'കൂട്ടബലാത്സംഗവും നടന്നിരിക്കുന്നു'; സ്ത്രീസുരക്ഷയുടെ പേരില്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ എല്ലാവര്‍ക്കും ബാധ്യതയായിയെന്ന് ചെന്നിത്തല
മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫ് സര്‍ക്കാരും എല്ലാ മേഖലയേയും അരക്ഷിതാവസ്ഥയിലെത്തിച്ചെന്ന് രമേശ് ചെന്നിത്തല
20 Nov 2022 4:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: സ്ത്രീ സുരക്ഷയുടെ പേരില്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ എല്ലാവര്‍ക്കും വലിയ ബാധ്യതയായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ ഇന്നേവരെ കേട്ടുകേള്‍വി പോലുമില്ലാത്ത കൂട്ടബലാത്സംഗം എന്ന ക്രൂരകൃത്യവും ഇവിടെ നടന്നിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫ് സര്‍ക്കാരും എല്ലാ മേഖലയേയും അരക്ഷിതാവസ്ഥയിലെത്തിച്ചെന്ന് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. കൊച്ചിയില്‍ പത്തൊന്‍പതുകാരി കൂട്ടബലാത്സംഗത്തിന് ഇരയായ വാര്‍ത്തയിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
'സ്ത്രീകള്‍ക്ക് തലയണയ്ക്കടിയില്‍ വാക്കത്തി വെച്ച് ഉറങ്ങേണ്ടിവരില്ലെന്നു പറഞ്ഞാണ് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്. വാക്കത്തിക്കുപകരം എന്തു വെച്ചാലും തലപോകുന്ന അവസ്ഥയില്‍ എത്തി നില്‍ക്കുന്നു. പിണറായിയും ഇടതുപക്ഷവും എല്ലാ മേഖലകളെയും അരക്ഷിതാവസ്ഥയില്‍ക്കൊണ്ടെത്തിച്ചു. വിദ്യാഭ്യാസമേഖല താറുമാറാക്കി. സര്‍ക്കാര്‍ ജോലി സ്വന്തക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും വീതംവച്ചു നല്‍കുന്നു. നിയമ സംരക്ഷകരാകേണ്ട പോലീസിനെ രാഷ്ട്രീയവത്കരിച്ചു.പാര്‍ട്ടി ഓഫീസില്‍നിന്ന് വിളിച്ചുപറയുന്ന കാര്യങ്ങള്‍ മാത്രമാണവര്‍ ചെയ്യുന്നത്. വിജിലന്‍സും ക്രൈംബ്രാഞ്ചുംനോക്കുകുത്തികളായി മാറി. ഒരുകാലത്ത് സർക്കാരിൻ്റെ എല്ലാ കൊള്ളകൾക്കും കൂട്ടുനിന്ന ഗവർണ്ണർ പുണ്യാളൻ്റെ റോളിലാണിപ്പോൾ. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാരും ഗവർണ്ണറും ലക്ഷങ്ങളും കോടികളും മുടക്കി തമ്മിൽ വെല്ലുവിളിക്കുന്നു. ജനങ്ങൾ വെറും കാഴ്ചക്കാരായി നിൽക്കുന്നു. ദിനംപ്രതിയുള്ള കൂറ്റകൃത്യങ്ങൾ കാരണം കേരളത്തിലെ ജനങ്ങൾ പൊറുതിമുട്ടി'. എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
STORY HIGHLIGHTS: Ramesh Chennithala criticizes the government