Top

'എംപി സ്ഥാനം ആരുടെയൊക്കെ ദല്ലാള്‍ പണിയെടുത്താണെന്ന് പാര്‍ട്ടിക്കാര്‍ക്ക് പോലും അറിയാം'; എളമരം കരീമിനെതിരെ എന്‍ വേണു

'എളമരം കരീം ദല്ലാള്‍ രാഷ്ട്രീയക്കാരന്‍ മാത്രമാണ്'

9 July 2022 11:24 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എംപി സ്ഥാനം ആരുടെയൊക്കെ ദല്ലാള്‍ പണിയെടുത്താണെന്ന് പാര്‍ട്ടിക്കാര്‍ക്ക് പോലും അറിയാം; എളമരം കരീമിനെതിരെ എന്‍ വേണു
X

കോഴിക്കോട്: കെ കെ രമയ്‌ക്കെതിരെയുള്ള എളമരം കരീമിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരണവുമായി ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണു. വര്‍ഗ രാഷ്ട്രീയം എളമരം കരീമില്‍ നിന്ന് പഠിക്കേണ്ട അവസ്ഥ കേരളത്തിനില്ല. എളമരം കരീം ദല്ലാള്‍ രാഷ്ട്രീയക്കാരന്‍ മാത്രമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ചരിത്രം ചികഞ്ഞാല്‍ ഒറ്റുകാരന്റെ മുഖം മാത്രമേ തെളിയൂവെന്നും വേണു പറഞ്ഞതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് കാലത്ത് ദരിദ്രനായിരുന്ന കരീം ആരുടെയൊക്കെ ദല്ലാള്‍ പണിയെടുത്താണ് രാജ്യസഭാ എംപി സ്ഥാനം അലങ്കരിക്കുന്നതെന്ന് സിപിഐഎമ്മുകാര്‍ക്ക് പോലും അറിയാം. പിണറായി വെച്ചു നീട്ടിയ ഉപകാര സ്മരണയ്ക്ക് നന്ദി പ്രകടിപ്പിക്കുകയാണ് ആര്‍എംപിയെ ആക്ഷേപിക്കുന്നതിലൂടെ എളമരം കരീം ചെയ്യുന്നതെന്നും എന്‍ വേണു അഭിപ്രായപ്പെട്ടു.

ടിപി വധവുമായി ബന്ധപ്പെട്ട എല്ലാവരേയും പിണറായി പാര്‍ട്ടിയില്‍ വിവിധ സ്ഥാനങ്ങള്‍ നല്‍കി പുരസ്‌കരിച്ചിട്ടുണ്ട്. അത് കരീമിനും കിട്ടി. നിയമസഭയില്‍ പിണറായിയുമായി രമ മുഖാമുഖം നിന്ന് ജനാധിപത്യത്തിന്റെ പ്രതിഷേധസ്വരമുയര്‍ത്തുമ്പോള്‍ വിറളിപൂണ്ടിട്ട് കാര്യമില്ലെന്നും വേണു കുറ്റപ്പെടുത്തി.

സിപിഐഎമ്മിനെ ഒറ്റുകൊടുത്തതിനുള്ള പാരിതോഷികമാണ് കെ കെ രമയുടെ എംഎല്‍എ സ്ഥാനം എന്നായിരുന്നു എളമരം കരീം എംപിയുടെ പ്രസ്താവന. എംഎല്‍എ സ്ഥാനം കിട്ടിയതില്‍ ആരും അഹങ്കരിക്കരുത്. ഇതൊന്നും വലിയ സ്ഥാനമാണെന്ന് ആരും തെറ്റിദ്ധരിക്കരുതെന്നും എളമരം കരീം പറഞ്ഞിരുന്നു. സി എച്ച് അശോകന്‍ അനുസ്മരണ പരിപാടിയിലായിരുന്നു എളമരം കരീമിന്റെ വിവാദ പ്രസംഗം.

ഇതിന് പിന്നാലെ മറുപടിയുമായി കെ കെ രമ എംഎല്‍എ തന്നെ രംഗത്തെത്തിയിരുന്നു. വെട്ടി നുറുക്കി കൊന്നിട്ടും തീരാത്ത പകയുടെ തുടര്‍ച്ചയാണ് കരീമിന്റെ പ്രസ്ഥാവന എന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സില്‍ കരാര്‍ തൊഴിലാളിയായി വന്ന എളമരം കരീം എന്ന തൊഴിലാളി നേതാവ് എങ്ങനെയാണ് ഈ നിലയിലേക്ക് എത്തിയതെന്ന് തന്നെക്കുറിച്ച് പറയിപ്പിക്കരുതെന്നും രമ പറഞ്ഞിരുന്നു.

STORY HIGHLIGHTS: RMPI State secretary N Venu against Elamaram Kareem MP

Next Story