Top

ചോറും സാമ്പാറും, വൈകീട്ട് ചപ്പാത്തി, വായിക്കാൻ മാ​ഗസിനുകളും; പിസി ജോർജ് ജയിലിൽ ഒരു രാത്രി പിന്നിട്ടു

27 May 2022 3:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചോറും സാമ്പാറും, വൈകീട്ട് ചപ്പാത്തി, വായിക്കാൻ മാ​ഗസിനുകളും; പിസി ജോർജ് ജയിലിൽ ഒരു രാത്രി പിന്നിട്ടു
X

തിരുവനന്തപുരം: മതവിദ്വേഷ പ്രസം​ഗത്തിലെടുത്ത കേസിൽ കോടതി റിമാൻഡ് ചെയ്ത പിസി ജോർജ് പൂജപ്പുര ജയിലിൽ ഒരു രാത്രി പിന്നിട്ടു. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇദ്ദേഹത്തെ സെൻട്രൽ ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റിയത്. ആരോ​ഗ്യ കാരണങ്ങളെ തുടർന്നാണ് ഈ മാറ്റം. ആദ്യം ജില്ലാ ജയിലിലേക്കായിരുന്നു പിസി ജോർജിനെ എത്തിച്ചത്. ജയിലിൽ മറ്റ് തടവുകാർക്ക് നൽകുന്ന ഭക്ഷണം തന്നെയാണ് പിസി ജോർജിനും നൽകിയത്. ചോറ്, സാമ്പാർ, അവിയൽ, തെെര് എന്നിവയായിരുന്നു ഉച്ച ഭക്ഷണം. വൈകീട്ട് ചായ നൽകിയ ശേഷം പൂജപ്പുര സെൻട്രൽ ജയിലിൽ മെഡിക്കൽ സെല്ലിലേക്ക് മാറ്റി.

മെഡിക്കൽ ഓഫീസർ അദ്ദേഹത്തെ പരിശോധിച്ചു. ഉറങ്ങുമ്പോൾ ശ്വാസ തടസ്സം ഉണ്ടാകാതിരിക്കുന്നതിനുള്ള ഓക്സിജൻ മാസ്ക് ഉപയോ​ഗിക്കാൻ ജോർജിന് അനുമതി നൽകിയിട്ടുണ്ട്. ജയിലിൽ വായിക്കാൻ മാ​ഗസിനുകൾ നൽകിയിട്ടുണ്ട്. വൈകുന്നേരം ചപ്പാത്തിയും വെജിറ്റബിൾ കറിയുമായിരുന്നു ഭക്ഷണം. പിസി ജോർജ് നൽകിയ ജാമ്യ ഹർജി ഉൾപ്പടെ മൂന്ന് ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ നടത്തിയ വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട് ജാമ്യം റദ്ദാക്കിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത റിവിഷൻ ഹർജിയാണ് രാവിലെ പത്തേകാലിന് ആദ്യം പരിഗണിക്കുക. ഇതേ കേസിൽ ജോർജിന്‍റെ ജാമ്യാപേക്ഷയും വെണ്ണല കേസിലെ മുൻകൂർ ജാമ്യ ഹർജിയും മറ്റൊരു ബഞ്ച് ഉച്ചയ്ക്ക് പരിഗണിക്കും. അതേസമയം ജാമ്യവ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നും വഞ്ചിയൂർ കോടതിയുടെ ഉത്തരവ് നിയമപരമായി നിലനിൽക്കില്ല എന്നുമാണ് ജോർജ് ഉയർത്തുന്ന വാദം.

പിസി ജോർജിനെ കസ്റ്റഡ‍ിയിൽ വേണമെന്ന ആവശ്യമാണ് പ്രോസിക്യൂഷൻ പ്രധാനമായും മുന്നോട്ട് വയ്ക്കുന്നത്. കേസിൽ വീഡിയോ അടക്കമുള്ള തെളിവുകൾ കൈവശമുള്ളപ്പോൾ എന്തിനാണ് പ്രതിയെ കസ്റ്റഡിയിൽ വെക്കുന്നതെന്ന ഹൈക്കോടതിയുടെ ചോദ്യത്തിലെ സർക്കാർ മറുപടിയും ഇതിൽ നിർണായകമാകും. തിരുവനന്തപുരം ഹിന്ദുമഹാ സമ്മേളനത്തിൽ നടത്തിയ വിവാദ പ്രസംഗത്തിൽ കോടതി നൽകിയ ജാമ്യ ഉപാധികൾ ലംഘിച്ചതിന് കഴിഞ്ഞദിവസമാണ് പിസി ജോർജിന് നൽകിയ ജാമ്യം കോടതി റദ്ദാക്കിയത്. ഇതിനെത്തുടർന്ന് കൊച്ചിയിൽ അറസ്റ്റ് ചെയ്ത ജോർജിനെ അർദ്ധ രാത്രി തന്നെ പൊലീസ് തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. കനത്ത സുരക്ഷയിൽ ജഡ്ജിയുടെ ചേംബറിൽ ഇന്നലെ രാവിലെ ഹാജരാക്കിയ ജോർജിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.

Story Highlight: PC George's first day in poojappura central jail

Next Story