കൂലി എത്തുന്നത് വരെ ഇവർ നോക്കിക്കോളും; കേരളത്തിൽ നെഞ്ചുവിരിച്ച് സൂപ്പർമാനും എഫ് വണ്ണും ജുറാസിക് വേൾഡും

ഡി സിയുടെ സൂപ്പർഹീറോ ചിത്രമായ 'സൂപ്പർമാൻ' കേരളത്തിൽ വലിയ ഓപ്പണിങ് ആണ് നേടിയിരിക്കുന്നത്

dot image

കേരള ബോക്സ് ഓഫീസ് ഇപ്പോൾ ഭരിക്കുന്നത് ഹോളിവുഡ് സിനിമകളാണ്. തുടർച്ചയായുള്ള വിജയങ്ങൾ ഇല്ലാത്തതും മലയാള സിനിമയുടെ അഭാവവും ബോക്സ് ഓഫീസ് കളക്ഷനെ വലിയ തോതിൽ ബാധിക്കുന്നുണ്ട്. അതേസമയം, മികച്ച ഹോളിവുഡ് സിനിമകൾ പുറത്തിറങ്ങുന്നതിനാൽ അതിനെല്ലാം കേരളത്തിൽ ചലനമുണ്ടാക്കാൻ സാധിക്കുന്നുണ്ട്. നിലവിൽ എഫ് വൺ, ജുറാസിക് വേൾഡ്, സൂപ്പർമാൻ എന്നീ സിനിമകളാണ് കേരള ബോക്സ് ഓഫീസിൽ കത്തിക്കയറുന്നത്.

ജോസഫ് കോസിൻസ്കി സംവിധാനം ചെയ്ത 'എഫ് 1' കേരള മാർക്കറ്റിലും വലിയ കുതിപ്പാണുണ്ടാക്കുന്നത്. പുറത്തിറങ്ങി 16 ദിവസങ്ങൾ പിന്നിടുമ്പോൾ 6.22 കോടിയാണ് കേരളത്തിൽ നിന്നുള്ള സിനിമയുടെ നേട്ടം. ഐമാക്സ് സ്‌ക്രീനുകളിൽ സിനിമയ്ക്ക് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രേക്ഷകരുടെ ആവശ്യപ്രകാരം ചിത്രം ഐമാക്സ് സ്‌ക്രീനുകളിൽ തിരിച്ചെത്തിയിട്ടുണ്ട്. ഈ വർഷത്തെ ഏറ്റവും മികച്ച സിനിമ എന്നാണ് എഫ് വണ്ണിന് ലഭിക്കുന്ന റിപ്പോർട്ടുകൾ. ചിത്രത്തിലെ ബ്രാഡ് പിറ്റിന്റെ അഭിനയത്തേയും എല്ലാവരും പുകഴ്ത്തുന്നുണ്ട്.

മോശം പ്രതികരണങ്ങൾ ആണ് ലഭിക്കുന്നതെങ്കിലും കേരളത്തിൽ കളക്ഷനുണ്ടാക്കാൻ ജുറാസിക് വേൾഡ് റീബർത്തിന് സാധിക്കുന്നുണ്ട്.

ഒൻപത് ദിവസം കൊണ്ട് 4.43 കോടിയാണ് കേരളത്തിൽ നിന്നുള്ള സിനിമയുടെ നേട്ടം. സിനിമയ്ക്ക് നേരെ നിറയെ വിമർശനവും ഉയരുന്നുണ്ട്. മുൻ സിനിമകളിൽ നിന്നും ഈ ഭാഗം ഒട്ടും വ്യത്യസ്തമല്ലെന്നും ചിത്രം ബോറടിപ്പിക്കുന്നുണ്ടെന്നും കമന്റുകൾ ഉണ്ട്. എന്നാൽ സിനിമയ്ക്ക് മികച്ച ഫൈനൽ കളക്ഷൻ കേരളത്തിൽ നിന്ന് നേടാനാകുമെന്നും ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. ഡി സിയുടെ സൂപ്പർഹീറോ ചിത്രമായ 'സൂപ്പർമാൻ' കേരളത്തിൽ വലിയ ഓപ്പണിങ് ആണ് നേടിയിരിക്കുന്നത്.

1.62 കോടിയാണ് സൂപ്പർമാന്റെ രണ്ട് ദിവസത്തെ കേരള കളക്ഷൻ. ചിത്രത്തിന്റെ വലിയ സ്വീകാര്യതയെ കണക്കിലെടുത്ത് നല്ല കളക്ഷൻ തന്നെ ഇവിടെ നിന്നും സിനിമയ്ക്ക് നേടണമെന്ന് തന്നെയാണ് ട്രേഡ് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നത്. ഡേവിഡ് കൊറെൻസ്വെറ്റ് ആണ് ഇക്കുറി സൂപ്പർമാനായി എത്തുന്നത്. ലൂയിസ് ലെയ്ൻ ആയി റേച്ചൽ ബ്രൊസ്നഹാൻ അഭിനയിക്കുന്നു. ഐമാക്സ് സ്‌ക്രീനുകളിൽ ഉൾപ്പെടെ 3D, 2D വേർഷനിലാണ് സിനിമ പുറത്തിറങ്ങിയത്. ജൂലൈ 25 ന് പുറത്തിറങ്ങുന്ന 'ദി ഫന്റാസ്റ്റിക് ഫോർ: ഫസ്റ്റ് സ്റ്റെപ്സും' കേരളത്തിൽ വലിയ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.

Content Highlights: Superman, F1, Jurasic World dominates kerala box office

dot image
To advertise here,contact us
dot image