Top

'നിയന്ത്രിക്കാന്‍ കഴിയാത്ത സ്പീഡിലായിരുന്നു, ഇടിച്ച് ദൂരെപോയി കുഴിയിലേക്ക് വീണു'; അപകടത്തിന്റെ ഞെട്ടലില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍

'ഇടിച്ച് ദൂരെ കുഴിയിലേക്ക് മറിഞ്ഞു. അപകടശബ്ദം കേട്ട് വന്നവര്‍ ആദ്യം കെഎസ്ആര്‍ടിസി ബസ് മാത്രമാണ് കണ്ടത്'

6 Oct 2022 1:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിയന്ത്രിക്കാന്‍ കഴിയാത്ത സ്പീഡിലായിരുന്നു, ഇടിച്ച് ദൂരെപോയി കുഴിയിലേക്ക് വീണു; അപകടത്തിന്റെ ഞെട്ടലില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍
X

പാലക്കാട്: വടക്കഞ്ചേരിയില്‍ ഒമ്പത് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ കാരണം ടൂറിസ്റ്റ് ബസിന്റെ അമിത വേഗമെന്ന് റിപ്പോര്‍ട്ട്. അമിത വേഗതയിലെത്തിയ ബസ് വലതുഭാഗത്ത് പിന്നില്‍ വന്നിടിക്കുകയായിരുന്നുവെന്ന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ പറഞ്ഞു. പെട്ടെന്ന് പിന്നിലുണ്ടായ ഇടിയില്‍ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ ഏറെ സമയമെടുത്തു. പെട്ടെന്ന് ബ്രേക്ക് പിടിച്ച് കെഎസ്ആര്‍ടിസി ബസ് നിര്‍ത്തുകയായിരുന്നുവെന്നും ഡ്രൈവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

'നിയന്ത്രിക്കാന്‍ കഴിയാത്ത സ്പീഡിലായിരുന്നു അവര്‍ വന്നത്. അത്രയും സ്പീഡായിരുന്നു. ഞങ്ങളെ ഇടിച്ച് ദൂരെ കുഴിയിലേക്ക് മറിഞ്ഞു. അപകടശബ്ദം കേട്ട് വന്നവര്‍ ആദ്യം കെഎസ്ആര്‍ടിസി ബസ് മാത്രമാണ് കണ്ടത്. എല്ലാവരും അതിലെ ആളുകളെ രക്ഷപ്പെടുത്തുകയാണ് ചെയ്തത്. പിന്നീട് കുട്ടികളുടെ നിലവിളിയെല്ലാം കേട്ട് പോയി നോക്കുമ്പോഴാണ് ടൂറിസ്റ്റ് ബസ് കണ്ടത്', ഡ്രൈവര്‍ പറഞ്ഞു.

അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് മറ്റ് വാഹനങ്ങള്‍ക്കും ഭീതിയുണ്ടാക്കിയാണ് അവിടേക്ക് എത്തിയതെന്ന് ദൃക്‌സാക്ഷികളും പ്രതികരിച്ചു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചത്. ക്രെയിന്‍ ഉപയോഗിച്ച് ടൂറിസ്റ്റ് ബസ് ഉയര്‍ത്തിയാണ് കുട്ടികളെ പുറത്തെടുത്തത്.

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ കുട്ടികളുടെ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. കൊട്ടാരക്കര- കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്.

Story HIghlights: Palakkad Bus Accident Tourist Bus Was In Over Speed Says KSRTC Driver

Next Story