Top

'കേന്ദ്രമന്ത്രി കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതിന് പിന്നില്‍ വി മുരളീധരന്‍'; ബിജെപി നേതാക്കളുടെ ഉപദേശപ്രകാരമാണെന്ന് മന്ത്രി ശിവന്‍കുട്ടി

''മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം കേന്ദ്രമന്ത്രിയെ കാണാന്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ എത്തിയപ്പോള്‍ അനുമതി നിഷേധിച്ചത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനം.''

29 July 2022 9:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേന്ദ്രമന്ത്രി കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതിന് പിന്നില്‍ വി മുരളീധരന്‍; ബിജെപി നേതാക്കളുടെ ഉപദേശപ്രകാരമാണെന്ന് മന്ത്രി ശിവന്‍കുട്ടി
X

ന്യൂഡല്‍ഹി: സംസ്ഥാനത്തെ മന്ത്രിമാരെ കാണുന്നതിന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് അനുമതി നിഷേധിച്ചതിന് പിന്നില്‍ കേന്ദ്രമന്ത്രി വി മുരളീധരനാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി. മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരമാണ് കേന്ദ്രമന്ത്രിയെ കാണാന്‍ എത്തിയത്. അനുമതി നിഷേധിച്ചത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്ന് ശിവന്‍കുട്ടി വ്യക്തമാക്കി.

മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത്: ''കേരളത്തിലെ മന്ത്രിമാര്‍ ഡല്‍ഹിയിലെത്തുമെന്ന് അറിഞ്ഞതോടെ ബിജെപി സംഘം ഉടന്‍തന്നെ റെയില്‍വേ മന്ത്രിയെ കണ്ടു. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ചത്. ബിജെപി നേതാക്കളുടെ ഉപദേശപ്രകാരമാണിത്. ബിജെപിയുടെ ഒരു പ്രാദേശിക നേതാവ് എത്തിയാല്‍ കേന്ദ്രമന്ത്രി കാണാന്‍ സമ്മതിക്കും. അതില്‍ ഞങ്ങള്‍ക്ക് വിയോജിപ്പ് ഇല്ല. കാരണം ജനാധിപത്യ സംവിധാനത്തില്‍ അതിനുള്ള അവകാശമുണ്ട്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം കേന്ദ്രമന്ത്രിയെ കാണാന്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ എത്തിയപ്പോള്‍ അനുമതി നിഷേധിച്ചത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്. രാഷ്ട്രീയ മുതലെടുപ്പാണ് നടന്നത്. ഈ കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് പരാതി നല്‍കും. സംസ്ഥാനത്തെ വികസനങ്ങള്‍ക്ക് തടസം നില്‍ക്കുന്നത് കേന്ദ്ര മന്ത്രി വി. മുരളീധരനാണ്.''

നേമം ടെര്‍മിനല്‍, തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ വികസനം എന്നിവയെക്കുറിച്ച് റെയില്‍വെ മന്ത്രിയുമായി ചര്‍ച്ച നടത്താനായാണ് മന്ത്രിമാരായ വി.ശിവന്‍കുട്ടി, ആന്റണി രാജു, ജിആര്‍ അനില്‍ എന്നിവര്‍ കൂടിക്കാഴ്ചയ്ക്ക് സമയം തേടിയത്. എന്നാല്‍ റെയില്‍വെ മന്ത്രിക്ക് പകരം സഹമന്ത്രിയെ കാണാനാണ് മന്ത്രിമാര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. തുടര്‍ന്ന് റെയില്‍വെ സഹമന്ത്രിയുമായി മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി. നേമം ടെര്‍മിനല്‍ അടക്കമുള്ള പദ്ധതികളിലെ ആശങ്ക പരിഹരിക്കണമെന്ന് മന്ത്രിമാര്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Next Story