ലൈഫ് മിഷന്‍ വഴി ലഭിച്ച വീട് വാസയോഗ്യമല്ലാതാക്കി, പണം തട്ടി; വെള്ളനാട് മുൻ കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ കേസ്

കമ്പനിമുക്ക് സ്വദേശിയായ പ്രശാന്തിയുടെ പരാതിയിലാണ് നടപടി

dot image

തിരുവനന്തപുരം: ലൈഫ് മിഷന്‍ വഴി ലഭിച്ച വീട് വാസയോഗ്യമല്ലാതാക്കിയെന്ന ദളിത് യുവതിയുടെ പരാതിയില്‍ മുന്‍ പഞ്ചായത്ത് അംഗത്തിനെതിരെ കേസെടുത്തു. മുൻ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കൂടിയായ സത്യനേശനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ആര്യനാട് പൊലീസ് കേസെടുത്തത്. കമ്പനിമുക്ക് സ്വദേശിയായ പ്രശാന്തിയുടെ പരാതിയിലാണ് നടപടി.

2022-23 സാമ്പത്തിക വര്‍ഷമാണ് പിഎംഎവൈ പദ്ധതി പ്രകാരം പ്രശാന്തിക്ക് പണം ലഭിച്ചത്. വീടിന്റെ പണി പൂര്‍ത്തിയാക്കാമെന്ന് പറഞ്ഞ് സത്യനേശന്‍ പണം വാങ്ങിയെങ്കിലും വീട് വാസയോഗ്യമല്ലാതാക്കിയെന്നാണ് പ്രശാന്തി ആരോപിക്കുന്നത്. മകള്‍ക്ക് ബിഎസ്‌സി നഴ്‌സിംഗ് അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയ സുരേഷ് എന്നയാള്‍ക്കെതിരെയും കേസെടുത്തു. സത്യനേശനാണ് പ്രശാന്തിയുടെ കുടുംബത്തിന് സുരേഷിനെ പരിചയപ്പെടുത്തിയത്. വീട് അനിശ്ചിതത്വത്തിലായതോടെ മൂന്നുമക്കളോടൊപ്പം പ്രശാന്തി ഒറ്റമുറി വീട്ടിലാണ് താമസിക്കുന്നത്.

'വീടിന്റെ പണി ചെയ്തുതരാമെന്നാണ് സത്യനേശന്‍ പറഞ്ഞത്. ബേസ്മെന്റ് ഉയര്‍ത്തി കെട്ടാന്‍ തയ്യാറായില്ല. മകളുടെ സ്വര്‍ണം പണയംവെച്ച് 80,000 രൂപ കൊടുത്തു. എന്നിട്ടും പണി തുടങ്ങിയില്ല. ഓരോ ഗഡുക്കളായി ലഭിച്ച പണം മുഴുവന്‍ കൊടുത്തു. 4,59,000 രൂപയാണ് നല്‍കിയത്. വീട് താമസയോഗ്യമല്ലാതാക്കി മാറ്റി. തറ ഭൂനിരപ്പില്‍ നിന്ന് ഉയര്‍ത്തിയില്ല. പ്രധാന സ്ലാബ് വളഞ്ഞ നിലയിലാണുളളത്', എന്നാണ് പ്രശാന്തിയുടെ ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് സത്യനേശന്‍ രംഗത്തെത്തിയിരുന്നു. താന്‍ ആര്‍ക്കും വീട് വെച്ചുനല്‍കിയിട്ടില്ലെന്നും പണം വാങ്ങിയിട്ടില്ലെന്നുമാണ് സത്യനേശന്‍ പ്രതികരിച്ചത്. സാധനങ്ങള്‍ വാങ്ങുന്നതിനായി ഒരുലക്ഷം രൂപ പ്രശാന്തി നല്‍കിയെന്നും അവ വാങ്ങി നല്‍കിയെന്നും സത്യനേശന്‍ പറഞ്ഞു.

Content Highlights: Case against former panchayat member alleging Financial Fraud at Thiruvananthapuram

dot image
To advertise here,contact us
dot image