Top

'അഴിമതി ഉദ്യോഗസ്ഥ തലത്തില്‍ മാത്രമല്ല'; കൊവിഡ് പ്രതിരോധത്തിന്റെ മറവില്‍ വന്‍ കൊള്ളയെന്ന് പിസി വിഷ്ണുനാഥ്

'നിയമസഭയില്‍ വിഷയം ഉന്നയിച്ചിട്ടും ആരോഗ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല'

22 Feb 2022 1:01 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അഴിമതി ഉദ്യോഗസ്ഥ തലത്തില്‍ മാത്രമല്ല; കൊവിഡ് പ്രതിരോധത്തിന്റെ മറവില്‍ വന്‍ കൊള്ളയെന്ന് പിസി വിഷ്ണുനാഥ്
X

കൊവിഡ് പ്രതിരോധത്തിന്റെ മറവില്‍ നടന്നത് വന്‍ കൊള്ളയെന്ന ആരോപണവുമായി പിസി വിഷ്ണുനാഥ് എംഎല്‍എ. നിയമസഭയില്‍ വിഷയം ഉന്നയിച്ചിട്ടും ആരോഗ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങിയതില്‍ വലിയ കൊള്ളയാണ് ഉണ്ടായതെന്നും എംഎല്‍എ ആരോപിച്ചു.

'കെറോണ്‍ എന്ന കമ്പനിയില്‍ നിന്ന് 500 രൂപ വച്ച് പി പി ഇ കിറ്റ് വാങ്ങാന്‍ ധാരണയായി. സാന്‍ഫാര്‍മ എന്ന കമ്പനിക്ക് 1500 രൂപ നിരക്കു വച്ചു നല്‍കുകയും ചെയ്തു. ഒരേ കാലഘട്ടത്തിലാണ് ഈ വ്യത്യസ്ത നിരക്ക് ക്വാട്ട് ചെയ്തത്. ഓര്‍ഡര്‍ നല്‍കിയ സാന്‍ ഫാര്‍മ കമ്പനി നിലവില്‍ ഇല്ല. ഒരുദിവസം കൊണ്ടാണ് ഓര്‍ഡര്‍ നല്‍കിയത്. അഗ്രേറ്റ ഏവിയോണ്‍ ഒരു കോടി ഗ്ലൗസ് ഓര്‍ഡര്‍ നല്‍കി'. ഏഴ് രൂപയ്ക് ഇവിടെ ലഭ്യമായതാണ് 12 രൂപയ്ക്കാണ് പുറത്ത് നിന്ന് വാങ്ങാന്‍ തീരുമാനിച്ചതെന്നും വിഷ്ണുനാഥ് പറഞ്ഞു.

'എടുക്കാത്തതിനും കാശ് കൊടുക്കാന്‍ ഫയലില്‍നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് നിലവിലെ ആരോഗ്യ മന്ത്രി ഇടപെട്ട് തടഞ്ഞു. സര്‍ക്കാര്‍ ഉത്തരവ് ഉള്ളപ്പോഴാണ് ഇത് മറികടന്ന് വില കൂടിയ സാധനങ്ങള്‍ വാങ്ങുന്നത്. ലാഘവത്തോടു കൂടിയാണ് കരാര്‍ നല്‍കിയത്. തട്ടിക്കൂട്ട് കമ്പനിയില്‍ നിന്നാണ് സാധനങ്ങള്‍ വാങ്ങിയത്. സ്റ്റോര്‍ പര്‍ച്ചേസ് മാനുവലിലെ ഇളവ് മറയാക്കിയാണ് കൊള്ള'. ഉദ്യോഗസ്ഥ തലത്തില്‍ മാത്രമല്ല അഴിമതി നടന്നതെന്നും തൃശൂര്‍ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥന്റെ അച്ഛന്റെ പേരിലുള്ള കമ്പനിക്കും കോടികളുടെ ഓര്‍ഡര്‍ നല്‍കിയെന്നും പിസി വിഷ്ണുനാഥ് ആരോപിച്ചു.

സമഗ്രമായ അന്വേഷണം പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും മന്ത്രിയുടെ ഭാഗത്ത് നിന്ന് മറുപടി ഇല്ല. ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ ഗുണനിലവാരമില്ലായ്മ ചൂണ്ടിക്കാട്ടിയിരുന്നു. ഗ്ലൗസിന്റെ ഗുണനിലവാരത്തിലാണ് വ്യാപക പരാതിയെന്നും വിഷ്ണുനാഥ് കുറ്റപ്പെടുത്തി.

STORY HIGHLIGHTS: 'Corruption is not just at the official level'; PC Vishnunath says big robbery under the guise of Covid defense

Next Story