Top

'പഞ്ചായത്ത് ഓഫീസിലെ ബാത്ത്‌റൂം ഉദ്ഘാടനം ചെയ്യുന്ന എംപിയാണ് രാഹുല്‍'; എന്താണ് ചെയ്യുന്നതെന്ന് അയാള്‍ക്കും അറിയില്ലെന്ന് സിപിഐഎം

''ആരാണ് സിദ്ദിഖ് എന്ന് എല്ലാവര്‍ക്കും കൃത്യമായിട്ട് അറിയാം. മരുഭൂമിയിലെ കഥയെല്ലാം അറിയാം.''

26 Jun 2022 1:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പഞ്ചായത്ത് ഓഫീസിലെ ബാത്ത്‌റൂം ഉദ്ഘാടനം ചെയ്യുന്ന എംപിയാണ് രാഹുല്‍; എന്താണ് ചെയ്യുന്നതെന്ന് അയാള്‍ക്കും അറിയില്ലെന്ന് സിപിഐഎം
X

വയനാട്ടില്‍ വന്നാല്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് രാഹുല്‍ ഗാന്ധി എംപിക്ക് അറിയില്ലെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്‍. വയനാടിനെക്കുറിച്ച് രാഹുലിന് ഒന്നും അറിയില്ല. മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ പഞ്ചായത്ത് ഓഫീസിലെ ബാത്ത്‌റൂം ഉദ്ഘാടനം ചെയ്യുന്ന എംപിയാണ് രാഹുലെന്നും ഗഗാറിന്‍ പറഞ്ഞു. കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിലാണ് ഗഗാറിന്‍ ഇക്കാര്യം പറഞ്ഞത്.

പി ഗഗാറിന്‍ പറഞ്ഞത്: ''പിന്നെ രാഹുല്‍ ഗാന്ധി എന്താണ് ഈ നാടിനെക്കുറിച്ച് മനസിലാക്കിയത്. എന്തെങ്കിലും മനസിലാക്കിയ ആളാണെങ്കില്‍ തരിയോട് പഞ്ചായത്ത് ഓഫീസില്‍ പ്രസിഡന്റിനും അംഗങ്ങള്‍ക്കും ബാത്ത് റൂമായി ഉണ്ടാക്കിയ റൂം ഉദ്ഘാടനം ചെയ്യാന്‍ പോകുമോ. ഇത് ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന എംപിയാണ് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ വന്നിട്ട് എന്താണ് ചെയ്യുന്നതെന്ന് അയാള്‍ക്കും അറിയില്ല. എംപിയെന്ന നിലയില്‍ ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഇടപെടണം. ഇതാണ് എസ്എഫ്‌ഐ പറഞ്ഞത്. ഇപ്പോള്‍ വാര്‍ത്ത വന്നു. എംപി ഇടപ്പെട്ടു. എസ്എഫ്‌ഐ സമരം ചെയ്ത ദിവസം രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. എസ്എഫ്‌ഐ കുട്ടികള്‍ വിജയിച്ചു.''

ടി സിദ്ദിഖ് എംഎല്‍എക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ഗഗാറിന്‍ നടത്തിയത്. സിപിഐഎമ്മിനെ രാഷ്ട്രീയം പഠിപ്പിക്കാന്‍ സിദ്ദിഖ് വരേണ്ടെന്നും മര്യാദയ്ക്ക് എംഎല്‍എയുടെ പണിയെടുത്ത് നടന്നാല്‍ മതിയെന്നും ഗഗാറിന്‍ പറഞ്ഞു. വയനാട്ടിലെ കോണ്‍ഗ്രസ് നേതൃത്വത്തെ ഇല്ലാതാക്കാനാണ് സിദ്ദിഖ് ശ്രമിക്കുന്നതെന്നും ഇക്കാര്യം കോണ്‍ഗ്രസുകാര്‍ മനസിലാക്കണമെന്നും ഗഗാറിന്‍ ആവശ്യപ്പെട്ടു.

ഗഗാറിന്‍ പറഞ്ഞത്: ''എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നാണ് ടി സിദ്ദിഖ് പറഞ്ഞത്. അല്ലെങ്കില്‍ സിദ്ദിഖ് എന്ത് ഞൊട്ട കാണിക്കാനാണ്. കോഴിക്കോട് നിന്ന് സിദ്ദിഖ് ഇവിടെ വന്നിട്ട് എംഎല്‍എയായി കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പഠിപ്പിക്കാനാണോ നോക്കുന്നത്. ആരാണ് സിദ്ദിഖ് എന്ന് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും കൃത്യമായിട്ട് അറിയാം. മരുഭൂമിയിലെ കഥയെല്ലാം ഞങ്ങള്‍ക്ക് അറിയാം. ആ സിദ്ദിഖ് ഞങ്ങളെ രാഷ്ട്രീയം പഠിപ്പിക്കാന്‍ വരേണ്ട. മര്യാദയ്ക്ക് എംഎല്‍എയുടെ പണിയെടുത്ത് നടന്നോ. അതിനെ ഞങ്ങള്‍ പിന്തുണയ്ക്കും. എംഎല്‍എയുടെ പണിയെടുക്കാനും ഇതുവരെ പഠിച്ചിട്ടില്ല. അതും ഞങ്ങള്‍ പഠിപ്പിച്ച് തരാം. ഒരു കൊല്ലം കഴിഞ്ഞിട്ടും ഒരു ചുക്കും ചെയ്തിട്ടില്ല. എന്നിട്ട് ഞങ്ങളെ പഠിപ്പിക്കാന്‍ വരുകയാണ്. വയനാട്ടിലെ കോണ്‍ഗ്രസ് നേതൃത്വത്തെ ഇല്ലാതാക്കാനാണ് സിദ്ദിഖ് ശ്രമിക്കുന്നത്. ഇത് കോണ്‍ഗ്രസുകാര്‍ മനസിലാക്കിയാല്‍ നല്ലത്.''

സിപിഐഎം കൊടി നശിപ്പിക്കുന്നവര്‍ക്കെതിരെയും ഗഗാറിന്‍ രംഗത്തെത്തി. സിപിഐഎം കൊടി കീറിയാല്‍ ആ കീറിയവനെ കീറാനും തങ്ങള്‍ക്ക് അറിയാമെന്ന് ഗഗാറിന്‍ പറഞ്ഞു.

''കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. നിങ്ങള്‍ ഞങ്ങളുടെ കൊടി കീറി. പകരം കീറാന്‍ അറിയാഞ്ഞിട്ടല്ല. കീറിയവനെ കീറാനും ഞങ്ങള്‍ക്ക് അറിയാം. പണ്ട് ലീഗും കുറെ കൊടി കീറല്‍ നടത്തിയതാണ്. പിന്നൊരു ദിവസം നോക്കുമ്പോള്‍ ലീഗിന്റെ കൊടിയുമില്ല, കൊടി മരവുമില്ല. അന്ന് നിര്‍ത്തിയതാണ് അവര്‍. ഇത് കോണ്‍ഗ്രസിന്റെ പൊട്ടന്‍മാര്‍ക്ക് മനസിലായിട്ടില്ലെങ്കില്‍, നന്നാക്കി മനസിലാക്കി കൊടുക്കാനുള്ള കെല്‍പ്പുള്ള പ്രസ്ഥാനം വയനാട്ടിലുണ്ടെന്ന് ഇവിടത്തെ ഞൊട്ട കോണ്‍ഗ്രസുകാര്‍ക്ക് ശക്തമായ താക്കീതായി പറയുകയാണ്. ഇതില്‍ യാതൊരു സംശയവും വേണ്ട.''

''സെമി കേഡര്‍മാര്‍ വിമാനത്തില്‍ കയറി മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ പോയതാണ്. ഇപി ജയരാജന് 70 വയസ് കഴിഞ്ഞു. ഒറ്റ അടിയാണ്, രണ്ടെണ്ണമാണ് നിലത്ത്. ഇതാണ് സുധാകരാ നിന്റെ സെമികേഡര്‍. 70 വയസ് കഴിഞ്ഞ ഞങ്ങടെ കേന്ദ്രകമ്മിറ്റി അംഗം ഒന്ന് ആഞ്ഞടിച്ചപ്പോള്‍ നിലത്ത് വീണ കേഡറാണ് നിന്റെ കേഡറെന്ന് മനസിലാക്കിക്കോ.''-ഗഗാറിന്‍ പറഞ്ഞു.




Next Story