Top

'മാനസിക രോഗമുള്ളയാള്‍ എങ്ങനെ ഡ്രൈവറാകും?'; വീട്ടിലാര്‍ക്കും പ്രശ്നങ്ങളില്ലെന്ന് പള്‍സര്‍ സുനിയുടെ മാതാവ്

'സുനിക്ക് മുമ്പ് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. പിടിക്കുന്നതിന് മുമ്പ് ലോകം കണ്ടതല്ലേ'

20 July 2022 4:33 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാനസിക രോഗമുള്ളയാള്‍ എങ്ങനെ ഡ്രൈവറാകും?; വീട്ടിലാര്‍ക്കും പ്രശ്നങ്ങളില്ലെന്ന് പള്‍സര്‍ സുനിയുടെ മാതാവ്
X

കൊച്ചി: പള്‍സര്‍ സുനിക്ക് മാനസികമായി അസുഖങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് അമ്മ ശോഭന. അറസ്റ്റിലാവുന്നതിന് മുമ്പ് ലോകം കണ്ടതാണ്. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഡ്രൈവറായി ജോലി ചെയ്യില്ലല്ലോയെന്നും അമ്മ ശോഭന ചോദിച്ചു. റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്സ് അവറിലായിരുന്നു പള്‍സര്‍ സുനിയുടെ അമ്മയുടെ പ്രതികരണം.

ചൊവ്വാഴ്ച വൈകീട്ടാണ് എറണാകുളം സബ് ജയിലില്‍ നിന്ന് സുനിയെ തൃശൂരിലെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. ചികിത്സയ്ക്കായാണ് പ്രവേശിപ്പിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

പള്‍സര്‍ സുനിയുടെ അമ്മ റിപ്പോര്‍ട്ടര്‍ ടി വിയോട് പറഞ്ഞത്:

ദുരൂഹതയേ ഉള്ളൂ. അങ്ങനെ വരും എന്ന് ഞാന്‍ കോടതിയില്‍ ഹണി വര്‍ഗീസ് എന്ന മാഡത്തോട് പറഞ്ഞ കാര്യമാണ്. വിചാരണക്കോടതിയും ജില്ലാ കോടതിയിലും പറഞ്ഞു ഞാന്‍, എന്റെ മോനെ മാനസികമായിട്ട് ആക്കും, അങ്ങനെയേ തരുള്ളൂ, അല്ലാതെ ഇത് പോകില്ലെന്ന് ഞാന്‍ അന്നേ പറഞ്ഞതാ.

എന്റെ മകന്‍ ഓരോ കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഒരു കൊമ്പനാനയോട് അണ്ണാന്‍ കുഞ്ഞ് കളിച്ചാല്‍ എങ്ങനെയിരിക്കും അതാണ് അമ്മേ എന്റെ സ്ഥിതിയെന്ന് അന്ന് പറഞ്ഞിട്ടുണ്ട്.

അറക്കാന്‍ കൊണ്ടുപോകുന്ന പോത്തിനോട് കാണിക്കുന്ന ദയപോലും ഒരു ജഡ്ജിയും കോടതിയും എന്റെ മകനോട് കാണിച്ചിട്ടില്ല. ഇങ്ങനെ വരും എന്ന് രഹസ്യമൊഴി കൊടുക്കാന്‍ നേരത്ത് ഞാന്‍ പറഞ്ഞു. എന്റെ മോനെ എനിക്ക് അറിവോട് കൂടി തിരിച്ചു തരൂ, ഞങ്ങള്‍ക്ക് ആര്‍ക്കും ഒരു മാനസിക അസുഖവും ഇന്ന് വരെ വന്നിട്ടില്ല. എന്റെ മകനെ അങ്ങനെ തരൂ എന്ന് ഞാന്‍ എല്ലാവരോടും ചോദിച്ച കാര്യമാണ്. മുമ്പ് ഒന്നും ഉണ്ടായിട്ടില്ല, ഇപ്പോള്‍ ചാനലില്‍ കൂടിയാണ് അറിയുന്നത്, ഇതിന് മുമ്പും ഉറക്കം വരാഞ്ഞിട്ട് മാനസികമായി വന്നു എന്നുള്ളത്. ഒരിക്കലും മുമ്പ് ഉണ്ടായിട്ടില്ല.

മനഃപ്പൂര്‍വ്വം ചിലര്‍ സുനിയെ മാനസിക രോഗിയാക്കുകയാണ്. ഇവനെ മാനസിക രോഗിയാക്കിയാല്‍ മറ്റുള്ളവര്‍ക്ക് രക്ഷപ്പെടാം. ഒന്നാം പ്രതി എന്റെ മോന്‍ അല്ലല്ലോ ആവേണ്ടത്. കാശുള്ളവന്മാര്‍ അല്ലേ ആവേണ്ടത്. ഒന്നാം പ്രതിയാക്കി. ഞങ്ങള്‍ക്ക് ആരുമില്ല, അന്വേഷിക്കാനും എടുക്കാനും ആരുമില്ല. മാനസിക രോഗിയാക്കി ആശുപത്രിയില്‍ കിടക്കുന്നു എന്ന് വന്നു, ഒരാളും തിരിഞ്ഞു നോക്കാന്‍ ഉണ്ടായിട്ടില്ല.

മാനസിക രോഗിയാക്കും എന്ന കാര്യം എന്റെ മോന് അറിയാം. ഇത്രേം വലിയ ആള്‍ക്കാര്‍ പുറത്ത് കിടക്കുമ്പോള്‍ എങ്ങനെയായാലും ഇങ്ങനെയൊക്കെ സംഭവിക്കും. രഹസ്യമൊഴി കൊടുക്കാന്‍ പോയപ്പോള്‍ പറഞ്ഞു, എന്റെ മോനെ ഇങ്ങനെ തകര്‍ത്ത് കളഞ്ഞ് തരരുത് കേട്ടോ. ഞങ്ങള്‍ക്ക് ജീവിക്കാനും ഒരിതും ഉണ്ടാവില്ലെന്നും പറഞ്ഞതാ.

അവര് പ്രത്യേകിച്ച ഒന്നും പറഞ്ഞില്ല. ആ ജഡ്ജിയുടെ അടുത്ത്, മാഡത്തിന്റെ അടുത്ത് ഞാന്‍ പറഞ്ഞു, ഇങ്ങനെ തന്നെ തിരിച്ച് തരുമോ എന്ന് ചോദിച്ചു. ജില്ലാ കോടതിയില്‍ ചെന്നപ്പോള്‍ ആ ജഡ്ജിയോടും ഞാന്‍ ചോദിച്ചതാണ്.

എന്റെ മോന്‍ വന്ന് കഴിയുമ്പോഴേ ഞാന്‍ ഇനി എന്തെങ്കിലും പറയുകയുള്ളൂ. എന്നെങ്കിലും വരും എന്ന് പ്രതീക്ഷിക്കുന്നു. അത് സമനിലയോടുകൂടിയാണോ എങ്ങനെയാണെന്ന് അറിയില്ല. വല്യ വല്യ ആള്‍ക്കാര്‍ക്ക് സന്തോഷം ആവട്ടെ. എത്ര പണമുണ്ടായാലും പോയിക്കഴിഞ്ഞു കഴിഞ്ഞാല്‍ ജീവന്‍ കിട്ടില്ല, അത് എന്റെ മോന് ആയാലും വലിയ വലിയ ആള്‍ക്കാര്‍ക്ക് ആയാലും. ഞാന്‍ എല്ലാം ഈശ്വരനില്‍ സമര്‍പ്പിച്ച് ഇരിക്കുകയാണ്. അല്ലാതെ വേറെയാരാണ് ഉള്ളത്.

സുനിക്ക് മുമ്പ് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. പിടിക്കുന്നതിന് മുമ്പ് ലോകം കണ്ടതല്ലേ. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഡ്രൈവറായി ജോലി ചെയ്യില്ലല്ലോ.

എനിക്ക് ഒന്നും വിശ്വസിക്കാന്‍ പറ്റുന്നില്ല. എന്റെ മോനെ മാനസികമായി തകര്‍ക്കാതെ വീട്ടിലേക്ക് കിട്ടണം. ഞങ്ങള്‍ക്ക് ജീവിക്കാന്‍ മറ്റ് മാര്‍ഗമില്ല. അച്ഛനേം അമ്മയേയും നോക്കേണ്ടത് അവനാണ്. ഇപ്പൊ മാനസിക രോഗിയാക്കി, ഇനി ഇല്ലാണ്ട് ആക്കുമോ എന്ന് അറിയില്ല.

STORY HIGHLIGHTS: Pulsar Suni Mother Shobhana says no one in family had mental illness and if he had he will not be made driver of film stars

Next Story