Top

കോണ്‍ഗ്രസിന് 'കമ്മ്യൂണിസ്റ്റ് വിരുദ്ധ ഫോബിയ'; കെവി തോമസിനെ എന്‍സിപിയിലേക്ക് ക്ഷണിച്ച് പിസി ചാക്കോ

കോണ്‍ഗ്രസിന്റെ വിലക്ക് ലംഘിച്ച് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് കെവി തോമസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എന്‍സിപിയിലേക്കുള്ള പിസി ചാക്കോയുടെ ശ്രമം

7 April 2022 7:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസിന് കമ്മ്യൂണിസ്റ്റ് വിരുദ്ധ ഫോബിയ; കെവി തോമസിനെ എന്‍സിപിയിലേക്ക് ക്ഷണിച്ച് പിസി ചാക്കോ
X

തിരുവനന്തപുരം: കെവി തോമസിനെ എന്‍സിപിയിലേക്ക് ക്ഷണിച്ച് പിസി ചാക്കോ. വിഷയം വിശാല അര്‍ത്ഥത്തില്‍ കാണണം. കോണ്‍ഗ്രസ് നേതൃത്വത്തിന് കമ്മ്യൂണിസ്റ്റ് വിരുദ്ധ ഫോബിയ ബാധിച്ചിരിക്കുകയാണെന്നും പിസി ചാക്കോ കുറ്റപ്പെടുത്തി. സമാന തീരുമാനം എടുക്കാന്‍ ശശി തരൂരിന് കഴിഞ്ഞില്ലെന്നും പിസി ചാക്കോ പറഞ്ഞു.

കോണ്‍ഗ്രസിന്റെ വിലക്ക് ലംഘിച്ച് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് കെവി തോമസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എന്‍സിപിയിലേക്കുള്ള പിസി ചാക്കോയുടെ ശ്രമം. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിന്റെ പേരില്‍ കെവി തോമസിന് കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോവേണ്ടിവന്നാല്‍ അദ്ദേഹത്തിന് രാഷ്ട്രീയ അഭയം നല്‍കുമെന്ന തരത്തില്‍ സിപിഐഎം നേതാക്കള്‍ നേരത്തെ തന്നെ നിലപാട് അറിയിച്ചിരുന്നു. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍, പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി, മുതിര്‍ന്ന നേതാവ് ഇപി ജയരാജന്‍ എന്നിവരാണ് വിഷയത്തില്‍ പരസ്യമായി നിലപാട് എടുത്തത്. കെവി തോമസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന്റെ പേരില്‍ വഴിയാധാരമാവില്ലെന്നാണ് സിപിഐഎം നല്‍കിയ വാഗ്ദാനം.

സെമിനാറില്‍ പങ്കെടുത്താല്‍ കെവി തോമസ് ദുഃഖിക്കേണ്ടി വരില്ലെന്നാണ് എംഎ ബേബി നടത്തിയ പ്രതികരണം. കോണ്‍ഗ്രസ് നടപടിയെടുത്താല്‍ കെ വി തോമസിനെ സിപിഐഎം സംരക്ഷിക്കും എന്ന സൂചനകൂടിയാണയിരുന്നു എംഎ ബേബി നല്‍കിയത്. സിപിഐഎമ്മിനോട് സഹകരിക്കുന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നതാണ് പാര്‍ട്ടിയുടെ ചരിത്രം എന്നും എംഎ ബേബി വ്യക്തമാക്കുന്നു. എന്നാല്‍, കെവി തോമസ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ടാലും വഴിയാധാരമാവില്ലെന്നും എംവി ജയരാജനും വ്യക്തമാക്കിയിരുന്നു. കാലിക പ്രസക്തിയുള്ളതാണ് പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാര്‍ മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലുമാണ് അദ്ദേഹത്തെ ക്ഷണിച്ചത് എന്നും എംവി ജയരാജന്‍ ചുണ്ടിക്കാട്ടിയിരുന്നു.

Next Story