'അബ്ദുറഹ്മാന്റെ പേരില്‍ തന്നെ തീവ്രവാദിയുണ്ട്'; വര്‍ഗീയ പരാമര്‍ശവുമായി ഫാ. ഡിക്രൂസ്
അബ്ദുറഹ്മാന് മത്സ്യത്തൊഴിലാളുകളുടെ കാര്യം നോക്കേണ്ട മന്ത്രിയാണ്. പക്ഷെ വിടുവായനായ അബ്ദുറഹ്മാന് അഹമ്മദ് ദേവര്‍കോവിലിന് വേണ്ടിയാണ് സംസാരിക്കുന്നത്.
29 Nov 2022 9:20 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം:മന്ത്രി വി അബ്ദുറഹ്മാനെതിരെ വര്‍ഗീയ പരാമര്‍ശവുമായി വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ്. അബ്ദുറഹ്മാന്റെ പേരില്‍ തന്നെയൊരു തീവ്രവാദിയുണ്ടെന്നാണ് ഡിക്രൂസ് മാധ്യമങ്ങളോട് പറഞ്ഞത്.
''അബ്ദുറഹ്മാന്റെ പേരില്‍ തന്നെയൊരു തീവ്രവാദിയുണ്ട്. അബ്ദുറഹ്മാന് യഥാര്‍ത്ഥത്തില്‍ മത്സ്യത്തൊഴിലാളുകളുടെ കാര്യം നോക്കേണ്ട മന്ത്രിയാണ്. പക്ഷെ വിടുവായനായ അബ്ദുറഹ്മാന് അഹമ്മദ് ദേവര്‍കോവിലിന് വേണ്ടിയാണ് സംസാരിക്കുന്നത്. രാജ്യദ്രോഹം ചെയ്തത് ആരാണെന്ന് വിഴിഞ്ഞത്ത് നടന്ന സമരത്തില്‍ നിന്ന് മനസിലാകും. അബ്ദുറഹ്മാന്റെ ഗുണ്ടകളെ അഴിഞ്ഞാടാന്‍ വിട്ടതുകൊണ്ടാണ് മത്സ്യത്തൊഴിലാളികള്‍ നിഷ്കരുണം അടികൊള്ളേണ്ടി വന്നത്. ഞങ്ങള്‍ രാജ്യദ്രോഹികളായിരുന്നെങ്കില്‍ അബ്ദുറഹ്മാനെ പോലുള്ള ഏഴാം കൂലികള്‍ ഇവിടെ ഭരണം നടത്തില്ലായിരുന്നു.''-തിയോഡോഷ്യസ് ഡിക്രൂസ് പറഞ്ഞു.
രാജ്യദ്രോഹികളെന്ന് തങ്ങളെ വിളിക്കാന്‍ മാത്രം തരംതാണുപോയ മന്ത്രിയാണ് അബ്ദുറഹ്മാനെന്നും ഡിക്രൂസ് പറഞ്ഞു. അബ്ദുറഹ്മാനെ പുറത്താക്കാന്‍ ഗവര്‍ണറോ പ്രധാനമന്ത്രിയോ ഇടപെടണം. ദേശീയപതാക നേരായ രീതിയില്‍ ഉയര്‍ത്താന്‍ അറിയാത്തവരാണ് ഞങ്ങളെ രാജ്യദ്രോഹിയെന്ന് വിളിക്കുന്നത്. അബ്ദുറഹ്മാന് വിടുവായത്തവുമായി വരിക. സമരപ്പന്തലില്‍ വച്ച് കാണാം.-ഡിക്രൂസ് പറഞ്ഞു.
വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന് വ്യക്തമാക്കി. ഒരു രാജ്യത്തിന് ആവശ്യമുള്ള നിര്‍മ്മാണം തടയാന്‍ രാജ്യസ്നേഹമുള്ള ആര്‍ക്കും കഴിയില്ല. സാമ്പത്തിക വളര്‍ച്ചയെ തടയുന്നത് രാജ്യദ്രോഹക്കുറ്റമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
''സര്‍ക്കാരിന് താഴാവുന്നതിനും ഒരു പരിധിയുണ്ട്. ഇത്രയധികം താഴേണ്ടതില്ലെന്ന് എല്ലാവരും പറഞ്ഞതാണ്. സമരക്കാരെ സമവായത്തിലെത്തിക്കാന്‍ ആവുന്നത്ര ശ്രമിച്ചു. ഒരാഴ്ചയെങ്കിലും തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കണം എന്ന് പറയുന്നത് സമരം അല്ല മറ്റെന്തോ ആണ്. തുറമുഖം എന്തായാലും വരും, അത് സര്‍ക്കാരിന്റെ വാക്കാണ്. തുറമുഖത്തിന്റെ ലാഭം മുഖ്യമന്ത്രിക്ക് വീട്ടില്‍ കൊണ്ടുപോകാനല്ല. കാലാവസ്ഥ വ്യതിയാനമാണ് നമ്മുടെ തീരങ്ങളെ ബാധിച്ചിരിക്കുന്നത്. അതാണ് ഇപ്പോഴത്തെ പ്രശ്നം. ഹാര്‍ബര്‍ ഉള്ളത് കൊണ്ടല്ല കടലാക്രമണം. ചരക്ക് ഗതാഗതത്തിന് ഏറ്റവും യോജിച്ച തുറമുഖമാണ് വിഴിഞ്ഞം. വികസനം വേണ്ടെന്ന് ആര്‍ക്കാണ് പറയാന്‍ ആവുക. തുറമുഖം വേണം എന്ന് കേരളം ഒരുമിച്ച് ആഗ്രഹിച്ചതാണ്.''-അബ്ദുറഹ്മാന് പറഞ്ഞു.