എസ്എഫ്ഐ വനിതാ നേതാവിന് നേരെയുണ്ടായ ആക്രമണം; മയക്കുമരുന്നു സംഘം ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
2 Dec 2022 7:19 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൽപ്പറ്റ: മേപ്പാടി പോളിടെക്നിക് കോളേജിലെ മയക്കുമരുന്നു സംഘം കഞ്ചാവും എംഡിഎംഎയും ഉൾപ്പെടെയുളള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. കോളേജിലെ എസ്എഫ്ഐ വനിതാ നേതാവ് അപർണ ഗൗരിയെ ആക്രമിച്ചെന്ന് എസ്എഫ്ഐ പറയുന്ന 'ട്രാബിയൊക്ക്' എന്ന സംഘത്തിലെ വിദ്യാർത്ഥികളുടെ വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ദൃശ്യങ്ങളിൽ കാണുന്നവരാണ് അപർണ ഗൗരിയെ ആക്രമിച്ചതെന്നും പി എം ആർഷോ പോസ്റ്റിൽ ആരോപിക്കുന്നു. കോളേജിൽ 'ട്രാബിയൊക്ക്' എന്ന പേരിൽ അറിയപ്പെടുന്ന സംഘമാണ് അപർണയെ ആക്രമിച്ചതെന്ന് എസ്എഫ്ഐ നേരത്തെ പ്രതികരിച്ചിരുന്നു.
അതേസമയം അക്രമ സംഭവത്തിൽ നാല് വിദ്യാർത്ഥികൾ അറസ്റ്റിലായിട്ടുണ്ട്. കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികളായ കിരൺ രാജ്, കെടി അതുൽ, ഷിബിലി, അബിൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ അപർണയെ മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടെയാണ് ആക്രമണമുണ്ടായത്.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. യൂണിയന് തെരഞ്ഞെടുപ്പിന്റെ വേട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുന്‍പായിരുന്നു അക്രമണം. സംഘമായെത്തിയവര്‍ അപര്‍ണയുടെ മുടിക്ക് കുത്തി പിടിച്ച് മതിലിനോട് ചേര്‍ത്ത് നിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. മതിലിന്റെ മുകളില്‍ നിന്ന് തള്ളിയിട്ട് ചവിട്ടുകയും ചെയ്തെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.
പി എം ആർഷോയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം:
ട്രാബിയൊക്, ഈ ദൃശ്യങ്ങളിൽ കാണുന്നവരാണ് സഖാവ് അപർണയെ ആക്രമിച്ച മേപ്പാടി പോളിയിലെ വലതു വിദ്യാർത്ഥി സംഘടനകൾ പാലൂട്ടി വളർത്തുന്ന 'ട്രാബിയൊക്' എന്ന മയക്കുമരുന്ന് മാഫിയ സംഘം. മയക്കുമരുന്ന് ഉപയോഗവും വിപണനവുമായി മേപ്പാടി പോളിയിൽ വിഹരിക്കുന്ന ഈ ക്രിമിനൽ സംഘത്തെയും, ഇവരെ ഉപയോഗിച്ച് എസ് എഫ് ഐ യെ ഉന്മൂലനം ചെയ്യാൻ ഇറങ്ങി പുറപ്പെട്ടവരെയും ഞങ്ങൾ പ്രതിരോധിക്കുക തന്നെ ചെയ്യും. കനത്ത പ്രതിരോധം.
STORY HIGHLIGHTS: wayanad sfi leader attacked case
- TAGS:
- Wayanad
- SFI
- Aparna Gowri
- PM Arsho