Top

'പ്രതിഷേധങ്ങളുടെ ലക്ഷ്യം ഇടത് സര്‍ക്കാര്‍'; മുഖ്യമന്ത്രിക്ക് കാരാട്ടിന്റെ പിന്തുണ

'വസ്തുത എന്താണെന്ന് സിപിഐഎം ജനങ്ങളെ ബോധിപ്പിക്കും'

12 Jun 2022 5:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രതിഷേധങ്ങളുടെ ലക്ഷ്യം ഇടത് സര്‍ക്കാര്‍; മുഖ്യമന്ത്രിക്ക് കാരാട്ടിന്റെ പിന്തുണ
X

മലപ്പുറം: സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയുണ്ടായ പ്രതിപക്ഷ പ്രതിഷേധങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. പ്രതിപക്ഷം നടത്തുന്നത് അര്‍ത്ഥ ശൂന്യമായ സമരമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വസ്തുത എന്താണെന്ന് സിപിഐഎം ജനങ്ങളെ ബോധിപ്പിക്കും. മാധ്യമങ്ങള്‍ക്ക് എന്തിനാണ് ഇത്രമാത്രം ആകാംക്ഷയെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം തൃശ്ശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്ര ഏജന്‍സികള്‍ സ്വര്‍ണ്ണക്കടത്ത് വിഷയം അന്വേഷിച്ചതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിഷയം ചര്‍ച്ച ചെയ്യുകയും ഇടതുപക്ഷത്തിന് അനുകൂല വിധിയുണ്ടാവുകയും ചെയ്തതാണ്. പ്രതിഷേധങ്ങളുടെ ലക്ഷ്യം ഇടത് സര്‍ക്കാരാണ്. ആ നീക്കം ജനങ്ങള്‍ തിരിച്ചറിയുമെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേര്‍ത്തു.

അതേസമയം, മുഖ്യമന്ത്രിയുടെ പൊതുപരിപാടിയില്‍ കറുത്ത മാസ്‌ക് ധരിച്ച് പങ്കെടുക്കാനെത്തിയവരെ പൊലീസ് തടഞ്ഞു. കറുത്ത മാസ്‌കിന് പകരം ഇവര്‍ക്ക് മഞ്ഞ മാസ്‌ക് നല്‍കി. ഇന്നലെയും സമാന രീതിയില്‍ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്‌ക് വിലക്കിയിരുന്നു.

കറുത്ത മാസ്‌ക് വിവാദം ഇന്നലെ ആദ്യം ഉയര്‍ന്നത് കോട്ടയത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലായിരുന്നു. രാവിലെ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവരെ പരിശോധിക്കുന്നതിനിടെ ആയിരുന്നു കറുത്ത മാസ്‌ക് ധരിച്ചവരോട് പൊലീസ് അത് ഊരി മാറ്റാന്‍ ആവശ്യപ്പെട്ടത്. മാധ്യമപ്രവര്‍ത്തകരോടും കറുത്ത മാസ്‌ക് മാറ്റാന്‍ ആവശ്യപ്പെട്ടു. വൈകുന്നേരം എറണാകുളം കലൂരില്‍ നടന്ന പരിപാടിയിലും സമാന സംഭവം ഉണ്ടായി. ഇതോടെ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം നല്‍കി.

എന്നാല്‍, കറുത്ത മാസ്‌ക് ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ അറിയിച്ചിരുന്നു. പൊലീസിന് ഇത്തരം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്നായിരുന്നു വിശദീകരണം. കരിങ്കൊടിക്കാണിക്കാനെന്ന രൂപത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള ശ്രമത്തിനാണ് പൊലീസ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റിധാരണ സൃഷ്ടിക്കാനുള്ള ഗൂഢശ്രമമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

STORY HIGHLIGHTS: Prakash Karat Supports Pinarayi Vijayan in protests against him by Opposition parties says they are targeting LDF government

Next Story