Top

ആദ്യം എഴുത്ത് പരീക്ഷ, പിന്നീട് പ്രാക്ടിക്കല്‍; ഓണ്‍ലൈന്‍ ക്ലാസ് ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് സംവിധാനം ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

27 Jan 2022 11:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആദ്യം എഴുത്ത് പരീക്ഷ, പിന്നീട് പ്രാക്ടിക്കല്‍; ഓണ്‍ലൈന്‍ ക്ലാസ് ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി
X

ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് സംവിധാനം ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ക്ക് വിക്ടേഴ്‌സ് ചാനല്‍ വഴി ഡിജിറ്റല്‍ ക്ലാസ് ഉണ്ടായിരിക്കും. എട്ട് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ക്ക് ജിസ്യൂട്ട് പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈന്‍ ക്ലാസും ഉണ്ടായിരിക്കും. ടീച്ചര്‍മാര്‍ ക്ലാസ് അറ്റന്റന്‍സ് നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്നും മന്ത്രി അറിയിച്ചു. 10, 11, 12 ക്ലാസുകളിലേക്കുള്ള പാഠഭാഗങ്ങള്‍ പരീക്ഷയ്ക്ക് മുമ്പ് നിര്‍ബന്ധമായും പൂര്‍ത്തിയാകുംവിധം ക്രമീകരണം ഉണ്ടാക്കണം. പ്രാക്ടിക്കല്‍ പരീക്ഷ മാറ്റുന്ന സാഹചര്യം കൂടി അതിനായി വിനിയോഗിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

അധ്യാപകരും അനധ്യാപകരും സ്‌കൂളുകളില്‍ എല്ലാ ദിവസവും ഹാജരാകണം. 10, 12 ക്ലാസ്സുകളിലേയ്ക്കുള്ള വാര്‍ഷിക പരീക്ഷയുമായി ബന്ധപ്പെട്ട കുട്ടികള്‍ക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്നും മന്ത്രി പറഞ്ഞു. ഈ അധ്യയന വര്‍ഷം തുടക്കം മുതല്‍ തന്നെ ഡിജിറ്റല്‍/ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചിട്ടുണ്ട്. നവംബര്‍ 1 ന് ഓഫ്‌ലൈന്‍ ക്ലാസ്സുകളും തുടങ്ങി. പൊതുപരീക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കോവിഡ് കാലത്ത് നടത്തിയപോലുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകളില്‍ നടത്തണം. ഇതിനായി സ്‌കൂള്‍തലത്തില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി യോഗങ്ങള്‍ നടത്തണം. ഹയര്‍ സെക്കണ്ടറി ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷ ഈ മാസം 31 ന് ആരംഭിക്കും.

കോവിഡ് പോസിറ്റീവ് കുട്ടികള്‍ക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക റൂം ഉണ്ടായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എഴുത്ത് പരീക്ഷക്ക് മുമ്പാണ് ഇപ്പോള്‍ പ്രാക്ടിക്കല്‍ പരീക്ഷ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇത് മാറ്റി എഴുത്ത്പരീക്ഷയ്ക്കുശേഷം പ്രാക്ടിക്കല്‍ പരീക്ഷ നടത്തുന്നതാണ്. പ്ലസ് വണ്‍ പരീക്ഷ നടത്തിയത് കുട്ടികളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയുണ്ടായി. ഈ വര്‍ഷം പൊതുപരീക്ഷയ്ക്ക് 60% ഫോക്കസ് ഏരിയയില്‍ നിന്ന് 70% ചോദ്യങ്ങള്‍ക്കാണ് ഉത്തരമെഴുതേണ്ടത്. ആകെ 105% ചോദ്യങ്ങള്‍ നല്‍കും. നോണ്‍ ഫോക്കസ് ഏരിയയില്‍ നിന്ന് 30% ചോദ്യങ്ങള്‍ക്കാണ് ഉത്തരമെഴുതേണ്ടത്. ആകെ 45% ചോദ്യങ്ങള്‍ നല്‍കും.വിദ്യാര്‍ത്ഥികളുടെ മികവിനനുസരിച്ച് മുല്യ നിര്‍ണ്ണയം നടത്തുന്നതിനാണ് മാറ്റങ്ങള്‍. എന്‍ട്രന്‍സ് ഉള്‍പ്പടെയുള്ള പരീക്ഷകളില്‍ എല്ലാ പാഠഭാഗങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ വരുമ്പോള്‍ നമ്മുടെ കുട്ടികള്‍ പിന്നോക്കം പോകാന്‍ പാടില്ലെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

ഇന്റേണല്‍/പ്രാക്ടിക്കല്‍ മാര്‍ക്കുകള്‍ കൂടിവിദ്യാര്‍ത്ഥികളുടെ ഗ്രേഡ് നിശ്ചയിക്കുന്നതിന് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. എ+ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ ശിശു കേന്ദ്രീകൃത സമഗ്രവികാസമെന്ന കാഴ്ചപ്പാടിനെ ദുര്‍ബലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Next Story