Top

'താൻ സുരേഷ് ഗോപി മോഡലായിരിക്കണമെന്നില്ല'; രാജ്യസഭാം​ഗത്വം ഇന്ത്യൻ സ്പോർട്സിനുളള അം​ഗീകാരമെന്ന് പി ടി ഉഷ

മോദി കായിക താരങ്ങൾക്ക് പ്രചോദനം നൽകുന്ന പ്രധാനമന്ത്രിയാണ്.

8 July 2022 1:55 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

താൻ സുരേഷ് ഗോപി മോഡലായിരിക്കണമെന്നില്ല; രാജ്യസഭാം​ഗത്വം ഇന്ത്യൻ സ്പോർട്സിനുളള അം​ഗീകാരമെന്ന് പി ടി ഉഷ
X

തിരുവനന്തപുരം: രാജ്യസഭാം​ഗമായി നാമനിർദേശം ചെയ്തതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി അറിയിച്ച് ഒളിംപ്യൻ പി ടി ഉഷ. തന്റെ രാജ്യസഭാം​ഗത്വം ഇന്ത്യൻ സ്പോർടിസിനുളള അംഗീകാരമാണ്. തനിക്ക് രാഷ്ട്രീയത്തേക്കാൾ പ്രധാന്യം സ്പോർട്സ് ആണെന്നും പി ടി ഉഷ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

തനിക്ക് കിട്ടിയത് അപ്രതീക്ഷിത അംഗീകാരമാണ്. വ്യക്തികൾ വ്യത്യസ്തമാണ്. താൻ രാജ്യസഭ എംപിയായ സുരേഷ് ഗോപിയുടെ മോഡലായിരിക്കണമെന്നില്ല. ഓരോരുത്തർക്കും ഓരോ ശൈലിയുണ്ടെന്നും പി ടി ഉഷ കൂട്ടിച്ചേർത്തു.

മോദി കായിക താരങ്ങൾക്ക് പ്രചോദനം നൽകുന്ന പ്രധാനമന്ത്രിയാണ്. തനിക്കെതിരെ വിമർശനമുന്നയിച്ച എളമരം കരീമിനോട് ബഹുമാനം മാത്രമാണുളളത്. അദ്ദേഹത്തെ തനിക്ക് വർഷങ്ങളായി അറിയാം. വിമർശിച്ചത് കാര്യമാക്കുന്നില്ല. എംപിയായാലും ഉഷാ സ്കൂളുമായി മുന്നോട്ട് പോകുമെന്ന് പി ടി ഉഷ വ്യക്തമാക്കി.

'അയോധ്യ കേസില്‍ വിധി പുറപ്പെടുവിച്ച സുപ്രീം കോടതി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിച്ചതിന്റെ അടുത്ത മാസം രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. ഇപ്പോള്‍ കേരളത്തില്‍ നിന്ന് ഒരാളെ രാജ്യസഭയിലേക്ക് നാനമിര്‍ദ്ദേശം ചെയ്തിട്ടുണ്ടല്ലോ. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതയ്ക്ക് പുറമേയുള്ള യോഗ്യതയാണ് തെളിയിച്ചത്,' എന്ന് കോഴിക്കോട് നടന്ന ഒരു പരിപാടിയിൽ പ്രസം​ഗിക്കവെ എളമരം കരീം വിമർശിച്ചിരുന്നു.

വിവിധ മേഖലകളിലെ പ്രാഗത്ഭ്യം തെളിയിച്ചവരെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കുന്ന പട്ടികയിലാണ് ഇളയരാജ, കെ വി വിജയേന്ദ്ര പ്രസാദ് എന്നിവര്‍ക്കൊപ്പം പി ടി ഉഷയും ഇടം നേടിയത്. ഉഷയെ ബിജെപി നിര്‍ദേശത്താല്‍ രാജ്യസഭയിലേക്ക് അയക്കാനുള്ള തീരുമാനം അപ്രതീക്ഷിതമായ ഒന്നല്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയിലേക്കുള്ള വരവ് ചര്‍ച്ചയായിരുന്നു. ചില ബിജെപി നേതാക്കള്‍ ഉഷയോട് ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. സ്ഥാനാര്‍ത്ഥിയാവാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് ഉഷയുടെ ഔദ്യോഗിക ബിജെപി പ്രവേശനം നടന്നില്ല.

ബുധനാഴ്ച ഉഷ ജോലിയില്‍ നിന്ന് വിആര്‍എസ് എടുക്കുന്നതിന് വേണ്ടി അപേക്ഷ നല്‍കിയിരുന്നു. പാലക്കാട് റെയില്‍വേ ഡിവിഷനല്‍ ഓഫീസിലെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായിരുന്നു. എന്താണ് വിആര്‍എസ് എടുക്കാനുള്ള കാരണമെന്ന് അപേക്ഷയില്‍ രേഖപ്പെടുത്തിയിട്ടില്ല. വിആര്‍എസ് എടുക്കാനുള്ള അപേക്ഷ നല്‍കാനെത്തിയ ഉഷയ്ക്ക് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ത്രിലോക് കോത്താരി ഉപഹാരം നല്‍കി. ബുധനാഴ്ച്ച വൈകുന്നേരത്തോടെ പ്രധാനമന്ത്രി ഉഷയുടെ പേര് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത വിവരം വന്നു.

STORY HIGHLIGHTS: PT Usha Says Rajya Sabha Membership is an Endorsement for Indian Sports

Next Story