Top

'പി ടി തൃക്കാക്കരയുടെ അഭിമാനമായിരുന്നു'; മരണം മുഖ്യമന്ത്രി സുവര്‍ണാവസരമായി കാണുന്നുവെന്ന് ഉമാ തോമസ്

'മരണത്തെ അദ്ദേഹം ആഘോഷമാക്കി മാറ്റുകയാണോ?'

13 May 2022 7:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പി ടി തൃക്കാക്കരയുടെ അഭിമാനമായിരുന്നു; മരണം മുഖ്യമന്ത്രി സുവര്‍ണാവസരമായി കാണുന്നുവെന്ന് ഉമാ തോമസ്
X

തൃക്കാക്കര: ഉപതിരഞ്ഞെടുപ്പിനെ തെറ്റ് തിരുത്താനുള്ള സുവര്‍ണാവസരം എന്നും പറ്റിയ അബദ്ധം തിരുത്തണമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതിഷേധാര്‍ഹവും, ദുഖകരവും, ഒരു മുഖ്യമന്ത്രിക്ക് യോജിക്കാത്തതുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്. ഉപതെരഞ്ഞെടുപ്പ് ജനങ്ങള്‍ക്ക് കഴിഞ്ഞ തവണ പറ്റിയ അബദ്ധം തിരുത്താനുള്ള സൗഭാഗ്യ നിമിഷമാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ഉമാ തോമസ്. കഴിഞ്ഞ ദിവസത്തെ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു സ്ഥാനാര്‍ത്ഥിയുടെ പ്രതികരണം.

'പി ടി യെ പോലൊരാളുടെ നഷ്ടത്തെ സുവര്‍ണാവസരമായി കാണാന്‍ ഒരു മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കും? മരണത്തെ അദ്ദേഹം ആഘോഷമാക്കി മാറ്റുകയാണോ? പി ടി തൃക്കാക്കരയുടെ അഭിമാനമായിരുന്നു. പി ടി യെ തൃക്കാക്കരക്കാര്‍ക്ക് അറിയാവുന്നത് കൊണ്ടാണ് രണ്ടാം വട്ടവും ഏറെ പ്രതികൂലമായ സാഹചര്യങ്ങള്‍ ഉണ്ടായിട്ടും ഭൂരിപക്ഷം വര്‍ധിപ്പിപ്പ് തൃക്കാക്കരയിലെ ജനങ്ങള്‍ വിജയിപ്പിച്ചത്. പി ടി യു ടെ മരണം സുവര്‍ണാവസരമായി മുഖ്യമന്ത്രി കാണുമ്പോള്‍ കേരളീയര്‍ അത് നഷ്ടമായാണ് കാണുന്നത്', ഉമാ തോമസ് ചൂണ്ടിക്കാട്ടി.

തൃക്കാക്കരയില്‍ നടക്കുന്നത് സഹതാപത്തിന്റെ പോരാട്ടമല്ല. രാഷ്ട്രീയ പോരാട്ടമാണ്. പി ടി യു ടെ രാഷ്ട്രീയ നിലപാടുകള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സ്‌നേഹം തൃക്കാക്കരക്കാര്‍ പ്രകടിപ്പിക്കുക തന്നെ ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് സംഭവിച്ച തെറ്റ് തിരുത്താനുള്ള സൗഭാഗ്യ നിമിഷമാണ് ഉപതെരഞ്ഞെടുപ്പ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. ഇപ്പോഴുള്ള എല്‍ഡിഎഫിന്റെ 99 സീറ്റുകള്‍ നിറഞ്ഞ നൂറിലേക്ക് എത്തിക്കാനുള്ള സുവര്‍ണാവസരമാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ കെപിസിസി മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍, എറണാകുളം എംപി ഹൈബി ഈഡന്‍ എന്നിവരും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പരാമര്‍ശം തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കി നിര്‍ത്താനാണ് കോണ്‍ഗ്രസ് നീക്കം.

STORY HIGHLIGHTS: Uma Thomas against cm Pinarayi Vijayan on his remarks at LDF convention that the election is an golden opportunity for people

Next Story

Popular Stories