഖത്തിലാണ് നിഖിലയുടെ പശുവിനെക്കുറിച്ചുള്ള പരാമര്‍ശം നടത്തിയത്. ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്നും. താന്‍ എല്ലാം കഴിക്കുമെന്നുമാണ് നിഖില പറഞ്ഞത്.

STORY HIGHLIGHTS: Writer M Mukundan says that we live in a country where riots occur when a cow is killed

Next Story