Top

'ഞങ്ങളെ ശപിച്ചു പോകല്ലേ, മാപ്പ് തരൂ ശ്രീധരൻ സർ, തിരിച്ചു വരൂ'; അഭ്യർത്ഥനയുമായി പിആർ ശിവശങ്കർ

17 Dec 2021 8:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഞങ്ങളെ ശപിച്ചു പോകല്ലേ, മാപ്പ് തരൂ  ശ്രീധരൻ സർ, തിരിച്ചു വരൂ;  അഭ്യർത്ഥനയുമായി പിആർ ശിവശങ്കർ
X

സജീവ രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന മെട്രോമാൻ ഇ ശ്രീധരന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ക്ഷമാപണവുമായി ബിജെപി നേതാവ് പിആർ ശിവശങ്കർ. വളരെ വികാരഭരിതമായാണ് ഇ ശ്രീധരന്റെ തീരുമാനത്തെക്കുറിച്ച് പിആർ ശിവശങ്കർ പ്രതികരിച്ചത്. ഇ ശ്രീധരനോട് മാപ്പ് പറയുന്നെന്നും ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ മനുഷ്യനാവില്ലെന്നും ഇദ്ദേഹം പറയുന്നു. അഴിമതിയും, സ്വജനപക്ഷപാതവും, ഭീകരതയും, രാജ്യദ്രോഹവും കേരളത്തെ തകർക്കുമ്പോൾ അതിനെതിരെ പോരാടുവാൻ ഞങ്ങൾക്ക് ഒരു ആചാര്യനായി ഇ ശ്രീധരനെ വേണമെന്ന് പിആർ ശിവശങ്കർ പറഞ്ഞു.

'ബഹുമാനപെട്ട ശ്രീധരൻ സർ, മാപ്പ്.. ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ മനുഷ്യനാവില്ല. അങ്ങയെപ്പോലെ ഒരു സർവ്വ ജനസ്വാധീനമുള്ള ഒരു മലയാളി കേരളത്തിൽ വിരളമായിരിക്കും.. എന്നിട്ടും അങ്ങ് തോറ്റു, അല്ലെങ്കിൽ ഞങ്ങൾ തോൽപ്പിച്ചു. തോറ്റത് അങ്ങല്ല, ഞങ്ങളാണ്, കേരളമാണ്, നന്മയുടെ, വികസനത്തിന്റെ, അഴിമതിരഹിത സംസ്കാരത്തിന്റെ രാഷ്ട്രീയമാണ്..

ഞങ്ങൾക്ക് അങ്ങയെ വേണം. തിരിച്ചുവരൂ ശ്രീധരൻ സർ.. ഞങ്ങൾക്ക് അങ്ങയെ വേണം, അഴിമതിയും, സ്വജനപക്ഷപാതവും, ഭീകരതയും, രാജ്യദ്രോഹവും കേരളത്തെ തകർക്കുമ്പോൾ അതിനെതിരെ പോരാടുവാൻ ഞങ്ങൾക്ക് ഒരു ആചാര്യനെ,ഗുരുവിനെ വേണം.. ആയുധമെടുക്കാതെയെങ്കിലും പോരാടുന്നവന് മുന്നിലെ യഥാർത്ഥ ശക്തിയായ കൃഷ്ണനെപ്പോലെ അങ്ങു വേണം ഈ അഭിനവ കുരുക്ഷേത്രത്തിൽ.. വഴിയറിയാതുഴലുന്ന പാർത്ഥന് വഴികാട്ടിയായി, ഭീമന് പിന്തുണയായി യുധിഷ്ഠിരന് ധാർമിക പിൻബലമായി അങ്ങ് വേണം.

അധർമ്മത്തിനെതിരായ യുദ്ധത്തിൽ പിതാമഹനും , ഗുരുവിനുമെതിരെയാനെകിൽ പോലും , ബന്ധുക്കൾക്കും, അനുജ്ഞമാർക്കുമെതിരാണെങ്കിൽ കൂടി, ഒരു കാലാൾപടയായി ഞങ്ങൾ ഇവിടെയുണ്ട്.. ജയിക്കുംവരെ.. അല്ലെങ്കിൽ മരിച്ചുവീഴുംവരെ.. അങ്ങ് മനസ്സുമടുത്ത് , ഞങ്ങളെ ശപിച്ചു പോകരുത്.. തിരിച്ചു വരൂ ശ്രീധരൻ സർ.. ഞങ്ങൾക്കങ്ങയെ വേണം.. ദയവായി തിരിച്ചുവരൂ', പിആർ ശിവശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.

സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് ഇ ശ്രീധരൻ

സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍മാറുകയാണെന്നാണ് മെട്രോമാന്‍ ഇ ശ്രീധരന്‍ ഇന്നലെ വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് പലതും പഠിക്കാനായി . അതേസമയം രാഷ്ട്രീയം ഉപേക്ഷിക്കുന്നെന്ന് ഇതിന് അര്‍ത്ഥമില്ല. സജീവ രാഷ്ട്രീയത്തിലിറങ്ങേണ്ട ആവശ്യം തനിക്കിപ്പോഴില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു. മലപ്പുറത്ത് വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ ആദ്യം നിരാശ തോന്നിയിരുന്നെന്നും ഇദ്ദേഹം വെളിപ്പെടുത്തി. തിരിഞ്ഞു നോക്കുമ്പോൾ തോറ്റതിൽ നിരാശയില്ല. ഒരു എംഎൽഎയെ വെച്ച് മാത്രം ഒന്നും ചെയ്യാനാവില്ലെന്നും ഇ ശ്രീധരൻ ചൂണ്ടിക്കാട്ടി. 'തോറ്റയുടനെ കുറച്ച് നിരാശയുണ്ടായിരുന്നു. ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഒരു നിരാശയും ഇല്ല. ഞാനിപ്പോള്‍ എംഎല്‍എയായി വന്നത് കൊണ്ട് ഒരു മാറ്റവും സംഭവിക്കില്ല. അധികാരം കിട്ടാതെ ഒരു എംഎല്‍എയെക്കൊണ്ട് ഒന്നും ചെയ്യാന്‍ സാധിക്കില്ല,' ഇ ശ്രീധരൻ പറഞ്ഞു.

Next Story