Top

പഞ്ചവാദ്യവും നൃത്തശിൽപവും; ഓണത്തെ വരവേറ്റ് തേക്കിൻകാട് മൈതാനം

റവന്യുമന്ത്രി കെ രാജൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു

8 Sep 2022 4:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പഞ്ചവാദ്യവും നൃത്തശിൽപവും; ഓണത്തെ വരവേറ്റ് തേക്കിൻകാട് മൈതാനം
X

തൃശൂർ: കൊവിഡും പ്രളയവും കവര്‍ന്ന രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമെത്തിയ ഓണത്തെ വരവേറ്റ് തൃശൂർ തേക്കിൻകാട് മൈതാനം. അലങ്കാര ദീപങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ആഘോഷ പരിപാടികളാണ് ഉത്രാടപ്പാച്ചിലിലും നഗരത്തിലെത്തിലെത്തിയ

ആയിരങ്ങളെ വരവേറ്റത്. കേരള കലാമണ്ഡലത്തിന്റെ നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് പഞ്ചവാദ്യത്താൽ മേളപ്പെരുക്കം തീർത്തത്.ഡിടിപിസിക്കൊപ്പം ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും തൃശൂര്‍ കോര്‍പറേഷനും സംയുക്തമായാണ് തൃശൂർ തേക്കിൻകാട് ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നല്‍കുന്നത്.

കേരളീയ പാരമ്പര്യത്തിന്റെ തനിമ വിളിച്ചോതിയ കലാമണ്ഡലം സംഘത്തിന്റെ എന്റെ കേരളം നൃത്ത ശിൽപവും കാണികളുടെ മനം നിറച്ചു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കഥകളി തുടങ്ങിയ നൃത്തരൂപങ്ങൾ ഒരുമിച്ച് അണിനിരത്തിയാണ് കേരള കലാമണ്ഡലത്തിന്റെ നേതൃത്വത്തിൽ നൃത്തശിൽപം അവതരിപ്പിച്ചത്. തുടർന്ന് നന്ദകിഷോർ അവതരിപ്പിച്ച വൺമാൻ കോമഡി ഷോയും ആൽമരം മ്യൂസിക് ബാന്റ് ഒരുക്കിയ സംഗീത വിരുന്നുമുണ്ടായിരുന്നു. സെപ്റ്റംബര്‍ 11 വരെ നീണ്ടുനില്‍ക്കുന്ന വിവിധ നൃത്ത, കലാ, സംഗീത, സാംസ്‌കാരിക പരിപാടികളും ഓണാഘോഷത്തിൻ്റെ ഭാഗമായി നടക്കും.

റവന്യുമന്ത്രി കെ രാജൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ:ആർ ബിന്ദു മുഖ്യാതിഥിയായി. എംഎൽഎമാർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജന പ്രതിനിധികൾ ജില്ല കലക്ടർ തുടങ്ങിയവർ പങ്കെടുത്തു. വിവിധ ദിവസങ്ങളിലായി പ്രമുഖരുടെ നേതൃത്വത്തില്‍ കലാവതരണങ്ങൾ രംഗത്തെത്തും. കൊച്ചിന്‍ ഹീറോസിന്റെ മെഗാഷോ, ജയരാജ് വാര്യരും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റ്, തൈവമക്കള്‍ അവതരിപ്പിക്കുന്ന നാടന്‍പാട്ട്, ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തം തുടങ്ങിയ പരിപാടികള്‍ ആഘോഷങ്ങളുടെ ഭാഗമായി അരങ്ങിലെത്തും. സമാപന ദിവസമായ സെപ്റ്റംബര്‍ 11ന് തൃശൂരിന്റെ പൈതൃക കലാരൂപമായ പുലിക്കളി സംഘടിപ്പിക്കും.

STORY HIGHLIGHTS: Onam clebration at thekkinkadu in thrissur

Next Story