Top

'ദീപുവിന്റെ കൊലയ്ക്ക് പിന്നിൽ ശ്രീനിജൻ എംഎൽഎ'; ക്രൂരമായി അടിച്ചു കൊന്നെന്ന് സാബു ജേക്കബ്

19 Feb 2022 3:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദീപുവിന്റെ കൊലയ്ക്ക് പിന്നിൽ ശ്രീനിജൻ എംഎൽഎ; ക്രൂരമായി അടിച്ചു കൊന്നെന്ന് സാബു ജേക്കബ്
X

ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റേത് ആസൂത്രിത കൊലപാതകമെന്ന് പാർട്ടി ചീഫ് കോർഡിനേറ്റർ സാബു ജേക്കബ്. ശ്രീനിജൻ എംഎൽഎയാണ് കൊലപാതകത്തിന് ​ഗൂഡാലോചന നടത്തിയത്. അക്രമി സംഘം കൃത്യം നടത്തുന്നതിന് മുമ്പും ശേഷവും ശ്രീനിജൻ എംഎൽഎയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ശ്രീനിജൻ എംഎൽഎയാണ് കേസിലെ ഒന്നാം പ്രതിയെന്നും സാബു ജേക്കബ് പറഞ്ഞു.

വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമാണിത്. ട്വന്റി ട്വന്റി പ്രസ്ഥാനം തുടങ്ങിയിട്ട് ഏതാണ്ട് പത്ത് വര്‍ഷം പിന്നിടുകയാണ്. ഞങ്ങള്‍ അക്രമ രാഷ്ട്രീയത്തെ എതിര്‍ക്കുന്നു. ഈ പത്ത് വര്‍ഷക്കാലത്തിനുള്ളില്‍ ഒരു ട്വന്റി ട്വന്റി പ്രവര്‍ത്തകനും മറ്റൊരു രാഷ്ട്രീയക്കാരനെ ആക്രമിച്ചിട്ടില്ല. ഞങ്ങളുടെ നൂറ് കണക്കിന് പ്രവര്‍ത്തകരെ സിപിഐഎം പ്രവർത്തകർ കൈയേറ്റം ചെയ്തിട്ടുണ്ട്. കഴിഞ്ഞ പത്ത് മാസത്തിനുള്ളില്‍ പുതിയ എംഎൽഎ അധികാരത്തില്‍ വന്ന ശേഷം ഏതാണ്ട് അമ്പതോളം പേര്‍ ആക്രമിക്കപ്പെട്ടു. പത്ത് മാസത്തിനുള്ളില്‍ ട്വന്റി ട്വന്റി ഭരിക്കുന്ന എല്ലാ പഞ്ചായത്തുകളിലും വലിയ ക്രമസമാധാന പ്രശ്‌നമാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും സാബു ജേക്കബ് പറഞ്ഞു.

പഞ്ചായത്തുകളില്‍ ഉദ്യോഗസ്ഥരായി മൂത്ത സഖാക്കളെയാണ് പ്രശ്‌നമുണ്ടാക്കാനായി നിയോഗിച്ചിരിക്കുന്നത്. പഞ്ചായത്ത് ഇലക്ട്രിസിറ്റി ബോര്‍ഡ്, പൊലീസ് വകുപ്പ് തുടങ്ങി എല്ലായിടത്തും എംഎല്‍എ തങ്ങളുടെ ആളുകളെ വിളിച്ച് നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയാണ്. ആരെങ്കിലും നിര്‍ദ്ദേശം അനുസരിക്കുന്നില്ലെങ്കില്‍ അവരെ ഓഫീസിലേക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തുകയാണ്. ഇത് ഏത് ഉദ്യോഗസ്ഥനോട് ചോദിച്ചാലും പരസ്യമായിട്ട് പറയില്ല. കാരണം അവര്‍ക്കും ഭയമുണ്ടെന്നും സാബു ജേക്കബ് പറഞ്ഞു.

ദീപുവിന്റേത് യാദൃശ്ചിക അപകട മരണമല്ല. കൊലപാതകം വളരെ ആസൂത്രിതമായി, പ്രൊഫഷണലായിട്ടാണ് നടപ്പാക്കിയത്. അദ്ദേഹത്തിന് ബാഹ്യമായിട്ട് ഒരു പരിക്കുകളും ഉണ്ടായിരുന്നില്ല. എന്നാല്‍ ആന്തരികമായി ഇടിച്ച് ചവിട്ടി പരിക്കേല്‍പ്പിച്ചു. വളരെ ആസൂത്രിതമായി ഒരു അഭിഭാഷകന്റെയും രാഷ്ട്രീയ നേതാവിന്റെയും കുരുട്ടു ബുദ്ധിയില്‍ ചെയ്ത് പ്രവൃത്തിയായാണ് മനസ്സിലാക്കേണ്ടത്. ക്രൂരമായി മര്‍ദിച്ച ശേഷം ആശുപത്രിയില്‍ പോയാല്‍ വീട്ടുകാരെ വെച്ചേക്കില്ല എന്ന് ദീപുവിനെ ഭീഷണിപ്പെടുത്തി. ഭയപ്പെട്ട അദ്ദേഹം വീട്ടിലേക്ക് പോയി. പിറ്റേദിവസം അവര്‍ വീടിനു മുന്നില്‍ കാവല്‍ നിന്നു. ബക്കറ്റ് പിരിവിന് പോയതാണെന്നാണ് പറഞ്ഞത്. പക്ഷെ വീണ്ടും ഭീഷണിപ്പെടുത്താനാണ് അവിടേക്ക് പോയത്. പുറത്തിറങ്ങിയാല്‍ കുടുംബം ബാക്കി വെച്ചേക്കില്ല എന്ന് പറയാനായിട്ടാണ് പോയതെന്നും സാബു ജേക്കബ് ആരോപിച്ചു.

STORY HIGHLIGHTS: Sabu Jacob reacts in twenty twenty worker Deepu's death

Next Story