'തരൂരിനെ വിലക്കാന്‍ ആര്‍ക്കാണ് ഇത്രവാശി'; അന്വേഷണം ആവശ്യപ്പെട്ട് സുധാകരന് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാതി
കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നില്‍ നിന്ന് കുത്തുന്നവരെ തിരിച്ചറിയാനെങ്കിലും അന്വേഷണം ഉപകരിക്കുമെന്ന് നുസൂര്‍.
20 Nov 2022 6:44 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: ശശി തരൂരിന്റെ പരിപാടി യൂത്ത് കോണ്‍ഗ്രസ് ഉപേക്ഷിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഉപാധ്യക്ഷന്റെ പരാതി. എന്‍ എസ് നുസൂറാണ് കെ സുധാകരന് പരാതി നല്‍കിയത്. ആര് പറഞ്ഞിട്ടാണ് യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ നിന്നും പിന്മാറിയതെന്ന് അറിയണം. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നില്‍ നിന്ന് കുത്തുന്നവരെ തിരിച്ചറിയാനെങ്കിലും അന്വേഷണം ഉപകരിക്കുമെന്ന് നുസൂര്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഒരു പരിപാടി വച്ചാല്‍ അത് മാറ്റിവെക്കാന്‍ ആര്‍ക്കാണ് ഇത്ര വാശിയെന്നും തിരുത്തല്‍ ശക്തിയായിരുന്നു പ്രസ്ഥാനത്തിന് എന്ത് പറ്റിയെന്നും നുസൂര്‍ ചോദിച്ചു. ആരുടെയെങ്കിലും തിട്ടുരത്തിന്റെ പേരില്‍ പിന്നോട്ട് പോകുന്ന പ്രസ്ഥാനമായിരുന്നില്ല യൂത്ത് കോണ്‍ഗ്രസ് എന്നും നുസൂര്‍ പറഞ്ഞു.
അതേസമയം, വിഷയത്തില്‍ കെപിസിസി അധ്യക്ഷന്‍ നയം വ്യക്തമാക്കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് വ്യക്തമാക്കി. കോണ്‍ഗ്രസില്‍ അങ്ങനെ ആരെയും ഒഴിവാക്കാന്‍ ആവില്ല. സംവാദ പരിപാടിയുടെ സംഘാടനത്തില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് പിന്മാറിയതിനെപ്പറ്റി അവരോട് ചോദിക്കണമെന്നും സതീശന് പറഞ്ഞു.
കേരള രാഷ്ട്രീയത്തില്‍ ശശി തരൂര്‍ സജീവമാകുന്നതില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ആശങ്കയുണ്ട്. തരൂരിന്റെ പുതു സ്വീകാര്യതയാണ് നേതാക്കളെ അലട്ടുന്നത്. ഈ നേതാക്കളാണ് തരൂരിനെ കോണ്‍ഗ്രസില്‍ വിലക്കുന്നതെന് തരൂര്‍ പക്ഷം കരുതുന്നു. മുഖ്യമന്ത്രി പദം ലക്ഷ്യമിട്ടാണ് തരൂരിന്റെ മലബാര്‍ പര്യടനം എന്നാണ് ഗ്രൂപ്പുകളുടെ വിലയിരുത്തല്‍. പാണക്കാട് തങ്ങളുമായി കൂടിക്കാഴ്ച നടത്തുന്ന തരൂര്‍ ഘടകകക്ഷികളുമായി ബന്ധം ഊട്ടിയുറപ്പിക്കാനാണ് ശ്രമിക്കുന്നത്. നാല് ദിവസത്തെ മലബാര്‍ പര്യടനത്തിനുശേഷം കോട്ടയത്ത് കെഎം ചാണ്ടി അനുസ്മരണത്തിലും പിന്നീട് മന്നംജയന്തിയിലും തരൂര്‍ പങ്കെടുക്കും.
അടുത്തമാസം തെക്കന്‍ കേരളത്തില്‍ സമാനമായി തരൂര്‍ പര്യടനം നടത്തിയേക്കും. മലബാറില്‍ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായിരുന്ന എം കെ രാഘവനും തെക്കന്‍ കേരളത്തില്‍ തമ്പാനൂര്‍ രവിയുമാണ് തരൂരിന്റെ പര്യടനം ഏകോപിപ്പിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന് പിന്നാലെ തരൂരിന് പ്രവര്‍ത്തകരുടെ പിന്തുണ വര്‍ദ്ധിക്കുന്നതായാണ് വിലയിരുത്തല്‍. എ, ഐ ഗ്രൂപ്പുകളില്‍ നിന്നും പല നേതാക്കളും തരൂര്‍ പക്ഷത്തേക്ക് ചുവടു മാറുന്നുണ്ട്.
രമേശ് ചെന്നിത്തല, വി ഡി സതീശന്, കെസി വേണുഗോപാല്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിലെ പ്രബല നേതാക്കളുടെ നെഞ്ചിടിപ്പ് കൂട്ടിയാണ് തരൂര്‍ പര്യടനം തുടരുന്നത്. സാമൂഹ്യ സാംസ്കാരിക നേതാക്കളുമായുള്ള തരൂരിന്റെ കുടിക്കാഴ്ചകള്‍ ഉള്‍പ്പെടെ ലക്ഷ്യം മുഖ്യമന്ത്രിപദം ആണെന്ന കൃത്യമായ സൂചനയാണ് നല്‍കുന്നത്.