Top

വടക്കഞ്ചേരി അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് പ്രാഥമിക റിപ്പോര്‍ട്ട്; ജോമോനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും

ജോമോന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് നേരത്തെ അറിയിച്ചിരുന്നു

7 Oct 2022 3:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വടക്കഞ്ചേരി അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് പ്രാഥമിക റിപ്പോര്‍ട്ട്; ജോമോനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും
X

പാലക്കാട്: വടക്കഞ്ചേരി വാഹനാപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് റിപ്പോര്‍ട്ട്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് ഗതാഗതമന്ത്രി ആന്റണി രാജുവിന് കൈമാറിയ പ്രഥമിക റിപ്പോര്‍ട്ടിലാണ് അപകടകാരണം വ്യക്തമാക്കുന്നത്. വേളാങ്കണ്ണി യാത്ര കഴിഞ്ഞ് പുലര്‍ച്ചെ മടങ്ങിയെത്തിയ ഡ്രൈവര്‍ രാത്രി വീണ്ടും വാഹനം ഓടിച്ചതായും ഇടതുവശത്തുകൂടി കാറിനെ മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ജോമോന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് നേരത്തെ അറിയിച്ചിരുന്നു. ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കുമെന്നും എസ് ശ്രീജിത്ത് അറിയിച്ചു. ബസില്‍ നിയമം ലംഘിച്ച് പല ഫിറ്റിംഗുകളും ഉണ്ടെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജോമോനെതിരെ മനഃപൂര്‍വ്വം അല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചെന്ന കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. അപകടസമയത്ത് ബസ് സഞ്ചരിച്ചത് 97.2 കിലോമീറ്റര്‍ വേഗത്തിലായിരുന്നെന്നാണ് കണ്ടെത്തല്‍. അറസ്റ്റിലായ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും.

തിരുവനന്തപുരത്തേക്ക് രക്ഷപ്പെടുന്നതിനിടെയാണ് ജോമോനെ ചവറ പൊലീസ് പിന്തുടര്‍ന്ന് പിടികൂടിയത്. അഭിഭാഷകനെ കാണാന്‍ പോകുന്നതിനിടെയാണ് പൊലീസ് പിടിയിലായത്. അപകടത്തിന് പിന്നാലെ ജോമോന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നുവെന്നാണ് എസ്പി ആര്‍ വിശ്വനാഥ് പറയുന്നത്. പരുക്കുമായി എത്തിയത് കൊണ്ട് ചികിത്സ തേടാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു.

Story highlights: Preliminary report states that the cause of the Vadakanchery accident was due to driver's carelessness

Next Story