Top

'ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലി ഭാരത് ജോഡോയിൽ'; കൊടും ക്രിമിനലുകൾക്ക് പരവതാനി വിരിക്കുന്ന യാത്രയെന്ന് ആർഷോ

15 Sep 2022 8:47 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലി ഭാരത് ജോഡോയിൽ; കൊടും ക്രിമിനലുകൾക്ക് പരവതാനി വിരിക്കുന്ന യാത്രയെന്ന് ആർഷോ
X

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ കൊടും ക്രിമിനലുകൾക്ക് പരവതാനി വിരിക്കുന്ന രാഹുൽ യാത്രയെന്ന് വിശേഷിപ്പിച്ച് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. ധീരജ് വധക്കേസിലെ ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി നിഖിൽ പൈലി ജാഥയിൽ പങ്കെടുത്തുവെന്ന് ആരോപിച്ചുകൊണ്ടാണ് ആർഷോയുടെ വിമർശനം. ജോഡോ യാത്രയിലെ നിഖിൽ പൈലിയുടെ ചിത്രം ഉൾപ്പെടെയാണ് ആർഷോയുടെ ഫേസ്ബുക്ക് പോസ്റ്റ്. ധീരജിനെ കൊലപ്പെടുത്തിയതാണ് കോൺഗ്രസുകാർക്ക് അഭിമാനം തോന്നുന്ന കാര്യമെന്നും അയാളെയാണ് കോൺഗ്രസിന്റെ രാജകുമാരൻ നയിക്കുന്ന ജാഥയിൽ ആനയിക്കുന്നതെന്നും ആർഷോ കുറിപ്പിൽ വിമർശിച്ചു.

'ബിജെപിക്കെതിരെ എന്ന് പറഞ്ഞു രാഹുൽ ഗാന്ധി നയിക്കുന്ന യാത്രയുടെ യഥാർത്ഥ ലക്ഷ്യം കോൺഗ്രസിലെ കൊലപാതകികൾക്ക് പൊതു സ്വീകാര്യതയുണ്ടാക്കി കൊടുക്കാനാണോ എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണം. രാജ്യത്തെ ജനാധിപത്യ പൊതു സാമൂഹത്തിന്റെ മുഖത്ത് തുപ്പി കൊണ്ടുള്ള ഈ പേകൂത്തുകളുടെ ഉത്തരവാദിത്വം കൂടി രാഹുൽ ഗാന്ധി ഏറ്റെടുക്കുന്നുണ്ടോ എന്ന് കൂടി അദ്ദേഹം വിശദമാക്കണം,' ആർഷോ പറഞ്ഞു.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

കൊടും ക്രിമിനലുകൾക്ക് പരവതാനി വിരിക്കുന്ന രാഹുൽ യാത്ര. സഖാവ് ധീരജ് എന്ന പേര് കേരള മനഃസാക്ഷിയുടെ മരവിക്കാത്ത ഓർമകളിൽ നിന്ന് മായാറായിട്ടില്ല. ഇടുക്കിയിൽ എഞ്ചിനിയറിങ്ങ് കോളേജിൽ നിന്ന് എസ്.എഫ്.ഐയുടെ തൂവെള്ള കൊടി പിടിച്ചു എന്ന ഒറ്റ കാരണത്താൽ കെ.എസ്.യു - യൂത്ത് കോൺഗ്രസ് കൊടും ക്രിമിനലുകൾ ഇട നെഞ്ചിൽ കത്തിയിറക്കി കൊന്ന് കളഞ്ഞ ധീരജിനേയും പാവപ്പെട്ട കുടുംബാഗങ്ങളെയും അധിക്ഷേപിക്കുന്ന നിലപാടാണ് കോൺഗ്രസ് പാർടി തുടർന്ന് സ്വീകരിച്ചത്. ഇപ്പോഴിതാ ഒരു പടി കൂടി കടന്ന് സ. ധീരജ് വധക്കേസിലെ ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി നിഖിൽ പൈലി രാഹുൽ ഗാന്ധിയുടെ ജാഥയിൽ സാനിധ്യമായി മുന്നിൽ നിന്ന് തന്നെ അനുഗമിക്കുന്നു. യൂത്ത് കോൺഗ്രസ് - വനിതാ കോൺഗ്രസ് നേതാക്കൾ അയാളുമൊത്തുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി അഭിമാനത്തോടെ പ്രചരിപ്പിക്കുന്നു. 19 വയസുകാരൻ SFI പ്രവർത്തകനെ കുത്തി കൊലപ്പെടുത്തിയതാണ് കോൺഗ്രസ് നേതാക്കൾക്ക് അഭിമാനം തോന്നുന്ന കാര്യം. അയാളെയാണ് കോൺഗ്രസിന്റെ രാജകുമാരൻ നയിക്കുന്ന ജാഥയിൽ ആനയിക്കുന്നത്. ബിജെപിക്കെതിരെ എന്ന് പറഞ്ഞു രാഹുൽ ഗാന്ധി നയിക്കുന്ന യാത്രയുടെ യഥാർത്ഥ ലക്ഷ്യം കോൺഗ്രസിലെ കൊലപാതകികൾക്ക് പൊതു സ്വീകാര്യതയുണ്ടാക്കി കൊടുക്കാനാണോ എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണം. രാജ്യത്തെ ജനാധിപത്യ പൊതു സാമൂഹത്തിന്റെ മുഖത്ത് തുപ്പി കൊണ്ടുള്ള ഈ പേകൂത്തുകളുടെ ഉത്തരവാദിത്വം കൂടി രാഹുൽ ഗാന്ധി ഏറ്റെടുക്കുന്നുണ്ടോ എന്ന് കൂടി അദ്ദേഹം വിശദമാക്കണം.

STORY HIGHLIGHTS: sfi state secretary PM Arsho criticized Rahul Gandhi bharat jodo yatra

Next Story