Top

മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി; നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന്

ദിലീപിന്റെ ഫോണില്‍ നിന്നും വീണ്ടെടുത്ത ചാറ്റുകളും ഓഡിയോ സംഭാഷണവും ഉള്‍പ്പെടുത്തിയായിരുന്നു മൊഴിയെടുക്കല്‍.

22 April 2022 12:24 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി; നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന്
X

കൊച്ചി: വധഗൂഢാലോചന കേസില്‍ ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി. ക്രൈം ബ്രാഞ്ച് എസ് പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് മഞ്ജുവിന്റെ മൊഴിയെടുത്തത്. കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വെച്ചുണ്ടായ മൊഴിയെടുക്കല്‍ മൂന്ന് മണിക്കൂറോളം നീണ്ടു. നിര്‍ണായകമായ പല വിവരങ്ങളും മഞ്ജുവില്‍ നിന്നും ലഭിച്ചു എന്നാണ് സൂചന. ദിലീപിന്റെ ഫോണില്‍ നിന്നും വീണ്ടെടുത്ത ചാറ്റുകളും ഓഡിയോ സംഭാഷണവും ഉള്‍പ്പെടുത്തിയായിരുന്നു മൊഴിയെടുക്കല്‍. ദിലീപ് ഡിലീറ്റ് ചെയ്ത പല ഫോണ്‍നമ്പറുകളേകുറിച്ചും മഞ്ജുവിന്റെ മൊഴിയെടുപ്പില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തത വരുത്തിയതായി വിവരമുണ്ട്.

നടി ഭാഗ്യലക്ഷ്മി റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ നടത്തിയ വെളിപ്പെടുത്തലില്‍ വ്യക്തത തേടിയാണ് അന്വേഷണ സംഘത്തിന്റെ നടപടി. ഇന്നലെ നടന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് വീണ്ടും മഞ്ജുവിന്റെ മൊഴിയെടുക്കാനുള്ള തീരുമാനമെടുത്തത്. നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ നൃത്ത വേദികളില്‍ തിരികെ വരാനുണ്ടായ സാഹചര്യമാണ് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയത്. മഞ്ജു ഡാന്‍സ് ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞ് ദിലീപ് തന്നെ രാത്രി ഒന്നരയ്ക്ക് വിളിച്ചെന്നും ആക്രോശിച്ചെന്നും ഭാഗ്യലക്ഷ്മി തുറന്നുപറഞ്ഞിരുന്നു. സ്റ്റേജില്‍ കയറുന്നതിന് മുന്നേ അനുഗ്രഹം ചോദിച്ച് വിളിച്ച മഞ്ജുവിനോട് വളരെ മോശമായ ഭാഷയില്‍ ദിലീപ് സംസാരിച്ചു. തന്റെ കൈയില്‍ പൈസ ഇല്ലെന്നും ഡാന്‍സ് കളിച്ചേ പറ്റൂ എന്നും മഞ്ജു പറഞ്ഞിരുന്നു. തന്റെ അക്കൗണ്ട് ഫ്രീസ് ചെയ്തതും മഞ്ജു ചൂണ്ടിക്കാട്ടി. കുപ്രചരണങ്ങള്‍ ഏറെ ഉണ്ടായിട്ടും ദിലീപില്‍ നിന്നും അകലാനുള്ള കാരണങ്ങളേക്കുറിച്ച് മഞ്ജു ഇത്രയും കാലം മൗനം പാലിക്കുകയായിരുന്നു. മഞ്ജു വാര്യരുടെ അനുവാദം വാങ്ങിയാണ് താനീ വെളിപ്പെടുത്തല്‍ നടത്തുന്നതെന്നും ഭാഗ്യലക്ഷ്മി റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറില്‍ പറയുകയുണ്ടായി.

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന് മുന്നിലുള്ള നിര്‍ണായക സാഹചര്യ തെളിവാണ് മഞ്ജു വാര്യരും ദിലീപും തമ്മിലുണ്ടായ അകല്‍ച്ച. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഭാഗ്യ ലക്ഷ്മി വെളിപ്പെടുത്തല്‍ നടത്തിയത്. ദിലീപിന്റെ സഹോദരനും നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയുമായ അനൂപിനെ, അഭിഭാഷകന്‍ മൊഴി പഠിപ്പിക്കുന്ന ശബ്ദരേഖ ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തുവന്നിരുന്നു. കോടതിയില്‍ മഞ്ജുവിനെ മോശക്കാരിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു ഇതെന്ന് വിലയിരുത്തലുണ്ട്. 'മഞ്ജു സ്വാര്‍ത്ഥ ചിന്താഗതിക്കാരിയാണ്, മീനാക്ഷിയോടും വീട്ടിലെ മറ്റ് കുട്ടികളോടും സ്നേഹമില്ല, മദ്യപിച്ച് വീട്ടിലെത്തും, സംശയരോഗമുണ്ട്, ഡാന്‍സ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ദിലീപിനോട് അനുവാദം ചോദിക്കാതെ തന്നിഷ്ടപ്രകാരം മുന്നോട്ടുപോയി, അതിനേത്തുടര്‍ന്ന് ദിലീപില്‍ നിന്നും കുടുംബത്തില്‍ നിന്നും അകന്നു,' തുടങ്ങിയ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതായാണ് ശബ്ദരേഖയിലുള്ളത്.

മഞ്ജു വാര്യര്‍ കരിക്കകം ക്ഷേത്രത്തില്‍ നൃത്തം ചെയ്യാന്‍ കൂടുതല്‍ പണം ചോദിച്ചെന്ന് അനൂപിനേക്കൊണ്ട് പറയിപ്പിക്കാന്‍ അഭിഭാഷകന്‍ ശ്രമിക്കുന്നതും ശബ്ദരേഖയിലുണ്ട്. '10 ലക്ഷം രൂപ പ്രതിഫലമെന്നതില്‍ കുറവ് വരുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് ദിലീപിനെ കരിക്കകം ക്ഷേത്രക്കാര്‍ വിളിച്ചെന്ന് പറയണം. ഇതനുസരിച്ച് ദിലീപേട്ടന്‍ മഞ്ജുച്ചേച്ചിയെ വിളിച്ചു. തന്റെ കാര്യത്തില്‍ ഇടപെടേണ്ടെന്ന് പറഞ്ഞ് മഞ്ജു വാര്യര്‍ തുക കുറയ്ക്കാന്‍ തയ്യാറായില്ലെന്ന് പറയണം' എന്നും ശബ്ദരേഖയിലുണ്ട്.



Story Highlights: bhagyalakshmi's revelation about dileep Police records manju warriers statement on actress attacked case

Next Story