Top

ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടതിനെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്; അപ്പീല്‍ നല്‍കും

ഹൈക്കോടതിയെ സമീപിക്കാന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

15 Jan 2022 2:24 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടതിനെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്; അപ്പീല്‍ നല്‍കും
X

ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട വിചാരണ കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂഷന്‍ . അടുത്ത് ആഴ്ച ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് തീരുമാനം. ഹൈക്കോടതിയെ സമീപിക്കാന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ വിധിന്യായം പരിശോധിച്ച് നിയമോപദേശം നല്‍കും.

ഇതിനായി കന്യാസ്ത്രീ നേരിട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരമുണ്ട്. കന്യാസ്ത്രീക്ക് സേവ് സിസ്റ്റേഴ്‌സ് ഫോറം നിയമ സഹായം നല്‍കുമെന്നും ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി അറിയിച്ചു.

കന്യാസ്ത്രീയുടെ മൊഴിയേയും പ്രോസിക്യൂഷന്‍ സാക്ഷി മൊഴികളേയും നിസാര കാര്യങ്ങള്‍ പറഞ്ഞുകൊണ്ടാണ് കോടതി അവിശ്വാസത്തിലെടുത്തതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

നടന്ന കാര്യങ്ങള്‍ പുറത്തുപറയുന്നത് വൈകിയതില്‍ കന്യാസ്ത്രീ എന്ന സവിശേഷമായ പശ്ചാത്തലം കോടതി പരിഗണിച്ചില്ല. മേലധികാരിയായ ബിഷപ്പിനെതിരെ പരാതി നല്‍കുന്നതില്‍ അതിജീവിത അനുഭവിച്ചിട്ടുണ്ടാകുന്ന പ്രായാസങ്ങളും കോടതി കണക്കിലെടുത്തില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

105 ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് കോട്ടയം അഡീഷണന്‍ സെഷന്‍ കോടതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് വിധി പുറപ്പെടുവിച്ചത്. കന്യാസ്ത്രീയുടെ മൊഴി വിശ്വാസയോഗ്യമല്ല എന്നതാണ് കേസ് തള്ളാനും ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കാനും കാരണമായി കോടതി പറയുന്നത്. കന്യാസ്ത്രീ മറ്റു ചിലരുടെ താത്പര്യങ്ങളില്‍പ്പെട്ടുപോയെന്നും അധികാരത്തിനായി വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചെന്നും കന്യസ്ത്രീക്കെതിരെ നിശിതമായ വിമര്‍ശനമാണ് വിധി പകര്‍പ്പിലുള്ളത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ.ബാബുവും സുബിന്‍ കെ. വര്‍ഗീസും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ കെ.രാമന്‍പിള്ള, സി.എസ്.അജയന്‍ എന്നിവരുമാണു ഹാജരായത്.

Next Story