Top

'ഒരു വാര്‍ഡില്‍ പോലും ജയിക്കാനാകാത്ത പാര്‍ട്ടി'; സിപിഐഎം തിരുവനന്തപുരം സമ്മേളനത്തില്‍ സിപിഐക്ക് വിമര്‍ശനം

സിപിഐഎമ്മിനെ തോല്‍പ്പിക്കാന്‍ ആകുമെന്ന വിശ്വാസത്തിലാണ് അവരെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട്

14 Jan 2022 1:58 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരു വാര്‍ഡില്‍ പോലും ജയിക്കാനാകാത്ത പാര്‍ട്ടി; സിപിഐഎം തിരുവനന്തപുരം സമ്മേളനത്തില്‍ സിപിഐക്ക് വിമര്‍ശനം
X

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സിപിഐക്ക് നേരെ രൂക്ഷ വിമര്‍ശനം. ജില്ലയിലെ ഒരു പഞ്ചായത്ത് വാര്‍ഡില്‍ പോലും ജയിക്കാനാകാത്ത പാര്‍ട്ടിയാണ് സിപിഐയെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. എന്നാല്‍ സിപിഐഎമ്മിനെ തോല്‍പ്പിക്കാന്‍ ആകുമെന്ന വിശ്വാസത്തിലാണ് അവരെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.

പാര്‍ട്ടി ശക്തികേന്ദ്രങ്ങളായ ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളില്‍ ബിജെപി വളരുകയാണെന്നും ബിജെപി ഭീഷണി അവഗണിക്കരുതെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയത് ഗൗരവത്തിലെടുക്കണമെന്നും ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. പാര്‍ട്ടി അനുഭാവി കുടുംബങ്ങള്‍ ബിജെപിയിലേക്ക് പോകുന്നുണ്ടോ എന്ന് പരിശോധിക്കണം. ജാതിസംഘടനകളെ ഉപയോഗിച്ച് പാര്‍ട്ടിയുടെ പരമ്പരാഗത മേഖലകളിലേക്ക് കടന്നുകയറാനുള്ള ബിജെപിയുടെ ശ്രമം തടയണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. പിഎസ്.സി കോപ്പിയടി വിവാദവും, തിരുവനന്തപുരം നഗരസഭയിലെ നികുതിവെട്ടിപ്പും പാര്‍ട്ടിക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. ദത്ത് കേസിലെ ജില്ലാ നേതൃത്വത്തിന്റെ സമീപനം ശരിയായിരുന്നോ എന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പാര്‍ട്ടി ശക്തികേന്ദ്രങ്ങളിലെ ബിജെപിയുടെ വളര്‍ച്ചയില്‍ ജാഗ്രത വേണം. വിഭാഗീയത ഇല്ലാതാക്കിയെങ്കിലും ചിലര്‍ തുരുത്തുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഫേസ്ബുക്കില്‍ ആളെ കൂട്ടലല്ല സംഘടനാ പ്രവര്‍ത്തനമെന്നും, ഫേസ്ബുക്ക് വ്യക്തി ആരാധനയ്ക്ക് ഉപയോഗിക്കരുതെന്നും പിണറായി വിജയന്‍ പറഞ്ഞു

Next Story