ട്രെയിനില്‍ സഹോദരിമാര്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം; പ്രതിയെ തേടി പൊലീസ്
അശ്ലീല പ്രദര്‍ശനം നടത്തുന്ന വീഡിയോ പ്രചരിച്ചതോടെ റെയില്‍വേ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു
5 Nov 2022 7:51 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: ട്രെയിനില്‍ വെച്ച് പെണ്‍കുട്ടികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയ യുവാവിന്റെ വീഡിയോ പുറത്ത്. നാഗര്‍കോവില്‍ - കോട്ടയം എക്സ്പ്രസില്‍ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനികളായ സഹോദരിമാര്‍ക്ക് നേരെയാണ് ഇയാള്‍ അശ്ലീല പ്രദര്‍ശനം നടത്തിയത്.
ഭിന്നശേഷിക്കാരനാണ് പ്രതിയെന്നും വടി കുത്തിയാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് ട്രെയിനില്‍ കയറിയതെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. ശൗചാലയത്തിന് സമീപം നിന്നിരുന്ന ഇയാള്‍ ലൈംഗികചേഷ്ടകള്‍ കാട്ടിത്തുടങ്ങിയതോടെ പെണ്‍കുട്ടികള്‍ മൊബൈലില്‍ വീഡിയോ എടുക്കുകയായിരുന്നു. വീഡിയോ പകര്‍ത്തുന്നുണ്ടെന്ന് കണ്ട ഇയാള്‍ വേഗം കഴക്കൂട്ടം സ്റ്റേഷനില്‍ ഇറങ്ങി മറ്റൊരു ബോഗിയിലേക്ക് കയറുകയും പിന്നീട് വര്‍ക്കല സ്റ്റേഷനില്‍ ഇറങ്ങി പുറത്തേക്ക് പോയെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു.
അശ്ലീല പ്രദര്‍ശനം നടത്തുന്ന വീഡിയോ പ്രചരിച്ചതോടെ റെയില്‍വേ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിച്ച് പ്രതിയെ തിരിച്ചറിയാനാണ് പൊലീസിന്റെ ശ്രമം.
Story Highlights: Train Incident Railway Police Started Investigation