Top

ദിലീപിന് എതിരെയുള്ള വാർത്തയിൽ റിപ്പോർട്ടർ ടിവിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

30 Jan 2022 4:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദിലീപിന് എതിരെയുള്ള വാർത്തയിൽ റിപ്പോർട്ടർ ടിവിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്
X

നടി ആക്രമണ കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്തുകൊണ്ടുവന്നതിന് പിന്നാലെ റിപ്പോർട്ടർ ടി.വിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്. 228 എ 3 വകുപ്പ് ചുമത്തിയാണ് കേരളാ പൊലീസിലെ സൈബർ വിഭാഗം സ്വമേധയാ കേസെടുത്തത്. റിപ്പോർട്ടർ ടിവി ചീഫ് എഡിറ്റർ എം.വി നികേഷ് കുമാറിനും റിപ്പോർട്ടർ ടിവിക്കും എതിരെയാണ് കേസ്.

കോടതി വിചാരണയിലിരിക്കുന്ന നടി ആക്രമണ കേസിന്റെ വിവരങ്ങൾ വെളിപ്പെടുത്തണമെന്നും പ്രചരിപ്പിക്കണമെന്നുമുള്ള ഉദ്ദേശത്തോടെ ചർച്ച സംഘടിപ്പിച്ചതായി എഫ്‌ഐആറിൽ പറയുന്നു. റിപ്പോർട്ടർ ലൈവ് വെബ്‌സൈറ്റിൽ നടി ആക്രമണ കേസുമായി ബന്ധപ്പെട്ട വാർത്ത പ്രസിദ്ധീകരിച്ചതിനും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നടി ആക്രമണ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്ര കുമാറിന്റെ നിർണായക വെളിപ്പെടുത്തൽ പുറത്തുകൊണ്ടുവന്നത് റിപ്പോർട്ടർ ടിവിയാണ്. വിഷയത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് റിപ്പോർട്ടർ ടിവിക്കെതിരായ പൊലീസ് നീക്കം.

ചർച്ചകളുമായി ബന്ധപ്പെട്ട് ചാനലിനെതിരെയും ചീഫ് എഡിറ്റർക്കെതിരെയും കേസെടുക്കുന്നത് അത്യപൂർവ്വ നടപടിയാണ്. റിപ്പോർട്ടർ ടിവിക്കെതിരായ പൊലീസിന്റെ നീക്കത്തെ അപലപിച്ച് മാധ്യമപ്രവർത്തകർ രംഗത്തുവന്നിട്ടുണ്ട്.

Next Story