Top

'കറുത്ത മാസ്‌ക് പോലും വിലക്കുന്നത് ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ല'; തനിക്കെതിരെ കല്ലേറ് വരെയുണ്ടായില്ലേയെന്ന് ഉമ്മന്‍ചാണ്ടി

താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒരു സുരക്ഷയും ഉണ്ടായിരുന്നില്ല. ഇടതുപക്ഷത്തിന്റെ വഴിവിട്ട പ്രതിഷേധമായിരുന്നു.

12 Jun 2022 6:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കറുത്ത മാസ്‌ക് പോലും വിലക്കുന്നത് ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ല; തനിക്കെതിരെ കല്ലേറ് വരെയുണ്ടായില്ലേയെന്ന് ഉമ്മന്‍ചാണ്ടി
X

കൊച്ചി: കറുത്ത മാസ്‌ക് പോലും വിലക്കുന്നത് ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്.മുഖ്യമന്ത്രിയുടെ സുരക്ഷ പ്രധാനമാണ്. മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് തടസമുണ്ടാവരുതെന്നതും പ്രധാനപ്പെട്ടതാണ്. അതെല്ലാം പൊലീസ് ശ്രദ്ധിച്ചേ പറ്റൂ. പക്ഷേ മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗത്തില്‍ കരിങ്കൊടി കാട്ടാന്‍ പാടില്ല, കറുത്ത മാസ്‌കും കറുത്ത ഉടപ്പും ഉപയോഗിക്കാന്‍ പാടില്ലയെന്നൊന്നും പറയുന്നത് ജനാധിപത്യ സമൂഹത്തില്‍ ഭൂഷണമല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒരു സുരക്ഷയും ഉണ്ടായിരുന്നില്ല. ഇടതുപക്ഷത്തിന്റെ വഴിവിട്ട പ്രതിഷേധമായിരുന്നു.തനിക്കെതിരെ കല്ലേറ് വരെയുണ്ടായില്ലേ. അത്തരമൊരു സാഹചര്യം ഇപ്പോള്‍ ഇല്ല. സുരക്ഷ തുടരണമോയെന്നതെല്ലാം തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിചേര്‍ത്തു.

അതേസമയം മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവരെ കറുത്ത മാസ്‌ക് ധരിക്കുന്നതില്‍ നിന്നും വിലക്കിയ പൊലീസ് നടപടിയെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ രംഗത്തെത്തി. കറുത്ത് മാസ്‌ക് തന്നെ ധരിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണെന്നും കറുത്ത ഷര്‍ട്ട് ധരിച്ചാണോ എല്ലായിടത്തും പോകുന്നതെന്നും ഇ പി ജയരാജന്‍ ചോദിച്ചു.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ കറുത്ത വസ്ത്രം ധരിച്ച ട്രാന്‍സ്‌ജെന്റര്‍ വ്യക്തികളെ കസ്റ്റഡിയിലെടുത്ത നടപടിയേയും ജയരാജന്‍ ന്യായീകരിച്ചു. ട്രാന്‍സ്‌ജെന്റര്‍മര്‍ പാവങ്ങളാണ്. അവരെ ബിജെപി കൊണ്ടുവന്നതാണ്. ആര്‍എസ്എസ് ട്രാന്‍സ്‌ജെന്റേഴ്‌സിനോട് ക്രൂരത കാണിക്കുകയാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എല്‍ഡിഎഫ് ആയിരുന്നു പ്രതിപക്ഷത്ത്. ഇന്ന് എല്‍ഡിഎഫ് അക്രമം കാട്ടിയിട്ടില്ലെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.

അതിനിടെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ഇന്നും കറുത്ത മാസ്‌ക് ധരിക്കാന്‍ വിലക്കേര്‍പ്പെടുത്തി. തവനൂരില്‍ കറുത്ത മാസ്‌ക് ധരിച്ച് സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനത്തിനെത്തിയവരെ പൊലീസ് തടഞ്ഞു. കറുത്ത മാസ്‌കിന് പകരം ഇവര്‍ക്ക് മഞ്ഞ മാസ്‌ക് നല്‍കി. ഇന്നലെയും മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്‌ക് വിലക്കിയിരുന്നു.

Next Story