Top

'മാപ്പ് പറയാന്‍ ഞങ്ങള്‍ സവര്‍ക്കര്‍ അല്ല'; സഭയില്‍ നിന്ന് പുറത്താക്കിയാലും മാപ്പ് ഇല്ല'; നിലപാട് വ്യക്തമാക്കി ഇടത് എംപിമാര്‍

പാര്‍ലമെന്റിനെ ബിജെപി സര്‍ക്കാര്‍ ജനാധിപത്യ ധ്വംസനത്തിന്റെ വേദിയാക്കി മാറ്റുകയാണ്

30 Nov 2021 11:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാപ്പ് പറയാന്‍ ഞങ്ങള്‍ സവര്‍ക്കര്‍ അല്ല; സഭയില്‍ നിന്ന് പുറത്താക്കിയാലും മാപ്പ് ഇല്ല; നിലപാട് വ്യക്തമാക്കി ഇടത് എംപിമാര്‍
X

മാപ്പ് പറഞ്ഞാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്ന രാജ്യസഭാ അധ്യക്ഷന്റെ നിലപാട് തള്ളി ഇടത് എംപിമാര്‍. മാപ്പ് പറയാന്‍ തങ്ങള്‍ സവര്‍ക്കറല്ലെന്നാണ് കേന്ദ്രത്തോട് ബിനോയ് വിശ്വം പറഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ വൈരാഗ്യബുദ്ധിയോടെയാണ് പെരുമാറുന്നത്. രാജ്യത്ത് നരേന്ദ്രമോദി മാര്‍ഷല്‍ ഭരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെ നിയമപരമായി നേരിടുമെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.

ഖേദപ്രകടനം നടത്താന്‍ തയ്യാറല്ലെന്ന് എളമരം കരീം എംപിയും പറഞ്ഞു. സഭയില്‍ നിന്ന് പുറത്താക്കിയാല്‍ പോലും മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് എളമരം വ്യക്തമാക്കി. സസ്‌പെന്‍ഷന്‍ നടപടി നേരിടുന്ന എംപിമാര്‍ നാളെ പാര്‍ലമെന്റ് ഗാന്ധി പ്രതിമക്ക് മുന്നിലാണ് പ്രതിഷേധം നടത്തും. ഭരണകക്ഷികള്‍ മാത്രമുള്ള കമ്മിറ്റി പ്രതിപക്ഷത്തിന്റെ വാദം കേള്‍ക്കാന്‍ തയ്യാറാകാതെയാണ് എംപിമാരെ സസ്പെന്‍ഡ് ചെയ്തത്. വ്യക്തിപരമായി നല്‍കിയ പരാതിയിലും നടപടി ഉണ്ടായില്ല. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നും എളമരം കരീം പറഞ്ഞു.

സസ്‌പെന്‍ഷന്‍ നടപടിയെക്കുറിച്ച് എളമരം കരീം പറഞ്ഞത് ഇങ്ങനെ: ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ പാര്‍ലമെന്റിനെ ബിജെപി സര്‍ക്കാര്‍ ജനാധിപത്യ ധ്വംസനത്തിന്റെ വേദിയാക്കിമാറ്റുകയാണ്. ബിജെപി എന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഭീരുത്വവും വിമര്‍ശനങ്ങളോടും ചര്‍ച്ചകളോടുമുള്ള അസഹിഷ്ണുതയുമാണ് ഇന്ന് വെളിവായത്. ചര്‍ച്ചകള്‍ അനുവദിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധിച്ച ഞങ്ങള്‍ 12 എംപിമാരെ പുറത്താക്കിയതിലൂടെ ഒരു ജനാധിപത്യ സമൂഹത്തിന് ഒട്ടും യോജിക്കുന്നതല്ല തങ്ങളുടെ നയമെന്ന് ബിജെപി വീണ്ടും തെളിയിച്ചിരിക്കുന്നു. എതിര്‍ ശബ്ദങ്ങളും പ്രതിഷേധങ്ങളും അനുവദിക്കില്ല എന്ന നിലപാട് രാജ്യത്തിന്റെ മുന്നോട്ടുപോക്കിന് ഗുണകരമല്ല.

അസാധാരണ സംഭവങ്ങളാണ് ബിജെപി ഭരണത്തിന്കീഴില്‍ പാര്‍ലമെന്റില്‍ നടക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ലിന്‍മേല്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും ലോകസഭയിലേത് പോലെ രാജ്യസഭയിലും ചര്‍ച്ച നിഷേധിച്ചു. കര്‍ഷക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ എംപിമാര്‍ നോട്ടീസ് നല്‍കിയെങ്കിലും പ്രതിപക്ഷ ആവശ്യം സഭാധ്യക്ഷന്‍ നിരാകരിച്ചു. 2020ല്‍ എങ്ങനെയാണോ കര്‍ഷക നിയമങ്ങള്‍ പാസാക്കിയത് അതുപോലെതന്നെ ചര്‍ച്ച അനുവദിക്കാതെയാണ് പിന്‍വലിക്കാനുള്ള ബില്ലും പാസാക്കിയത്. ഭരണഘടനയും സഭാ ചട്ടങ്ങളും ഇത്തരത്തില്‍ ചവിട്ടിയരയ്ക്കപ്പെടുന്നത് ദൗര്‍ഭാഗ്യകരമാണ്. ഈ സാഹചര്യത്തില്‍ ശക്തമായി പ്രതിഷേധിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല. എന്നാല്‍ ഈ പ്രതിഷേധങ്ങളെ വക്രീകരിച്ച് പ്രതിപക്ഷത്തെ ജനങ്ങള്‍ക്ക് മുന്‍പില്‍ മോശക്കാരാക്കി ചിത്രീകരിക്കാനാണ് രാജ്യസഭ ചെയര്‍മാനും ഭരണ കക്ഷിയും ശ്രമിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ എതിര്‍ക്കാനും അതിനെതിരെ സഭാനടപടികള്‍ക്ക് അനുസൃതമായി പ്രതികരിക്കാനുമാണ് പ്രതിപക്ഷം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുപോലും അനുവദിക്കാതിരിക്കുമ്പോള്‍ എംപിമാര്‍ എന്തുചെയ്യണം? കഴിഞ്ഞ സമ്മേളനത്തില്‍ പ്രതിപക്ഷ എംപിമാര്‍ ഉയര്‍ത്തിയ എല്ലാ ആരോപണങ്ങളും ശരിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. പെഗാസസ്, കാര്‍ഷിക നിയമങ്ങള്‍ എന്നീ വിഷയങ്ങളില്‍ മുന്‍ നിലപാട് തിരുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. ജനങ്ങള്‍ക്കുമുന്നില്‍ മുഖം നഷ്ടപ്പെട്ട മോഡി സര്‍ക്കാര്‍ ആ ജാള്യത മറയ്ക്കാനുള്ള ഒരു ഉപായം എന്നോണമാണ് ഞങ്ങള്‍ക്കെതിരെ സസ്‌പെന്‍ഷന്‍ നടപടി പ്രഖ്യാപിച്ചത്. കഴിഞ്ഞ സമ്മേളനത്തിലുണ്ടായ സംഭവത്തിന്റെ പേരില്‍ നടപ്പ് സമ്മേളനത്തില്‍ നടപടി എടുക്കുന്നത് മുമ്പൊരിക്കലും ഉണ്ടായിട്ടില്ല.

പാര്‍ലമെന്ററി ജനാധിപത്യത്തെ സര്‍ക്കാര്‍ അവഹേളിക്കുകയാണ്. അന്വേഷണ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സര്‍ക്കാര്‍ പറയുന്നു. അന്വേഷണസമിതി പ്രതിപക്ഷത്തെ കണ്ടിട്ടില്ല. എംപിമാരെ ആക്രമിച്ച സുരക്ഷ ജീവനക്കാര്‍ക്കെതിരെ പ്രതിപക്ഷ അംഗങ്ങള്‍ പരാതി നല്‍കിയിരുന്നു. ഈ പരാതികളിന്മേല്‍ നടപടി എടുത്തിട്ടില്ല. സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. ഭാവിപരിപാടികള്‍ ആലോചിക്കാന്‍ ചൊവ്വാഴ്ച രാവിലെ 10നു പ്രതിപക്ഷകക്ഷികളുടെ യോഗം ചേരുന്നുണ്ട്. ബിജെപി നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധ നിലപാടുകള്‍ തുറന്നുകാണിക്കാന്‍ ലഭിച്ച ഒരു അവസരമാണ് ഈ സസ്‌പെന്‍ഷന്‍.


Next Story

Popular Stories