Top

തിരുവനന്തപുരത്ത് റെഡ് അലര്‍ട്ട്; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

തിരുവനന്തപുരം നാഗര്‍കോവില്‍ ദേശീയ പാതയില്‍ നെയ്യാറ്റിന്‍കരയ്ക്ക് സമീപം മരുത്തൂര്‍ പാലം തകര്‍ന്നു

13 Nov 2021 7:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരത്ത് റെഡ് അലര്‍ട്ട്; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു
X

ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നലെ മുതല്‍ തുടരുന്ന മഴയില്‍ കനത്ത നാശനഷ്ടമാണ് ജില്ലയില്‍ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മലയോര മേഖലകളില്‍ നാശനഷ്ടം രൂക്ഷമാണ്. രാത്രി തുടങ്ങിയ മഴ തോരാതെ പെയ്തത്തോടെയാണ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയത്. തിരുവനന്തപുരം നാഗര്‍കോവില്‍ ദേശീയ പാതയില്‍ നെയ്യാറ്റിന്‍കരയ്ക്ക് സമീപം മരുത്തൂര്‍ പാലം തകര്‍ന്നു. കാലപ്പഴക്കം ചെന്ന പാലം അപകട ഭീഷണിയിലായിരുന്നു എന്ന് പ്രദേശവാസികള്‍ പറഞ്ഞു.

നാഗര്‍കോവിലിന് സമീപം ഇരണിയിലില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണതോടെ ട്രെയിന്‍ സര്‍വ്വീസുകള്‍ ഭാഗീകമായി തടസ്സപ്പെട്ടു. നാളത്തെ ചെന്നൈ എഗ്മോര്‍ - ഗുരുവായൂര്‍ എക്സ്പ്രെസ് റദ്ദാക്കിയിട്ടുണ്ട്. പാറശ്ശാലയില, കുഴിത്തുറ, എരണിയില്‍ എന്നിവിടങ്ങളില്‍ റെയില്‍ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീഴുകയും തിരുവനന്തപുരം- കന്യാകുമാരി പാതയില്‍ ട്രാക്കില്‍ വെള്ളം കയറുകയും ചെയ്തതോടെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.

പാറവിളയില്‍ വീടന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് കനത്ത നാശ നഷ്ട്ടമുണ്ടായി. വിഴിഞ്ഞത്ത് ഫിഷറീസ് ലാന്‍ഡിന് സമീപത്ത് വെള്ളം കയറി നിരവധി കടകള്‍ വെള്ളത്തിലാവുകയും ചെയ്തിട്ടുണ്ട്. മത്സ്യബന്ധന ഉപകരണങ്ങള്‍ക്കും കാര്യമായ കേടുപാടുകളുണ്ടായി. കോവളത്ത് വീടുകളുടെ മുകളിലേക്കും മണ്ണിടിഞ്ഞുവീണും നാശനഷ്ടം ഉണ്ടായി.

ജലനിരപ്പ് ഉയര്‍ന്നതോടെ അരുവിക്കര നെയ്യാര്‍ പേപ്പാറ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. 220 സെന്റിമീറ്റര്‍ വീതമാണ് ഷട്ടര്‍ ഉയര്‍ത്തിയത്. ഈ സാഹചര്യത്തില്‍ നദീ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി. ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതോടെ തിങ്കളാഴ്ച വരെ അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം നാളെ ആന്‍ഡമാന്‍ കടലില്‍ വച്ച് ശക്തിപ്രാപിച്ച് ആന്ധ്രപ്രദേശ് തീരത്തേക്ക് കടന്നേക്കുമെന്നാണ് മുന്നറിയിപ്പ്. ഇത് ചുഴലിക്കാറ്റായി മാറുവാനും സാധ്യതയുണ്ട്. തമിഴ്നാട്ടില്‍ കനത്ത മഴക്ക് കാരണമായ തീവ്ര ന്യൂനമര്‍ദ്ദം ദുര്‍ബലമായിട്ടുണ്ടെങ്കിലും അറബി കടലില്‍ പ്രവേശിക്കുന്നത്തോടെ വീണ്ടും ശക്തിപ്രാപികുമെന്നാണ് അറിയിപ്പ്. കേരള തീരത്തും തെക്കുകിഴക്കന്‍ അറബിക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുമുണ്ട്. ഇന്ന് മുതല്‍ ഞായറാഴ്ച വരെ കേരളതീരത്തു നിന്ന് മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Next Story