Top

വാഴ്ത്തപ്പെട്ട ദേവസഹായം പിളളയെ ഇന്ന് വിശുദ്ധ പദവിയിലേക്ക് ഉയർത്തും; പ്രഖ്യാപനം വത്തിക്കാനിൽ

മാർത്താണ്ഡ വർമ രാജാവിന്റെ നിർദേശ പ്രകാരം 1752 ജനുവരി നാലിന് ദേവസഹായം പിളളയെ വെടിവെച്ചു കൊല്ലുകയുമായിരുന്നു.

15 May 2022 6:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വാഴ്ത്തപ്പെട്ട ദേവസഹായം പിളളയെ ഇന്ന് വിശുദ്ധ പദവിയിലേക്ക് ഉയർത്തും; പ്രഖ്യാപനം വത്തിക്കാനിൽ
X

തിരുവനന്തപുരം: വാഴ്ത്തപ്പെട്ട ദേവസഹായം പിളളയെ ഇന്ന് വിശുദ്ധ പദവിയിലേക്കുയർത്തും. വത്തിക്കാനിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപ്പാപ്പ ദേവസഹായം പിളളയെ വിശുദ്ധനായി പ്രഖ്യാപിക്കും. ഇന്ത്യൻ സമയം ഉച്ചക്ക് ഒന്നരയ്ക്ക് നടക്കുന്ന ചടങ്ങിൽ ദേവസഹായം പിളളയടക്കം പത്ത് പേരെ വിശുദ്ധ പദവിയിലേക്ക് ഉയർത്തും.

ദേവസഹായം പിള്ള രക്തസാക്ഷിത്വം വരിച്ച നാഗർകോവിലിനടുത്ത കാറ്റാടിമലയിലും വിശുദ്ധപദവി പ്രഖ്യാപനവുമായി ബന്ധപ്പെട്ട ആഘോഷപരിപാടികൾ ഇന്നലെ മുതൽ തുടങ്ങിയിട്ടുണ്ട്. കാറ്റാടി മലയിലെ പളളിയിൽ ഇന്ന് പ്രത്യേക കൃതജ്ഞത ബലി അർപ്പിക്കും. ദേവസഹായം പിള്ളയുടെ പേരിലുള്ള ചാവല്ലൂർപൊറ്റ പള്ളിയിലും, ദേവസഹായം പിള്ള സ്ഥാപിച്ച കമുകിൻകോട് പള്ളിയിലും പ്രത്യേക പ്രാർത്ഥന ചടങ്ങുകളുമുണ്ടാകും. പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോയുടെ നേതൃത്വത്തിൽ ദിവ്യബലിയുമുണ്ടാകും.

മാർത്താണ്ഡ വർമ രാജാവിന്റെ കൊട്ടാരത്തിൽ ഉദ്യോ​ഗസ്ഥനായിരുന്ന നീലകണ്ഠപിള്ളയാണ് ദേവസഹായം പിള്ളയായി മാറിയത്. ഒരു ഡച്ച് ഉദ്യോ​ഗസ്ഥനിലൂടെയാണ് അദ്ദേഹം കത്തോലിക്ക വിശ്വാസത്തെ പറ്റി അറിയുന്നതും ക്രിസ്തുമതം സ്വീകരിക്കുന്നതും. 1745 മെയ് 17ന് ബുട്ടാരി എന്ന ഈശോ സഭ വൈദികനിൽ നിന്നും ദേവസഹായം പിള്ള ജ്ഞാനസ്നാനം സ്വീകരിച്ചു.

ക്രിസ്തു മതം സ്വീകരിച്ചതിനെ തുടർന്ന് ദേവസഹായം പിളളയെ വീട്ടുതടങ്കലിലാക്കുകയും പിന്നീട് മാർത്താണ്ഡ വർമ രാജാവിന്റെ നിർദേശ പ്രകാരം 1752 ജനുവരി നാലിന് വെടിവെച്ചു കൊല്ലുകയുമായിരുന്നു. 2012 ഡിസംബർ 2നാണ് കോട്ടാറിൽ വെച്ച് ദേവസഹായം പിളളയെ വാഴ്ത്തപ്പെട്ടവനായി ഉയർത്തിയത്. ലേസർ ദേവസഹായം പിളളയെന്നാണ് മുഴുവൻ പേര്. പഴയ തിരുവിതാംകൂറിന്റെ ഭാ​ഗമായിരുന്ന മാർത്താണ്ഡത്തിനടുത്ത (കന്യകുമാരി) നട്ടാലത്ത് ആണ് ദേവസഹായം പിളളയുടെ ജനനം.

STORY HIGHLIGHTS: Pope Francis will Declare Devasahayam Pillai a Saint in Vatican

Next Story

Popular Stories