സര്‍വ്വകലാശാല നിയമഭേദഗതി ബില്‍ ഇന്ന് സഭയില്‍; അധികാരമുറപ്പിക്കാന്‍ സര്‍ക്കാര്‍, ഒപ്പിടില്ലെന്ന് മുന്നറിയിപ്പ് നല്കി ഗവര്‍ണര്‍
സെര്‍ച്ച് കമ്മിറ്റിയില്‍ എണ്ണം വര്‍ധിപ്പിക്കുമ്പോള്‍ രണ്ട് പ്രതിനിധികള്‍ സര്‍ക്കാരിന്റെ നോമിനികള്‍ ആയിരിക്കും
24 Aug 2022 2:12 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: സര്‍വ്വകലാശാല നിയമഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. വൈസ് ചാന്‍സിലര്‍ നിയമനങ്ങളില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതിന് ശുപാര്‍ശ ചെയ്യുന്നതാണ് നിയമഭേദഗതി. നിയമനങ്ങളില്‍ സര്‍ക്കാരിന്റെ അധികാരം ഉറപ്പ് വരുത്തുന്നതിന് സെര്‍ച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നില്‍ നിന്ന് അഞ്ചിലേക്ക് ഉയര്‍ത്തുന്നതാണ് പ്രധാന ഭേദഗതി. അതിനിടെ ഡല്‍ഹി സന്ദര്‍ശനത്തിനുശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് തിരിച്ചെത്തും.
സെര്‍ച്ച് കമ്മിറ്റിയില്‍ എണ്ണം വര്‍ധിപ്പിക്കുമ്പോള്‍ രണ്ട് പ്രതിനിധികള്‍ സര്‍ക്കാരിന്റെ നോമിനികള്‍ ആയിരിക്കും. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് സമിതിയുടെ കണ്‍വീനറാകും. യുജിസിയുടെ പ്രതിനിധിക്കും പുറമേ സര്‍വ്വകലാശാല പ്രതിനിധിയുമാണ് നിലവിലെ അംഗങ്ങള്‍. സമിതിയിലെ മൂന്നില്‍ രണ്ടുപേരും കേന്ദ്രസര്‍ക്കാര്‍ താല്പര്യമുള്ളവരായതിനാല് സംസ്ഥാന സര്‍ക്കാരിന് താല്പര്യമുള്ളവരെ വൈസ് ചാന്‍സിലര്‍മാരാക്കാന്‍ സാധിക്കില്ല. ഈ സാധ്യത ഗവര്‍ണര്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് നിയമ ഭേദഗതിക്ക് സര്‍ക്കാര്‍ മുന്‍കൈയെടുത്തത്.
ഭേദഗതിയിലൂടെ വരുന്ന പുതിയ ഘടന പ്രകാരം ഭൂരിപക്ഷം അംഗങ്ങളും നിര്‍ദേശിക്കുന്ന പാനലില്‍ നിന്നാണ് വിസിയെ ഗവര്‍ണര്‍ നിശ്ചയിക്കേണ്ടത്. വൈസ് ചാന്‍സിലര്‍മാരുടെ പ്രായപരിധി 60ല്‍ നിന്ന് 65 ആക്കുന്നതാണ് ബില്ലിലെ മറ്റൊരു ഭേദഗതി. നിയമസഭയില്‍ ബില്‍ പാസാക്കിയാലും ഗവര്‍ണര്‍ ഒപ്പിടില്ലെന്നാണ് സൂചന. പ്രതിപക്ഷവും ബില്ലിനെതിരെ സഭയില്‍ പ്രതിഷേധമറിയിക്കും
STORY HIGHLIGHTS: University Act Amendment Bill in Assembly today